Connect with us

National

വിശാഖപട്ടണം തുറമുഖത്ത് വന്‍ തീപിടുത്തം; 25 ബോട്ടുകള്‍ കത്തിനശിച്ചു

ഏകദേശം 15 ലക്ഷം വീതം വിലവരുന്ന 25 മത്സ്യബന്ധന ബോട്ടുകള്‍ കത്തിനശിച്ചു.

Published

|

Last Updated

വിശാഖപട്ടണം| വിശാഖപട്ടണം ഫിഷിംഗ് ഹാര്‍ബറില്‍ വന്‍ തീപിടുത്തം. ഇന്നലെ രാത്രിയാണ് തീപിടുത്തമുണ്ടായത്. ഇതേതുടര്‍ന്ന് തുറമുഖത്ത് കോടികളുടെ നാശനഷ്ടമുണ്ടായി. 25 മത്സ്യബന്ധന ബോട്ടുകള്‍ പൂര്‍ണമായി കത്തിനശിച്ചു. 4-5 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. തീപിടുത്തത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി 11.30 ഓടെയാണ് തീപിടുത്തമുണ്ടായത്. ഏകദേശം 15 ലക്ഷം വീതം വിലവരുന്ന 25 മത്സ്യബന്ധന ബോട്ടുകള്‍ കത്തിനശിച്ചു. ബോട്ടുകളില്‍ ഡീസല്‍ കണ്ടെയ്നറുകളും ഗ്യാസ് സിലിണ്ടറുകളും ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇവ പൊട്ടിത്തെറിച്ച് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. ഹാര്‍ബറില്‍ നിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചിട്ടുണ്ട്. നിരവധി ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ല.

ഒടുവില്‍ ഇന്ത്യന്‍ നേവിയുടെ ഒരു കപ്പല്‍ കൊണ്ടുവന്നു. സാമൂഹിക വിരുദ്ധരാണ് ബോട്ടുകള്‍ക്ക് തീയിട്ടതെന്നാണ് മത്സ്യത്തൊഴിലാളികള്‍ സംശയിക്കുന്നത്. ബോട്ടുകളിലൊന്നില്‍ നടന്ന പാര്‍ട്ടിയും അപകടകാരണമായി പറയപ്പെടുന്നു. തീ പടരാതിരിക്കാന്‍ മറ്റു ബോട്ടുകളുടെ കെട്ടഴിച്ച് ഒഴുക്കിവിട്ടെങ്കിലും കാറ്റും വെള്ളത്തിന്റെ ഒഴുക്കും ഇവയെ ജെട്ടിയിലേക്ക് തിരികെ എത്തിച്ചെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണര്‍ രവിശങ്കര്‍ പറഞ്ഞു. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

---- facebook comment plugin here -----

Latest