Kerala
എറണാകുളത്ത് കൂട്ടക്കൊല; അയല്‍വീട്ടിലെ മൂന്ന് പേരെ ലഹരിക്കടിമയായ യുവാവ് അടിച്ചുകൊന്നു
പരുക്കേറ്റ ഒരാൾ ഗുരുതര പരുക്കോടെ ചികിത്സയിലാണ്. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്.
കൊച്ചി | എറണാകുളം ചേന്ദമംഗലം കിഴക്കുംപുറത്ത് അരുംകൊല. ലഹരിക്ക് അടിമയായ അയല്‍വാസി വീട്ടില്‍ കയറി മൂന്ന് പേരെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചുകൊന്നു. പരുക്കേറ്റ ഒരാൾ ഗുരുതര പരുക്കോടെ ചികിത്സയിലാണ്. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. പ്രതിയുടെ ലഹരി ഉപയോഗത്തിനെതിരെ അയല്‍വാസികള്‍ നല്‍കിയ പരാതിയാണ് കൊലപാതകത്തിലെത്തിച്ചതെന്നാണ് സൂചന. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്.
ആക്രമണം നടത്തിയ പ്രതി ഋതു (28) വടക്കേക്കര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ലഹരി ഉപയോഗിച്ച് അയൽവാസികളെ നിരന്തരം ശല്യം ചെയ്തിരുന്നയാളാണ് റിതുവെന്നാണ് വിവരം. വൈകുന്നേരം ആറോടെയാണ് വീട്ടില്‍ കയറിയ പ്രതി നാല് പേരെ അടിച്ചു പരുക്കേല്‍പ്പിച്ചത്. വാക്കേറ്റത്തിനിടെ കൈയിൽ കരുതിയ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിക്കുകയായിരുന്നു. നാട്ടുകാരെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്ന് പേരും മരിച്ചു.
ഋതുവിന്റെ വീടിന് സമീപത്ത് താമസിക്കുന്ന രണ്ട് അയല്‍ വീട്ടുകാരെയും കൊല്ലുമെന്ന് പ്രതി നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് വിവരം.. നിരവധി കേസുകളിലെ പ്രതിയാണിയാളെന്ന് പോലീസ് അറിയിച്ചു. റൗഢി ലിസ്റ്റിലും പെട്ടയാളാണ്. പോലീസ് കൊലപാതകം നടന്ന വീട്ടിലെത്തി അന്വേഷണം തുടങ്ങി.