Connect with us

Kerala

പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവം; ഇന്ന് അന്വേഷണം ആരംഭിക്കും

ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ മീരയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് അന്വേഷിക്കുക.

Published

|

Last Updated

കൊച്ചി|പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊന്തിയ സംഭവത്തില്‍ ഇന്ന് അന്വേഷണം തുടങ്ങും. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ മീരയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് അന്വേഷിക്കുക. വ്യവസായ മേഖലയില്‍ നിന്ന് പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കി വീട്ടിട്ടുണ്ടോയെന്നറിയാന്‍ സിസി ടിവി കാമറകള്‍ പരിശോധിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മത്സ്യ കര്‍ഷകര്‍ക്കുള്ള നാശനഷ്ടം കണക്കാക്കാന്‍ ഫിഷറീസ് ഡയറക്ടറോടും നിര്‍ദേശിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇറിഗേഷന്‍, വ്യവസായം, ആരോഗ്യം, വാട്ടര്‍ അതോറിറ്റി, ഫിഷറീസ് വകുപ്പുകളെ ഉള്‍പ്പെടുത്തിയാണ് ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചത്. ഒരാഴ്ചക്കുള്ളില്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

എടയാര്‍ വ്യവസായ മേഖലയില്‍ നിന്ന് പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കിയതാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊന്താന്‍ ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. പുഴയിലെ ജലത്തിന്റെയും ചത്ത മത്സ്യങ്ങളുടെയും സാമ്പിളുകള്‍ കുഫോസ് സെന്‍ട്രല്‍ ലാബില്‍ പരിശോധനക്കായി അയച്ചിരിക്കുകയാണ്. ഒരാഴ്ചക്കുള്ളില്‍ ഇതിന്റെ ഫലം ലഭിക്കും.

കഴിഞ്ഞ ദിവസം രാത്രിയോടെ പെരിയാറിലെ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിന് താഴെയുള്ള ഭാഗത്തെ വെള്ളത്തിന് നിറംമാറ്റം സംഭവിക്കുകയും രൂക്ഷഗന്ധമുണ്ടാവുകയും ചെയ്തു. പിന്നാലെ മത്സ്യങ്ങള്‍ ചത്തൊടുങ്ങി മത്സ്യകൃഷി നടത്തിയ കര്‍ഷകരെയും ഇത് ബാധിച്ചു. ഒരു ദിവസം കൊണ്ട് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് കര്‍ഷകര്‍ പറയുന്നത്. കടമക്കുടി, ചേരാനെല്ലൂര്‍ ഭാഗങ്ങളില്‍ മത്സ്യകൃഷി ചെയ്തവര്‍ക്കാണ് നഷ്ടം ഉണ്ടായത്. വ്യവസായ ശാലകളില്‍ നിന്നും രാസമാലിന്യങ്ങള്‍ ഒഴുക്കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ന്നത്.

 

 

 

 

Latest