Connect with us

From the print

ഗസ്സയില്‍ പുലര്‍ച്ചെ മുതല്‍ കൂട്ടക്കൊല

ആക്രമണം ദോഹയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച നടക്കാനിരിക്കെ.

Published

|

Last Updated

ഗസ്സ | ഗസ്സയില്‍ വെടിനിര്‍ത്തലിനായി ഖത്വറിന്റെ മാധ്യസ്ഥതയില്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസ്- ഇസ്റാഈല്‍ ചര്‍ച്ച നടക്കാനിരിക്കെ ഗസ്സയില്‍ അതിക്രൂര ആക്രമണം നടത്തി ഇസ്റാഈല്‍. പുലര്‍ച്ചെ തുടങ്ങി ഗസ്സയുടെ വടക്ക് മുതല്‍ തെക്ക് വരെ നടത്തിയ ആക്രമണങ്ങളില്‍ 35 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.

മധ്യ ദാര്‍ അല്‍ ബലാഹ് നഗരത്തിന് വടക്കായി സുവൈദിയയില്‍ വാഹനത്തിനു നേര്‍ക്കുണ്ടായ ഇസ്റാഈല്‍ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കുടിയിറക്കപ്പെട്ട ആളുകളെക്കൊണ്ട് പട്ടണം തിങ്ങിനിറഞ്ഞ സമയത്തായിരുന്നു ആക്രമണം. ഗുരുതര പരുക്കേറ്റ നിരവധി പേരെ നാസര്‍ ആശുപത്രിയിലേക്ക് മാറ്റി.

തെക്കന്‍ ഗസ്സയിലെ അല്‍ മവാസിയില്‍ കുടിയിറക്കപ്പെട്ട 80,000ത്തിലധികം പേര്‍ താമസിക്കുന്ന കൂടാരങ്ങള്‍ക്കു നേരെ ഇസ്റാഈല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് കുട്ടികളെങ്കിലും കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭാ ഏജന്‍സി യൂനിസെഫ് പറഞ്ഞു. വടക്കന്‍ ഗസ്സക്കു സമീപം ശൈഖ് റദ്വാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റു. ഗസ്സ നഗരത്തിലെ അല്‍ ശിഫ ആശുപത്രിയുടെ ഗേറ്റിന് സമീപം ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദാര്‍ അല്‍ ബലാഹിന് കിഴക്ക് സിവില്‍ ഡിഫന്‍സ് വാഹനത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഒരു ഫലസ്തീനി മരിച്ചതായി അല്‍ അഖ്സ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

മധ്യ ഗസ്സയിലെ അല്‍ അവ്ദ ആശുപത്രിക്കു സമീപം ശക്തമായ ഷെല്‍ ആക്രമണമുണ്ടായി. ഈ ആഴ്ചയില്‍ 27 ആശുപത്രികള്‍ക്കും 12 മറ്റ് മെഡിക്കല്‍ സൗകര്യങ്ങള്‍ക്കും നേരെ കുറഞ്ഞത് 136 തവണയെങ്കിലും ഇസ്റാഈല്‍ ആക്രമണമുണ്ടായതായി യു എന്‍ റിപോര്‍ട്ട് പറയുന്നു.

മധ്യ ഗസ്സയില്‍ നിന്ന് ഇസ്റാഈലിനു നേര്‍ക്ക് റോക്കറ്റ് ആക്രമണമുണ്ടായതോടെ ഗസ്സയിലെ ബുറൈജില്‍ സൈന്യം നിര്‍ബന്ധിത ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചു. ബുറൈജില്‍ സൈനികാക്രമണമുണ്ടാകുമെന്നും ജനങ്ങള്‍ ജീവന്‍ സംരക്ഷിക്കാന്‍ മാനുഷിക മേഖലയിലേക്ക് മാറണമെന്നും ഉത്തരവില്‍ പറയുന്നു.

മെഡിക്കല്‍ സേവനം നിലച്ച വടക്കന്‍ ഗസ്സയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയില്‍ അഭയം തേടിയവരെ പിടിച്ചു പുറത്താക്കി ആശുപത്രിക്കു നേരെ ഇസ്റാഈല്‍ വ്യോമാക്രമണം നടത്തി.
അധിനിവിഷ്ട വെസ്റ്റ്ബാങ്കിലുടനീളം ഇസ്റാഈല്‍ വെടിവെപ്പിലും കണ്ണീര്‍വാതക പ്രയോഗത്തിലും നിരവധി ഫലസ്തീനികള്‍ക്ക് പരുക്കേറ്റു. ഖല്‍ഖ്വിയക്ക് കിഴക്കായി കഫ്ര്‍ ഖദ്ദൂം, നബ്ലുസിന് തെക്കായി ബൈത്ത, അല്‍ ബീറിലെ അല്‍ താവില്‍ എന്നിവിടങ്ങളിലാണ് ഫലസ്തീനികള്‍ക്കു നേരെ വെടിവെപ്പുണ്ടായത്.

അതിനിടെ, വടക്കന്‍ ഗസ്സയില്‍ നിന്ന് ഇസ്റാഈലിലെ അതിര്‍ത്തി നഗരമായ സിദ്റത്തിലേക്ക് രണ്ട് റോക്കറ്റുകള്‍ തൊടുത്തതായി ഇസ്റാഈല്‍ സൈന്യം അറിയിച്ചു. ഒരു റോക്കറ്റ് നിര്‍ ആം കിബ്ബുതിസിലും മറ്റൊന്ന് തുറസ്സായ സ്ഥലത്തുമാണ് പതിച്ചത്. ആളപായങ്ങളൊന്നുമുണ്ടായിട്ടില്ല. സൈനിക ഹെലികോപ്റ്ററുകളെ ലക്ഷ്യമിട്ട് മധ്യ ഗസ്സയില്‍ നിന്ന് തൊടുത്ത റോക്കറ്റ് വ്യോമപ്രതിരോധ സംവിധാനമായ അയണ്‍ ഡോം തടഞ്ഞതായും സൈന്യം അറിയിച്ചു.

 

Latest