Eranakulam
മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊന്തിയ സംഭവം: അന്വേഷണത്തിന് ഉത്തരവ്
ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ക്കാണ് അന്വേഷണ ചുമതല. ഒരാഴ്ചക്കുള്ളില്‍ റിപോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം.

കൊച്ചി | പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊന്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ക്കാണ് അന്വേഷണ ചുമതല. ഒരാഴ്ചക്കുള്ളില്‍ റിപോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
പെരിയാറിലെ പാതാളം റെഗുലേറ്ററിന് താഴെയുള്ള ഭാഗത്താണ് മത്സ്യങ്ങള്‍ ചത്തുപൊന്തിയത്. എടയാര്‍ വ്യവസായ മേഖലയില്‍ നിന്ന് പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കിയതാണ് ഇതിനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.
ഇന്നലെ രാത്രിയോടെ പെരിയാറിലെ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിന് താഴെയുള്ള ഭാഗത്തെ വെള്ളത്തിന് നിറംമാറ്റം സംഭവിക്കുകയും രൂക്ഷഗന്ധമുണ്ടാവുകയും ചെയ്തു. പിന്നാലെ മത്സ്യങ്ങള്‍ ചത്തൊടുങ്ങി. മത്സ്യകൃഷി നടത്തിയ കര്‍ഷകരെയും ഇത് ബാധിച്ചു. ഒരു ദിവസം കൊണ്ട് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് കര്‍ഷകര്‍ പറയുന്നത്. കടമക്കുടി, ചേരാനെല്ലൂര്‍ ഭാഗങ്ങളില്‍ മത്സ്യകൃഷി ചെയ്തവര്‍ക്കാണ് നഷ്ടം ഉണ്ടായത്. വ്യവസായ ശാലകളില്‍ നിന്നും രാസമാലിന്യങ്ങള്‍ ഒഴുക്കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ന്നത്.