Connect with us

From the print

ഗസ്സയിൽ വീണ്ടും അഭയാർഥി കൂട്ടക്കൊല; 42 മരണം

ഗസ്സ മുനമ്പിലെ എട്ട് പ്രധാന അഭയാർഥി ക്യാമ്പുകളിലൊന്നായ അൽ ശാത്വിഇൽ നടത്തിയ ആക്രമണത്തിൽ 24 പേരും അൽ തുഫാഹിലെ വീടുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 18 പേരും കൊല്ലപ്പെട്ടതായി ഗസ്സ ഭരണകൂടത്തിന്റെ മാധ്യമ വിഭാഗം അറിയിച്ചു

Published

|

Last Updated

ഗസ്സ/ കൈറോ | ഗസ്സയിൽ അഭയാർഥി ക്യാമ്പുകൾ ലക്ഷ്യമിട്ട് വീണ്ടും ഇസ്‌റാഈൽ ആക്രമണം. ഗസ്സ സിറ്റിയിലെ അൽ ശാത്വിഇ അഭയാർഥി ക്യാമ്പിലും തുഫാഹിലും ഇസ്‌റാഈൽ നടത്തിയ ആക്രമണത്തിൽ 42 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സ മുനമ്പിലെ എട്ട് പ്രധാന അഭയാർഥി ക്യാമ്പുകളിലൊന്നായ അൽ ശാത്വിഇൽ നടത്തിയ ആക്രമണത്തിൽ 24 പേരും അൽ തുഫാഹിലെ വീടുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 18 പേരും കൊല്ലപ്പെട്ടതായി ഗസ്സ ഭരണകൂടത്തിന്റെ മാധ്യമ വിഭാഗം അറിയിച്ചു. കൂടാരങ്ങളുടെ നഗരമായ അൽ മവാസിൽ 25 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് പിന്നാലെയാണ് വീണ്ടും അഭയാർഥി കൂട്ടക്കൊല നടത്തിയത്.
വടക്കൻ ഗസ്സയിലെ ആക്രമണങ്ങളെ തുടർന്ന് അഭയാർഥികളായവരാണ് മെഡിറ്ററേനിയൻ കടലിനോട് ചേർന്നുള്ള അൽ ശാത്വിഇ ക്യാമ്പിൽ കഴിയുന്നത്. ഗസ്സ സിറ്റിയിലെ ഹമാസ് സൈനിക താവളങ്ങളിൽ ഇസ്‌റാഈൽ ഡിഫൻസ് ഫോഴ്‌സിന്റെ (ഐ ഡി എഫ്) യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയെന്നാണ് അഭയാർഥി ക്യാമ്പിലെ ആക്രമണത്തിന് പിന്നാലെ ഇസ്‌റാഈൽ പ്രതികരിച്ചത്. ജബാലിയ, നുസ്വീറത്ത് അഭയാർഥി ക്യാമ്പുകൾക്ക് നേരെ നേരത്തേ ഇസ്‌റാഈൽ ആക്രമണം നടത്തിയിരുന്നു.
ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനിടെ 169 പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ മരണം 37,551 ആയി.

Latest