Kerala
പാലക്കാട് സിപിഎമ്മില്‍ കൂട്ടരാജി; കുഴല്‍മന്ദം മുന്‍ ഏരിയാ കമ്മറ്റി അംഗം വിജയന്‍ ഉള്‍പ്പെടെ നാല് പേര്‍ കോണ്‍ഗ്രസിലേക്ക്
വ്യാഴാഴ്ച തേങ്കുറുശ്ശി മണ്ഡലം പൊതുയോഗത്തില്‍ ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ ഇവര്‍ക്ക് അംഗത്വം നല്‍കും
പാലക്കാട്| പാലക്കാട് സിപിഎമ്മില്‍ കൂട്ടരാജി. തേങ്കുറിശ്ശി കുഴല്‍മന്ദം മുന്‍ ഏരിയാ കമ്മറ്റി അംഗം വിജയന്‍ ഉള്‍പ്പടെ നാല് പേര്‍ രാജിവച്ചു. ഇവര്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. മഞ്ഞളൂര്‍ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം സഹകരണ ബേങ്ക് ഡയറക്ടറുമായിരുന്ന വി. വിജയന്‍, ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികളായ ബി. രാഹുല്‍, സതീഷ് കുമാര്‍ എന്നിവരാണ് പാര്‍ട്ടി വിടുന്നത്. കൊഴിഞ്ഞാംപാറയ്ക്കു പിന്നാലെ ഏരിയ സമ്മേളനത്തിനിടെയാണ് കുഴല്‍മന്ദത്തും സി പി എമ്മില്‍ പ്രശ്‌നമുണ്ടാകുന്നത്.
2019 ല്‍ പാര്‍ട്ടി ഏരിയ സമ്മേളനത്തില്‍ വിജയനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള പാല്‍ സൊസൈറ്റിയിലെ ക്രമക്കേട് ആരോപണവും അദ്ദേഹത്തിനെതിരെ ഉയര്‍ന്നു. ഇക്കഴിഞ്ഞ ബ്രാഞ്ച് സമ്മേളനത്തിലും ഉള്‍പ്പെടുത്താതെ വന്നതോടെയാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്ന് നേതാക്കള്‍ വ്യക്തമാക്കി.
വ്യാഴാഴ്ച തേങ്കുറുശ്ശി മണ്ഡലം പൊതുയോഗത്തില്‍ ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ ഇവര്‍ക്ക് അംഗത്വം നല്‍കും. അതേ സമയം വിജയനൊപ്പം കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ച സി പി എം പടിഞ്ഞാറെ വെട്ടുകാട് ബ്രാഞ്ച് കമ്മറ്റിയംഗം എം. ലെനിന്‍ ബി ജെ പിയില്‍ ചേര്‍ന്നു.