International
ഗാസയിൽ വൻ തീപിടുത്തം; 21 പേർ മരിച്ചു
കെട്ടിടത്തിനുള്ളിൽ വലിയ അളവിൽ ഗ്യാസോലിൻ സൂക്ഷിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം
ഗാസ സിറ്റി | ഗാസയിൽ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 21 മരണം. വടക്കൻ ഗാസയിലെ സാതർ ഏരിയയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. സിവിൽ ഡിഫൻസ് ജീവനക്കാർ 21 മൃതദേഹങ്ങൾ കണ്ടെടുത്തു. കെട്ടിടത്തിനുള്ളിൽ വലിയ അളവിൽ ഗ്യാസോലിൻ സൂക്ഷിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗാസ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
നാല് നിലകളുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് ഒരു മണിക്കൂറിലധികം പരിശ്രമിക്കേണ്ടിവന്നു. കെട്ടിടത്തിൽ നിന്ന് ആളുകളുടെ നിലവിളി കേൾക്കുന്നുണ്ടെങ്കിലും തീയുടെ തീവ്രത കാരണം അകത്ത് കുടുങ്ങിയവരെ സഹായിക്കാനായില്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
തീപിടുത്തത്തിൽ പലർക്കും പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ആവശ്യമെങ്കിൽ മെഡിക്കൽ സഹായം നൽകാൻ തയ്യാറാണെന്ന് ഇസ്റാഈൽ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.