Connect with us

Kerala

മാടായി കോളജ് നിയമന വിവാദം: ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് എം കെ രാഘവന്‍ എം പി

പിഎസ്‌സി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നിയമനം നടന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| മാടായി കോ ഓപറേറ്റിവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് നിയമന വിവാദവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് എം കെ രാഘവന്‍ എം പി. പിഎസ്‌സി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നിയമനം നടന്നത്. രാഷ്ട്രീയം നോക്കി നിയമനം നടത്താനാവില്ലെന്നും സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും രാഘവന്‍ പറഞ്ഞു. സുപ്രീം കോടതി നിബന്ധനകള്‍ക്ക് വിധേയമായാണ് നിയമനം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോളജില്‍ നാല് അനധ്യാപക തസ്തികകള്‍ നിയമം നടക്കാതെ ഒഴിഞ്ഞുകിടക്കുകയയിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 83 അപേക്ഷകരെത്തി. ഓഫീസ് അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡര്‍, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് എന്നിങ്ങനെയുള്ള തസ്തികകളിലേക്കായിരുന്നു നിയമനം. ഓഫീസ് അറ്റന്‍ഡര്‍ തസ്തിക ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്തതാണ്. അന്ധരായ അപേക്ഷകരില്ലാത്തതിനാല്‍ ബധിരനായ ആള്‍ക്ക് നിയമനം നല്‍കുകയായിരുന്നു.

സുപ്രീം കോടതി നിര്‍ദേശം പാലിച്ചാണ് ഈ പോസ്റ്റില്‍ നിയമനം നടത്തിയത്. ഇന്റര്‍വ്യൂ നടത്തിയത് താനല്ലെന്നും ജോയിന്റ് സെക്രട്ടറി തലത്തിലെ ഉദ്യോഗസ്ഥനാണെന്നും എംകെ രാഘവന്‍ പറഞ്ഞു. നിയമനം കിട്ടിയ ആള്‍ ബന്ധുവായിരിക്കാം. എന്നാല്‍ ആ ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല നിയമനം നല്‍കിയത്. തന്റെ കൈകള്‍ പരിശുദ്ധമെന്നും ഒരാളുടെ കൈയില്‍ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും എംകെ രാഘവന്‍ പറഞ്ഞു.

മാടായി കോളജിനെ കുറിച്ച് പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് രാഘവന്‍ വ്യക്തമാക്കി. തന്റെ 29ാമത്തെ വയസില്‍ താന്‍ മുന്‍കൈയെടുത്താണ് കോളജ്  ആരംഭിച്ചത്.  ഏഴ് മാസം മുന്‍പാണ് താന്‍ ഒടുവില്‍ കോളജ് ചെയര്‍മാനായത്. എന്നാല്‍ താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയിട്ടും നിര്‍ബന്ധിച്ച് തന്നെ ഏല്‍പ്പിച്ചതിനാലാണ് സ്ഥാനം ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡയറക്ടര്‍ ബോര്‍ഡംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തത് തന്നോടാലോചിക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില്‍ ആളുകളെ ഇളക്കി വിടുന്നതിന് പിന്നില്‍ കോണ്‍ഗ്രസാണോയെന്ന് എം കെ രാഘവന്‍ ചോദിച്ചു. തന്റെ കോലം കത്തിച്ചത് തന്നെ കത്തിക്കുന്നതിന് തുല്യമാണ്. കോണ്‍ഗ്രസുകാര്‍ തന്നെയാണ് അത് ചെയ്തത്. തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും സ്ഥാപനത്തെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതിന് പിന്നിലെന്നും എംകെ രാഘവന്‍ പറഞ്ഞു.

 

 

 

Latest