vizhinjam police station attack
വിഴിഞ്ഞം പോലീസ് സ്റ്റേഷന് നേരെ വൻ ആക്രമണം; സമരക്കാർ അഴിഞ്ഞാടി
സ്റ്റേഷൻ പൂർണമായും അടിച്ചുതകർത്ത നിലയിലാണ്.
തിരുവനന്തപുരം | കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരക്കാര്‍ പോലീസ് സ്റ്റേഷന്‍ വളയുകയും ആക്രമിക്കുകയും ചെയ്തു. സ്റ്റേഷൻ്റെ മുൻഭാഗം പൂർണമായും അടിച്ചുതകർത്ത നിലയിലാണ്. വയർലെസ് സെറ്റുകൾ അടിച്ചു തകർത്തു. 35 പോലീസുകാർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിക്കാൻ പോലും ആദ്യഘട്ടത്തിൽ സമരക്കാർ സമ്മതിച്ചില്ല. സ്റ്റേഷന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന രണ്ട് ജീപ്പുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. സ്റ്റേഷനിലേക്ക് പെട്രോൾ ബോംബെറിഞ്ഞു. മദ്യക്കുപ്പികളും സോഡാകുപ്പികളും വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വൈദികര്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് ആയിരക്കണക്കിന് ജനങ്ങൾ രാത്രി എട്ടോടെ സംഘടിച്ചെത്തുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തത്.
കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ എത്തി സ്‌റ്റേഷന്‍ വളഞ്ഞതോടെ പോലീസുകാര്‍ സ്റ്റേഷൻ്റെ ഉള്ളില്‍ കുടുങ്ങി. കൂടുതല്‍ പോലീസിനെ സ്ഥലത്തെത്തിച്ചെങ്കിലും ഇവര്‍ ബസില്‍ നിന്ന് ഇറങ്ങുന്നത് സമരക്കാര്‍ തടഞ്ഞു. നിരവധിപ്പേര്‍ സ്ഥലത്തേക്ക് എത്തുന്നുണ്ട്. ഇതിന് പിന്നാലെ സിറ്റി, റൂറല്‍ മേഖലകളില്‍ നിന്ന് കൂടുതല്‍ പോലീസ് സംഘം സ്ഥലത്തേക്ക് എത്തി.
സംഘര്‍ഷാവസ്ഥ കസ്റ്റഡിയില്‍ എടുത്തവര്‍ നിരപരാധികളാണെന്നും വിട്ടയ്ക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. ചിത്രീകരിക്കാന്‍ നോക്കിയവര്‍ക്കെതിരെയും സമരക്കാരുടെ കൈയേറ്റമുണ്ടായി. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിന് ഇടയില്‍ എ സി വി ന്യൂസിന്റെ പ്രാദേശിക റിപോര്‍ട്ടര്‍ ഷെരീഫ് എം ജോര്‍ജിന് മര്‍ദനമേറ്റു.
കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരസമിതി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയത്. വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. സഹായ മെത്രാന്‍ ആര്‍ ക്രിസ്തുദാസും അടക്കം അമ്പതോളം വൈദികര്‍ക്ക് കേസുണ്ട്. സംഘര്‍ഷ സ്ഥലത്തുണ്ടായിരുന്ന വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര അടക്കമുള്ള വൈദികര്‍ക്ക് എതിരെ വധശ്രമം അടക്കം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതായും കണക്കാക്കുന്നു. ജനക്കൂട്ടം രാത്രി വൈകിയും വിഴിഞ്ഞത്ത് നിലയുറപ്പിച്ചിട്ടുണ്ട്. വൻ പോലീസ് സന്നാഹവുമുണ്ട്.