National
ഡല്‍ഹി ഷാദ്രയില്‍ വന്‍ തീപിടിത്തം; രണ്ട് കുട്ടികളടക്കം നാല് പേര്‍ വെന്തു മരിച്ചു
വ്യാഴാഴ്ച പുലര്‍ച്ചെ 5.20 ഓടെ ഷാദ്രയിലെ ശാസ്ത്രി നഗര്‍ പ്രദേശത്ത് വന്‍ തീപിടിത്തം ഉണ്ടായതായി വിവരം ലഭിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.
ന്യൂഡല്‍ഹി| ഡല്‍ഹിയിലെ ഷാദ്രയില്‍ വന്‍ തീപിടിത്തം. ഷാദ്രയിയെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ രണ്ട് കുട്ടികള്‍ അടക്കം നാല് പേര്‍ വെന്തു മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 5.20 ഓടെ ഷാദ്രയിലെ ശാസ്ത്രി നഗര്‍ പ്രദേശത്ത് വന്‍ തീപിടിത്തം ഉണ്ടായതായി വിവരം ലഭിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.
മനോജ് (30), ഭാര്യ സുമന്‍ (28), അഞ്ചും മൂന്നും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളും മരിച്ചു. മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. കുറച്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരുമോ എന്ന ആശങ്കയിലാണെന്ന് അധികൃതര്‍ പറഞ്ഞു.
വിവരമറിഞ്ഞ് അഞ്ചരയോടെ പോലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പോലീസാണ് ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന വാഹനങ്ങള്‍ ഉള്‍പ്പടെ കത്തി നശിച്ചതായാണ് വിവരം. ഇപ്പോഴും തീ പൂര്‍ണമായി അണയ്ക്കാനായുള്ള ശ്രമത്തിലാണെന്ന് പോലീസ് അറിയിച്ചു.