Connect with us

kifbi masala bond

മസാല ബോണ്ട്: തോമസ് ഐസക്കിനെതിരെ കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് മിനുട്‌സ് രേഖകള്‍ പുറത്തുവിട്ട് ഇ ഡി

മസാല ബോണ്ട് ഇറക്കിയതില്‍ തനിക്കു മാത്രമായി ഉത്തരവാദിത്തമില്ലെന്ന തോമസ് ഐസക്കിന്റെ വാദം പൊളിക്കാനാണ് ഇ ഡി മിനുട്‌സ് പുറത്തുവിട്ടതെന്നാണു വിവരം

Published

|

Last Updated

കൊച്ചി | മസാല ബോണ്ട് കേസില്‍ മുന്‍ മന്ത്രിയും സി പി എം നേതാവുമായ തോമസ് ഐസക്കിനെതിരെ തെളിവുകള്‍ പുറത്തു വിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). മസാല ബോണ്ട് ഇറക്കാനുള്ള തീരുമാനങ്ങള്‍ അംഗീകരിച്ചത് മുഖ്യമന്ത്രിയും തോമസ് ഐസക്കും പങ്കെടുത്ത യോഗത്തിലാണെന്നു തെളിയിക്കുന്ന കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ മിനുട്‌സ് രേഖകളാണ് ഇ ഡി പുറത്തുവിട്ടത്.

മസാല ബോണ്ട് ഇറക്കിയതില്‍ തനിക്കു മാത്രമായി ഉത്തരവാദിത്തമില്ലെന്ന തോമസ് ഐസക്കിന്റെ വാദം പൊളിക്കാനാണ് ഇ ഡി മിനുട്‌സ് പുറത്തുവിട്ടതെന്നാണു വിവരം. മസാല ബോണ്ടിറക്കാനുള്ള തീരുമാനമെടുത്ത ഡയറക്ടര്‍ ബോര്‍ഡില്‍ സംസ്ഥാന സര്‍ക്കാരിനു പുറത്തുള്ള ആളുകള്‍ ഉണ്ടായിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് യോഗം മസാല ബോണ്ടിറക്കുന്നതിന് ചുമതലപ്പെടുത്തിയത് മുഖ്യമന്ത്രിയെയും ധനമന്ത്രിയെയുമാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണു യോഗം ചേര്‍ന്നത്.

മസാല ബോണ്ട് റേറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഫിനാന്‍സ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ബോര്‍ഡ് യോഗത്തില്‍ ഉന്നയിച്ചിരുന്നു. ഇതു പരിഹരിക്കാന്‍ ചുമതലപ്പെടുത്തിയതും തോമസ് ഐസകിനെയായിരുന്നു. അതിനാല്‍ തന്നെ മസാല ബോണ്ടിറക്കിയതിലും അവസാനിപ്പിക്കുന്നതിലും നിര്‍ണായക റോള്‍ തോമസ് ഐസക് വഹിച്ചിരുന്നു എന്നു സ്ഥാപിക്കാനാണു രേഖകള്‍ പുറത്തുവിട്ടത്.

ഇക്കാര്യത്തില്‍ തനിക്കു മാത്രമായി പ്രത്യേക പങ്കില്ലെന്ന തോമസ് ഐസകിന്റെ വാദം തെറ്റാണെന്ന് എന്‍ഫോഴ്‌സ്‌ മെന്റ് പറയുന്നു. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നിശ്ചലമാക്കാന്‍ കിഫ്ബി മനപൂര്‍വം ശ്രമിക്കുന്നതായി ഇ ഡി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും കുറ്റപ്പെടുത്തിയിരുന്നു. പത്ത് മാസമായി കിഫ്ബിയടക്കം എതിര്‍കക്ഷികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ല. എതിര്‍ കക്ഷികള്‍ മനപൂര്‍വം നിസഹകരിക്കുകയാണ്. കേസില്‍ സമന്‍സ് അയക്കുന്നത് നടപടിക്രമം മാത്രമാണ്.

അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കിഫ്ബി അടക്കം ശ്രമിക്കുന്നത് ശരിയല്ല. സമന്‍സ് കിട്ടുന്നയാള്‍ കുറ്റക്കാരനാണെന്നോ അല്ലെന്നോ പ്രഥമദൃഷ്ട്യാ പറയാനാകില്ല. അന്വേഷണത്തിന്റെ ഭാഗമായുളള വിവര ശേഖരണത്തിനാണ് സമന്‍സ് നല്‍കുന്നത്. സഹകരിക്കേണ്ടത് ഉത്തരവാദിത്വമുള്ളവരുടെ ബാധ്യതയാണെന്നും ഇഡി പറയുന്നു. ഹൈക്കോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഇഡി സമന്‍സ് ചോദ്യം ചെയ്ത് കിഫ്ബി നല്‍കിയ ഹര്‍ജിയിലാണ് ഇ ഡിയുടെ മറുപടി.

Latest