Connect with us

Kerala

മാസപ്പിറവി: മുജാഹിദുകൾ മൂന്ന് തട്ടിൽ

പ്രബല മുജാഹിദ് വിഭാഗങ്ങളായ കെ എൻ എം, മർകസുദ്ദഅ്‌വ, വിസ്ഡം (ജിന്ന്) വിഭാഗങ്ങളാണ് മാസപ്പിറവിയുടെ കാര്യത്തിൽ വ്യത്യസ്ത നിലപാടുകളുമായി രംഗത്തുള്ളത്.

Published

|

Last Updated

കോഴിക്കോട് | മാസപ്പിറവി വിഷയത്തിൽ കൊമ്പുകോർത്ത് മുജാഹിദ് ഗ്രൂപ്പുകൾ. പ്രബല മുജാഹിദ് വിഭാഗങ്ങളായ കെ എൻ എം, മർകസുദ്ദഅ്‌വ, വിസ്ഡം (ജിന്ന്) വിഭാഗങ്ങളാണ് മാസപ്പിറവിയുടെ കാര്യത്തിൽ വ്യത്യസ്ത നിലപാടുകളുമായി രംഗത്തുള്ളത്. ടി പി അബ്ദുല്ലക്കോയ മദനി നേതൃത്വം നൽകുന്ന കേരള നദ്‌വത്തുൽ മുജാഹിദീന്റെ (കെ എൻ എം) നിലപാടനുസരിച്ച് റമസാൻ, ശവ്വാൽ, ദുൽഹിജ്ജ എന്നീ മൂന്ന് മാസങ്ങൾ മാത്രമാണ് മാസപ്പിറവി നോക്കി തീരുമാനമെടുക്കുന്നത്. ബാക്കിയുള്ള മാസങ്ങളിലേത് കണക്ക്, കലൻഡർ ആസ്പദമാക്കി മാസം നിശ്ചയിക്കുകയാണ് വേണ്ടത്.

ഇക്കഴിഞ്ഞ ദിവസം മുഹർറം മാസപ്പിറവിയുടെ കാര്യത്തിൽ കെ എൻ എം നേതാവ് ഹുസൈൻ മടവൂരിന്റേതായി പ്രചരിച്ച വോയ്‌സ് ക്ലിപ്പിൽ കേരളത്തിലെ ഖാസിമാർ ഉറപ്പിച്ചതനുസരിച്ച് മുഹർറം ഒന്പത്, പത്ത് നോമ്പുകൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിലും മുജാഹിദ് പണ്ഡിത സഭയുടെ നിർദേശം അനുസരിക്കുകയാണെങ്കിൽ ഞായറും തിങ്കളും ആയിരിക്കുമെന്നും ഏതാണ് സ്വീകരിക്കേണ്ടതെന്ന് ആളുകൾക്ക് സ്വയം തീരുമാനിക്കാവുന്നതാണെന്നും വിശദീകരിക്കുന്നു.

അതേസമയം, സി പി ഉമർ സുല്ലമിയുടെ നേതൃത്വത്തിലുള്ള മർകസുദ്ദഅ്‌വ മുജാഹിദ് വിഭാഗം (പഴയ മടവൂർ വിഭാഗം) ഇനി മുതൽ കലൻഡർ നോക്കിയായിരിക്കും മാസം നിശ്ചയിക്കുകയെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ, റമസാൻ, ശവ്വാൽ, ദുൽഹിജ്ജ എന്നീ മാസങ്ങളുടെ കാര്യത്തിൽ ലോകത്ത് എവിടെയെങ്കിലും ചന്ദ്രപ്പിറവി ദൃശ്യമായാൽ അംഗീകരിക്കുമെന്നാണ് മർകസുദ്ദഅ്‌വയുടെ നിലപാടെന്ന് സി പി ഉമർ സുല്ലമി സിറാജിനോട് പറഞ്ഞു. എന്നാൽ, ലോകത്തെവിടെയെങ്കിലും മാസപ്പിറവി ദൃശ്യമായാൽ അംഗീകരിക്കണമെന്ന വാദത്തോട് മറുഗ്രൂപ്പ് യോജിക്കുന്നില്ല. പെരുന്നാളിന്റെ കാര്യത്തിൽ “സമൂഹത്തോട് ഒപ്പം’ ആഘോഷിക്കാനാണ് സുല്ലമിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ തീരുമാനം.

നോമ്പ് 30 പൂർത്തിയായാലും പരസ്യമായുള്ള പെരുന്നാൾ ആഘോഷം മറ്റുള്ളവരോടൊപ്പമാകാൻ ഒരു ദിവസം കാത്തിരിക്കും. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് മുജാഹിദ് വിസ്ഡം (ജിന്ന്)വിഭാഗത്തിന്റെ നിലപാട്. മാസപ്പിറവി കാഴ്ച അനുസരിച്ച് തീരുമാനിക്കുമെന്നും 29ന് ചന്ദ്രൻ ചക്രവാളത്തിൽ കണക്ക് പ്രകാരം ഉണ്ടെങ്കിൽ മാത്രമേ മാസപ്പിറവി നോക്കുന്നതിന് നിർദേശിക്കൂവെന്നും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അശ്റഫ് പറഞ്ഞു.

Latest