Connect with us

Gaza Update

ഫലസ്തീനിൽ കൂട്ടക്കൊല തുടരുന്നു; മരണം 6500 കടന്നു; ആരോഗ്യ സംവിധാനങ്ങൾ പൂർണമായും തകർന്നു

ഗസ്സക്ക് എതിരായ ആക്രമണം അവസാനിപ്പിക്കാനും 2.3 ദശലക്ഷം ഫലസ്തീനികൾക്ക് എതിരായ ഉപരോധം അവസാനിപ്പിക്കാനും ഇസ്റാഈലിന് മേൽ സമ്മർദം ചെലുത്തണമെന്ന് ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ

Published

|

Last Updated

ഗസ്സ സിറ്റി | ഗസ്സയിൽ ഇസ്റാഈൽ നരനായാട്ട് 20ാം ദിവസത്തേക്ക് കടക്കുമ്പോഴും ആക്രമണത്തിൽ അയവ് വരുത്താതെ ഇസ്റാഈൽ. ഒക്‌ടോബർ 7 മുതൽ തുടങ്ങിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 6546 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 756 പേരാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 2,704 പേർ കുട്ടികളാണ്. 17,439 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്റാഈൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം നൂറ് കടന്നിട്ടുണ്ട്.

ആക്രമണം 19 ദിവസം പിന്നിടുമ്പോൾ അതീവ ദയനീയമാണ് ഗസ്സയിലെ സ്ഥിതി വിശേഷം. ലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരാക്കപ്പെട്ടു. യുദ്ധത്തിൽ പരുക്കുപറ്റിയ കുട്ടികളും സ്ത്രീകളും അടക്കം പതിനായിരങ്ങൾ നരകയാതന അനുഭവിക്കുകയാണ്. ഗസ്സയിലെ ആരോഗ്യ സംവിധാനങ്ങൾ പൂർണമായും തകർന്ന നിലയിലാണ്. പല ആശുപത്രികളും ബോംബിഗിനെ തുടർന്ന് തകർന്നു. ആവശ്യമായ ജീവനക്കാരുടെയും മെഡിക്കൽ സപ്ലൈകളുടെയും അഭാവവും ആശുപത്രികളുടെ പ്രവർത്തനം താറുമാറാക്കി.

ഗസ്സയിൽ തകർന്ന ആരോഗ്യസംവിധാനം പുനസ്ഥാപിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ അഷ്‌റഫ് അൽ ഖുദ്ര ആവശ്യപ്പെട്ടു. ആശുപത്രികൾ സർവീസ് നിർത്തുന്നതിനെക്കുറിച്ചുള്ള ഞങ്ങളുടെ മുന്നറിയിപ്പുകൾ അന്താരാഷ്ട്ര സമൂഹം കണക്കിലെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രൂക്ഷമായ ഇന്ധനക്ഷാമം കാരണം ഗാസയിലെ ആശുപത്രികൾ ഏതുനിമിഷവും അടച്ചുപൂട്ടാൻ നിർബന്ധിതമായേക്കുമെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിയും വ്യക്തമാക്കുന്നു.

അഭയാർഥി ക്യാമ്പുകൾക്ക് മുകളിൽ ബോംബിടുന്നതും ഇസ്റാഈൽ തുടരുകയാണ്. ഇന്ന് ജെനിൻ അഭയാർത്ഥി ക്യാമ്പിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെട്ടു. ഗസ്സയിലുടനീളം സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടക്കുകയാണ്. നിരവധി പേർ കഴിയുന്ന അൽ-ഷാതി ക്യാമ്പിന് നേരെയും വ്യോമാക്രമണം നടന്നു. അൽ-മഗാസി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഡസൻ കണക്കിന് കുട്ടികൾ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ ഫാമിൽ വ്യോമാക്രമണത്തിൽ ആറ് പേർ മരിച്ചു.

ഇസ്റാഈലിന്റെ ആക്രമണത്തിന് ഇപ്പോൾ ഹമാസിന്റെ ഭാഗത്ത് നിന്നും കാര്യമായ ചെറുത്തുനിൽപ്പ് ഉണ്ടാകുന്നില്ല. അതേസമയം, ഗാസയിൽ നിന്ന് 220 കിലോമീറ്റർ അകലെ ചെങ്കടലിലെ തെക്കൻ ഇസ്റാഈലി തുറമുഖവും റിസോർട്ട് പട്ടണവുമായ എയ്‌ലാറ്റിലേക്ക് റോക്കറ്റ് വിക്ഷേപിച്ചതായി ഹമാസ് അറിയിച്ചു. തുറസ്സായ സ്ഥലത്താണ് റോക്കറ്റ് പതിച്ചതെന്ന് ഇസ്റാഈൽ സൈന്യം പറഞ്ഞു. ആക്രമണത്തിൽ ആളപായമുണ്ടായതായി വിവരമില്ല.

സിറിയ ലക്ഷ്യമാക്കിയും ഇസ്റാഈൽ ആക്രമണം തുടരുകയാണ്. സിറിയയ്ക്കുള്ളിൽ ഇസ്രായേൽ പുതിയ വ്യോമാക്രമണം നടത്തിയതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് അലപ്പോ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയാണ് ആക്രമണം നടന്നതെന്ന് ബ്രിട്ടൻ ആസ്ഥാനമായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു.

ഗസ്സക്ക് എതിരായ ആക്രമണം അവസാനിപ്പിക്കാനും 2.3 ദശലക്ഷം ഫലസ്തീനികൾക്ക് എതിരായ ഉപരോധം അവസാനിപ്പിക്കാനും ഇസ്റാഈലിന് മേൽ സമ്മർദം ചെലുത്തണമെന്ന് ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഫലസ്തീനികളെ പലായനത്തിലേക്ക് തള്ളിവിടുന്നതിനും ഗസ്സ നിവാസികളെ ആഭ്യന്തരമായി കുടിയൊഴിപ്പിക്കുന്നതിനുമുള്ള ഇസ്റാഈലിന്റെ ഏതൊരു ശ്രമത്തിനും തങ്ങൾ എതിരാണെന്നും അബ്ദുള്ള രാജാവ് വ്യക്തമാക്കി.

Latest