Uae
ദുബൈയില്‍ വന്‍ ആന്തരിക റോഡ് പദ്ധതി
3.7 ബില്യണ്‍ ദിര്‍ഹം വകയിരുത്തി.
ദുബൈ| എമിറേറ്റില്‍ 634 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആന്തരിക റോഡുകള്‍ക്കായുള്ള പഞ്ചവത്സര പദ്ധതിക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. 3.7 ബില്യണ്‍ ദിര്‍ഹം ചെലവിലാണ് 12 പാര്‍പ്പിട, വാണിജ്യ, വ്യാവസായിക മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന 21 പദ്ധതികള്‍ നടപ്പാക്കുകയെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മതാര്‍ അല്‍ തായര്‍ പറഞ്ഞു.
482 ഹൗസിംഗ് യൂണിറ്റുകള്‍ ഉള്‍പ്പെടുന്ന നാദ് അല്‍ ശിബ 3 ലെ മുഹമ്മദ് ബിന്‍ റാശിദ് ഹൗസിംഗ് പ്രോജക്റ്റിലും അല്‍ അമര്‍ദിയിലും ആന്തരിക റോഡുകള്‍ നിര്‍മിക്കും. അടുത്തവര്‍ഷം ഈ പദ്ധതി പൂര്‍ത്തിയാക്കും. 100 ഹൗസിംഗ് യൂണിറ്റുകളുള്ള ഹത്തയിലെ മുഹമ്മദ് ബിന്‍ റാശിദ് ഹൗസിംഗ് പ്രോജക്റ്റില്‍ ആന്തരിക റോഡുകള്‍ വികസിപ്പിക്കും. 2026ല്‍ നദ്ദ് ഹിസ്സയിലും അല്‍ അവീര്‍ ഒന്നിലും 92 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മിക്കും.
അല്‍ അത്ബ, മുശ്രിഫ്, ഹത്ത എന്നിവിടങ്ങളിലെ 45 കിലോമീറ്റര്‍ റോഡുകളും വര്‍സാന്‍ 3 (ഇന്‍ഡസ്ട്രിയല്‍ ഏരിയ)യിലെ 14 കിലോമീറ്റര്‍ റോഡുകളും 2027-ല്‍ ഏറ്റെടുത്ത് വികസിപ്പിക്കും. 2028-ല്‍, 284 കിലോമീറ്ററിലധികം നീളുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്റേണല്‍ റോഡ് പ്രോജക്ടുകളിലൊന്നായ അല്‍ അവീര്‍ ഒന്ന്, വാദി അല്‍ അമര്‍ദി, ഹിന്ദ് മൂന്ന് എന്നിവ നിര്‍മിക്കും. ഇതില്‍ അല്‍ അവീര്‍ ഒന്നിലെ 221 കിലോമീറ്റര്‍, വാദി അല്‍ അമര്‍ദിയില്‍ 22 കിലോമീറ്റര്‍, ഹിന്ദ് മൂന്നില്‍ 41 കിലോമീറ്റര്‍ എന്നിങ്ങനെയാണ് റോഡിന്റെ വ്യാപ്തി. ഹിന്ദ് നാലില്‍ 39 കിലോമീറ്ററും അല്‍ യലായിസ് അഞ്ചില്‍ 161 കിലോമീറ്ററും ഉള്‍പ്പെടുന്ന 200 കിലോമീറ്റര്‍ ഇന്റേണല്‍ റോഡുകള്‍ നിര്‍മിക്കുന്ന പ്രോജക്ട് 2029ല്‍ ആരംഭിക്കും.