Connect with us

From the print

തെക്കൻ, മധ്യ ഗസ്സയിൽ കൂട്ടക്കൊലപാതകം; സ്‌കൂളിൽ കുട്ടികളുടെ ചിതറിയ ശരീരങ്ങൾ

നുസ്വീറാത്ത് അഭയാർഥി ക്യാമ്പിലെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെടുകയും 73 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

Published

|

Last Updated

ഗസ്സ | തെക്കൻ, മധ്യ ഗസ്സയിൽ ഇസ്‌റാഈൽ നടത്തിയ ബോംബാക്രമണത്തിൽ അമ്പതോളം പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം. ഖാൻ യൂനുസിൽ നിന്ന് കുടിയിറക്കപ്പെട്ടവരെ താമസിപ്പിക്കുന്ന താത്കാലിക ടെന്റുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ കുട്ടികളടക്കം 17 പേർ കൊല്ലപ്പെടുകയും 26 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. നുസ്വീറാത്ത് അഭയാർഥി ക്യാമ്പിലെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെടുകയും 73 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

നുസ്വീറാത്ത് ക്യാമ്പിലെ അൽ റാസി മിഡിൽ സ്‌കൂളാണ് സൈന്യം ആക്രമിച്ചത്. ഗസ്സയിൽ യു എൻ ആർ ഡബ്ല്യു എക്ക് കീഴിലുള്ള സ്‌കൂളുകൾക്കു നേരെയുള്ള ബോധപൂർവമായ ആക്രമണമാണ്. ഇസ്‌റാഈൽ തകർക്കുന്ന യു എൻ ഏജൻസിയുടെ ആറാമത്തെ സ്‌കൂളാണിത്. വടക്കൻ ഗസ്സ, ഗസ്സ നഗരം, അൽ മവാസി, റഫ എന്നിവിടങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടെത്തിയ കുട്ടികളുടെ ഏക പഠന കേന്ദ്രമായിരുന്നു ഇത്. തലയറ്റ നിലയിലും ശരീര ഭാഗങ്ങൾ ചിതറിയ നിലയിലുമായിരുന്നു കുട്ടികളുടെ മൃതദേഹങ്ങളെന്ന് മാധ്യമങ്ങൾ വിശദീകരിച്ചു. കൊല്ലപ്പെട്ടവരിൽ പ്രാദേശിക മാധ്യമ പ്രവർത്തകൻ മുഹമ്മദ് മെഷ്‌മേഷും ഉൾപ്പെടും. ഇതോടെ ഗസ്സയിൽ ഇസ്‌റാഈൽ കൊലപ്പെടുത്തുന്ന 160ാമത്തെ മാധ്യമ പ്രവർത്തകനാണ് മെഷ്‌മേഷ്.
ആംബുലൻസുകൾ ഇല്ലാത്തതിനാൽ റിക്ഷകളിലും കഴുത വണ്ടികളിലുമാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

 

Latest