Connect with us

mathew kuzhal nadan

മാത്യു കുഴല്‍നാടന്‍ പാര്‍പ്പിടം റിസോര്‍ട്ടിന്റെ ഭാഗമാക്കിയതായി കണ്ടെത്തി

ഭൂപതിവ് ചട്ടങ്ങളുടെ ലംഘനം നടത്തിയെന്നു തെളിയുന്നു

Published

|

Last Updated

ഇടുക്കി | മാത്യു കുഴല്‍നാടന്‍ എം എല്‍ എ ചിന്നക്കനാലിലെ തന്റെ റിസോര്‍ട്ടില്‍ പാര്‍പ്പിട ആവശ്യത്തിന് നിര്‍മിച്ച രണ്ട് കെട്ടിടങ്ങള്‍ റിസോര്‍ട്ടിന്റെ ഭാഗമാക്കിയതായി കണ്ടെത്തി.
വീട് വയ്ക്കാന്‍ എന്‍ ഒ സി വാങ്ങിയ കെട്ടിടം റിസോര്‍ട്ടിനായി ഉപയോഗിച്ചതിലൂടെ ഭൂപതിവ് ചട്ടങ്ങളുടെ ലംഘനം മാത്യു കുഴല്‍നാടന്‍ നടത്തി.
2018 ലാണ് ഈ കെട്ടിടങ്ങള്‍ പണിതത്. ചിന്നക്കനാല്‍ പഞ്ചായത്ത് റിസോര്‍ട്ടിന് ലൈസന്‍സ് പുതുക്കി നല്‍കുകി. കപ്പിത്താന്‍സ് ഡെയ്ല്‍ എന്ന പേരിലാണ് മാത്യു കുഴല്‍നാടനും പത്തനംതിട്ട സ്വദേശികളായ രണ്ട് പേരും ചേര്‍ന്ന് റിസോര്‍ട്ട് നടത്തുന്നത്. മൂന്ന് കെട്ടിടങ്ങളാണ് ഇവിടുള്ളത്.

4000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു കെട്ടിടവും 850 ചതുരശ്ര അടിയോളം വിസ്തൃതിയുള്ള രണ്ട് ഇരുനില കെട്ടിടങ്ങളുമാണിവ. വലിയ കെട്ടിടം റിസോര്‍ട്ട് ആവശ്യത്തിനും ഇരുനില കെട്ടിടങ്ങള്‍ പാര്‍പ്പിട ആവശ്യത്തിനും നിര്‍മിച്ചതാണെന്നാണു പഞ്ചായത്ത് രേഖകളിലുള്ളത്.
രണ്ട് പേര്‍ക്ക് വീട് വയ്ക്കുന്നതിനാണ് റവന്യൂ വകുപ്പ് എന്‍ ഒ സി നല്‍കിയതും. 2022 ഫെബ്രുവരി ഏഴിനാണ് ഈ രണ്ട് കെട്ടിടങ്ങള്‍ മാത്യു കുഴല്‍നാടന്‍ ഉള്‍പ്പെട്ട സംഘത്തിന്റെ പേരില്‍ ആധാരം രജിസ്റ്റര്‍ ചെയ്തത്. ആധാര പ്രകാരം 18,84,000 രൂപക്കാണ് വാങ്ങിയിരിക്കുന്നത്. എന്നാല്‍ ഇതിന് മുന്‍പ് തന്റെ കൈവശം ഈ റിസോര്‍ട്ടുള്‍പ്പെടെയുള്ള ഭൂമിയുണ്ടായിരുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ സമ്മതിച്ചിരുന്നു.

2014 നു ശേഷം ചിന്നക്കനാല്‍ ഉള്‍പ്പെടെയുള്ള എട്ടു വില്ലേജുകളില്‍ റവന്യൂ വകുപ്പിന്റെ എന്‍ ഒ സി വാങ്ങിയ ശേഷമേ കെട്ടിടം നിര്‍മിക്കാനാകൂ. പട്ടയത്തിലെ വ്യവസ്ഥകള്‍ പാലിക്കേണ്ടതിനാല്‍ വീട് വയ്ക്കുന്നതിനു മാത്രമാണ് ഇപ്പോള്‍ എന്‍ ഒ സി നല്‍കുന്നത്.

നികുതി വെട്ടിപ്പ് ആരോപണത്തില്‍ മാത്യു കുഴല്‍നാടന്‍ എം എല്‍ എ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ വിശദീകരണം സി പി എം തള്ളി. ന്യായവിലയുടെ അടിസ്ഥാനത്തിലല്ല സംസ്ഥാനത്ത് ഭൂമിക്കച്ചവടം നടക്കുന്നത്. ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ മാത്യു കുഴല്‍നാടന്‍ കൃത്യമായ മറുപടി പറയട്ടെയെന്നും അതിനുശേഷം വെല്ലുവിളി ഏറ്റെടുക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നുമാണ് സി പി എം നിലപാട്.

ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വളരെ ഗുരുതരമായ ആരോപണമാണ് തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. കള്ളപ്പണം വെളിപ്പിക്കല്‍ രാജ്യദ്രോഹത്തോളം ഗൗരവമുള്ള കുറ്റമാണെന്നും പറഞ്ഞു.

മാത്യു കുഴല്‍നാടന്‍ നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്നാണ് സി പി എം ആരോപിക്കുന്നത്.

Latest