Uae
ഉമ്മുല്‍ ഖുവൈനില്‍ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം
വിവിധ എമിറേറ്റുകളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സംഘങ്ങളുടെ ഏകോപിത ശ്രമത്താല്‍ തീ നിയന്ത്രണവിധേയമാക്കി.

ഉമ്മുല്‍ ഖുവൈന്‍ | ഉമ്മുല്‍ തുഊബ് വ്യവസായ മേഖലയിലെ ഒരു ഫാക്ടറിയില്‍ കഴിഞ്ഞ ദിവസം വൈകിട്ട് വന്‍ തീപ്പിടിത്തമുണ്ടായി. വിവിധ എമിറേറ്റുകളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സംഘങ്ങളുടെ ഏകോപിത ശ്രമത്താല്‍ തീ നിയന്ത്രണവിധേയമാക്കി.
കനത്ത കറുത്ത പുക വളരെ ദൂരെ നിന്ന് തന്നെ കാണാമായിരുന്നു. തീപ്പിടിത്തം നിയന്ത്രിക്കാന്‍ ഫയര്‍ ട്രക്കുകളും ആംബുലന്‍സുകളും ഉള്‍പ്പെടെ അടിയന്തര സേവന വിഭാഗങ്ങള്‍ രംഗത്തിറങ്ങി.
ഉമ്മുല്‍ ഖുവൈന്‍, ഷാര്‍ജ, അജ്മാന്‍, റാസ് അല്‍ ഖൈമ എന്നിവിടങ്ങളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ടീമുകള്‍ സൂര്യാസ്തമയം വരെ തീയണയ്ക്കാന്‍ പരിശ്രമിച്ചു. ആളപായമോ മരണമോ റിപോര്‍ട്ട് ചെയ്തിട്ടില്ല. നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്താന്‍ അധികൃതര്‍ പരിശോധന നടത്തുകയാണ്. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുന്നതായി സിവില്‍ ഡിഫന്‍സ് മേധാവി മേജര്‍ ജനറല്‍ ഡോ. ജാസിം മുഹമ്മദ് അല്‍ മര്‍സൂഖി പറഞ്ഞു.
കഴിഞ്ഞാഴ്ച ഷാര്‍ജയില്‍ ഒരു പഴം-പച്ചക്കറി ഗോഡൗണിലും റെസിഡന്‍ഷ്യല്‍ ടവറിലും തീപ്പിടിത്തമുണ്ടായിരുന്നു. ടവറിലെ തീപ്പിടിത്തത്തില്‍ അഞ്ചുപേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.