National
മണിപ്പൂരില്‍ വന്‍ ആയുധ വേട്ട; തോക്കുകളടക്കം 14ലധികം ആയുധങ്ങള്‍ കണ്ടെത്തി
ഒമ്പത് ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഡിസംബര്‍ 9 വരെ റദ്ദാക്കിയിരിക്കുകയാണ്.
ഇംഫാല്‍|മണിപ്പൂരിലെ ചുരാചന്ദ്പ്പൂര്‍, തൗബാല്‍ എന്നിവിടങ്ങളില്‍ നിന്ന് തോക്കുകള്‍ അടക്കം 14ലധികം ആയുധങ്ങള്‍ കണ്ടെത്തി. അസം റൈഫിള്‍സും മണിപ്പൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പ്രകാരം മണിപ്പൂര്‍ സര്‍ക്കാര്‍ ഒമ്പത് ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഡിസംബര്‍ 9 വരെ റദ്ദാക്കിയിരിക്കുകയാണ്.
നിലവിലെ ക്രമസമാധാന നില അവലോകനം ചെയ്ത ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂര്‍, തൗബല്‍, കാക്ചിംഗ്, കാങ്പോക്പി, ചുരാചന്ദ്പൂര്‍, ജിരിബാം, ഫെര്‍സാള്‍ എന്നീ പ്രദേശങ്ങളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത്. ഡിസംബര്‍ 9ന് വൈകുന്നേരം 5.15 വരെ യാണ് റദ്ദ് ചെയ്ത നടപടി.
അതേസമയം, മണിപ്പൂരിലും കേന്ദ്രത്തിലും ഭരണപക്ഷത്തുള്ള എന്‍ഡിഎ സര്‍ക്കാരുകള്‍ക്കെതിരെ ഇന്ന് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ മണിപ്പൂരിലെ ഇന്ത്യ സഖ്യം നേതാക്കള്‍ പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.