Bahrain
ബഹ്റൈനിലെ മാനമ സൂഖിൽ വൻ തീപ്പിടിത്തം; ആളപായമില്ല
സൂഖിലെ ഒരു ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
മനാമ | ബഹ്റൈൻ തലസ്ഥാനമായ മനാമയുടെ ഹൃദയഭാഗത്തുള്ള തിരക്കേറിയ മാർക്കറ്റിൽ വൻ തീപ്പിടിത്തം. മനാമ സൂക്കിലുണ്ടായ തീപ്പിടിത്തംത്തിൽ നിരവധി കടകൾ കത്തിനശിച്ചു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം സൂഖിലെ ഒരു ബഹുനില കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.
സൂഖിലെ സിറ്റി മാക്സ് ഷോപ്പിന് പിറകിലുളള മാളിനാണ് തീ പിടിച്ചത്. അടുത്തടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടർന്നു. പല കടകളും പൂർണ്ണമായും കത്തിനശിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ബഹ്‌റൈനിലെ അഗ്നിശമന സേനയും രക്ഷാ സേനയുമായ സിവിൽ ഡിഫൻസ് ദ്രുതഗതിയിൽ എത്തി തീ അണച്ചു. തീപ്പിടിത്തത്തിൻ്റെ കാരണം, നാശനഷ്ടത്തിൻ്റെ വ്യാപ്തി, എന്തെങ്കിലും പരിക്കുകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല.
കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ അമ്പതോളം പേർ മരിച്ച വാർത്തക്ക് പിന്നാലെയാണ് മനാമയിലും തീപ്പിടിത്തമുണ്ടായതായി വാർത്തകൾ വരുന്നത്.