Connect with us

National

ബെല്ലാരിയില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവവാര്‍ഡില്‍ ഗര്‍ഭിണികളുടെ കൂട്ട മരണം; ഐവി ഫ്‌ലൂയിഡ് നല്‍കിയ ശേഷമെന്ന് വിവരം

ഏഴ് പേര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവരില്‍ അഞ്ച് പേര്‍ മരിച്ചു. മറ്റ് രണ്ട് പേര്‍ അത്യാസന്ന നിലയിലാണ്.

Published

|

Last Updated

ബെംഗളുരു| കര്‍ണാടക ബെല്ലാരിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവവാര്‍ഡില്‍ ഗര്‍ഭിണികളുടെ കൂട്ട മരണം. മൂന്ന് ദിവസത്തിനിടെ അഞ്ച് ഗര്‍ഭിണികളാണ് മരിച്ചത്. നവംബര്‍ 9 മുതല്‍ 11 വരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തവരാണ് മരണപ്പെട്ടത്. ഈ മൂന്ന് ദിവസത്തില്‍ 34 സ്ത്രീകള്‍ പ്രസവിച്ചതില്‍ ഏഴ് പേര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. കിഡ്നിയിലടക്കം ഗുരുതര മുറിവുകളാണ് കണ്ടെത്തിയത്.

ഇവരില്‍ അഞ്ച് പേര്‍ മരിച്ചു. മറ്റ് രണ്ട് പേര്‍ അത്യാസന്ന നിലയിലാണ്. റിങേഴ്‌സ് ലാക്‌റ്റേറ്റ് എന്ന ഐവി ഫ്‌ലൂയിഡ് നല്‍കിയ ശേഷമാണ് ഇവര്‍ക്കെല്ലാം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ച സ്ത്രീകളെല്ലാം അപകട സാധ്യതയുള്ള ഗര്‍ഭിണികളുടെ വിഭാഗത്തിലായിരുന്നില്ല. ഇവര്‍ക്കെല്ലാം സിസേറിയനായിരുന്നു നിര്‍ദേശിച്ചിരുന്നത്.

അതേസമയം സംസ്ഥാനത്തെ മരുന്ന് സംഭരണ കേന്ദ്രങ്ങളിലെല്ലാം സമഗ്ര അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. സോഡിയം ലാക്‌റ്റേറ്റ് ഇഞ്ചക്ഷനാണ് റിങേഴ്‌സ് ലാക്‌റ്റേറ്റ്. ഇത് രക്തസമ്മര്‍ദ്ദം കുറവുള്ള ആളുകള്‍ക്ക് നല്‍കുന്ന ഇഞ്ചക്ഷനാണ്. ഇലക്ട്രോലൈറ്റ് കൗണ്ട് നിലനിര്‍ത്താനാണിത്. അപകട സാധ്യതയുള്ള മരുന്നല്ല. എന്നാല്‍ ബെല്ലാരിയില്‍ വിതരണം ചെയ്ത മരുന്ന് ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചവയാണെന്നും അതിനലാകാം ദുരന്തമുണ്ടായത് എന്നാണ് നിഗമനം.

ബംഗാള്‍ ആസ്ഥാനമായുള്ള പശ്ചിംബംഗ ഫാര്‍മസ്യൂട്ടിക്കല്‍സാണ് മരുന്ന് ഉല്‍പ്പാദിപ്പിച്ച് നല്‍കിയത്. സംഭവം വിവാദമായതോടെ വിശദമായ അന്വേഷണത്തിന് നാലംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

 

Latest