Connect with us

National

കടലിൽ വൻ മയക്കുമരുന്ന് വേട്ട; 3,300 കിലോ നിരോധിത ലഹരി ഉത്പനങ്ങൾ പിടികൂടി

അളവിന്റെ കാര്യത്തിൽ അടുത്ത കാലത്ത് കടലിൽ നിന്ന് പിടിച്ചെടുത്തതിൽ ഏറ്റവും വലുതാണ് ഇപ്പോൾ പിടിച്ചെടുത്ത ലഹരി ഉത്പന്നങ്ങൾ.

Published

|

Last Updated

പോർബന്തർ | ഇന്ത്യൻ നാവികസേന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുമായി ചേർന്ന് കടലിൽ നടത്തിയ ഓപ്പറേഷനിൽ 3300 കിലോഗ്രാം ലഹരി കള്ളക്കടത്ത് പിടികൂടി. 3089 കിലോഗ്രാം ചരസും 158 കിലോഗ്രാം മെത്താംഫെറ്റാമൈനും 25 കിലോഗ്രാം മോർഫിനുമാണ് പിടികൂടിയത്. ലഹരിയുമായി എത്തിയ ബോട്ട് പോർബന്തർ തീരത്ത് നാവികസേന പിടിച്ചെടുക്കുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന അഞ്ച് ജീ്വനക്കാരെയും കസ്റ്റഡിയിലെടുത്തു. ഇവർ ഇറാൻ, പാക്കിസ്ഥാൻ സ്വദേശികളാണ്.

കടലിൽ നിരീക്ഷണ ദൗത്യത്തിൽ ഏർപ്പെട്ട പി 81 എല ആർ എം ആർ വിമാനത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. ഇതേ തുടർന്ന് കടലിൽ വിന്യസിച്ച നാവികസേനാ കപ്പൽ സംശയാസ്പദ സാഹചര്യത്തിൽ എത്തിയ ബോട്ട് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിടികൂടിയ ബോട്ട് അതിലെ ജീവനക്കാർ സഹിതം എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾക്ക് കൈമാറിയതായി ഇന്ത്യൻ നാവികസേന അറിയിച്ചു.

അളവിന്റെ കാര്യത്തിൽ അടുത്ത കാലത്ത് കടലിൽ നിന്ന് പിടിച്ചെടുത്തതിൽ ഏറ്റവും വലുതാണ് ഇപ്പോൾ പിടിച്ചെടുത്ത ലഹരി ഉത്പന്നങ്ങൾ.