Connect with us

National

മധ്യപ്രദേശില്‍ വന്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ച

പേപ്പര്‍ ചോര്‍ച്ച ആരോപണം സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ചു.

Published

|

Last Updated

ഭോപ്പാല്‍| മധ്യപ്രദേശില്‍ 20 ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ ബോര്‍ഡ്  പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച സര്‍ക്കാരിന് മേല്‍ കടുത്ത സമര്‍ദ്ദം ഉണ്ടാക്കുന്നു. ഇതുവരെ നടന്ന 15 പരീക്ഷകളില്‍ 12 എണ്ണത്തിന്റെയും ചോദ്യപേപ്പറുകള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നതായും സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ 299 രൂപയ്ക്ക് വില്‍ക്കുന്നതായും ആക്ഷേപമുണ്ട്.

പേപ്പര്‍ ചോര്‍ച്ച ആരോപണം സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ചു. എന്നാല്‍ ചോദ്യപേപ്പര്‍ കൈകാര്യം ചെയ്‌തെന്നാരോപിച്ച് അധ്യാപകരും ജീവനക്കാരുമടക്കം 35 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ധറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ 12-ാം ക്ലാസ് വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ജില്ലാ ഭരണകൂടം ഇടപെട്ട് അധ്യാപകരെയും സ്‌കൂള്‍ ക്ലര്‍ക്കിനെയും അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു ദിവസം റെയ്സന്‍ ജില്ലയില്‍ 600 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ചോര്‍ന്ന ചോദ്യപേപ്പറുകള്‍ നല്‍കി മന്ദിദീപ് എന്ന പ്രതി 4 ലക്ഷത്തിലധികം രൂപ സമ്പാദിച്ചു.

ഈ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസില്‍, ദാമോയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ 12-ാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഫിസിക്സ് പേപ്പര്‍ ചോര്‍ന്നു. ജില്ലാ കളക്ടര്‍ എസ് കൃഷ്ണ ചൈതന്യ ഇടപെട്ട് സ്‌കൂളിലെ പ്യൂണിനെ അറസ്റ്റ് ചെയ്തു. അടുത്ത ദിവസം, ഉമരിയയിലെ സെന്റ് സേവ്യേഴ്സ് സ്‌കൂളില്‍ 12-ാം ക്ലാസ് ബോര്‍ഡുകളുടെ കണക്ക് പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് 5 പേര്‍ അറസ്റ്റിലായി. ഹിന്ദി, ഇംഗ്ലീഷ്, ബയോളജി, ഫിസിക്സ്, മാത്സ് എന്നീ വിഷയങ്ങളുടെ ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി, മാര്‍ച്ച് 1 ന് ഷെഡ്യൂള്‍ ചെയ്ത പേപ്പര്‍ മാര്‍ച്ച് 1 ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതായി ആരോപിക്കപ്പെടുന്നു. മാര്‍ച്ച് 11 ന്, പത്താം ക്ലാസിലെ കണക്ക് പേപ്പര്‍ പരീക്ഷ ആരംഭിക്കുന്നതിന് 21 മിനിറ്റ് മുമ്പ് വൈറലായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം പത്താം ക്ലാസ് സംസ്‌കൃത പേപ്പര്‍ പരീക്ഷയ്ക്ക് 50 മിനിറ്റ് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വന്നു.

പ്രതിപക്ഷമായ കോണ്‍ഗ്രസാണ് വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. 10, 12 ക്ലാസുകളിലെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നതായി പ്രതിപക്ഷ നേതാവ് ഡോ. ഗോവിന്ദ് സിംഗ് പറഞ്ഞു.

സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിംഗ് പര്‍മര്‍ ആരോപണം നിഷേധിച്ചു. ‘വൈറല്‍ ആയ ചോദ്യപേപ്പറുകള്‍ ഞങ്ങള്‍ പരിശോധിച്ചു. അവ വ്യാജമാണ്. കുട്ടികളെ ആശയക്കുഴപ്പത്തിലാക്കാനാണ് ഇത് ചെയ്യുന്നത്. ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയിട്ടുണ്ട്.പ്രചരിപ്പിച്ച എല്ലാവരെയും ഞങ്ങള്‍ കണ്ടെത്തും. ആരെങ്കിലും കുറ്റക്കാരായവരെ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

---- facebook comment plugin here -----

Latest