Connect with us

Kerala

മാത്യു കുഴല്‍നാടന്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി; വിജിലന്‍സ് കണ്ടെത്തല്‍ ശരിവച്ച് റവന്യു വകുപ്പ്

ഇത് സംബന്ധിച്ച് ഉടുമ്പന്‍ ചോല ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

Published

|

Last Updated

ഇടുക്കി| മാത്യു കുഴല്‍നാടന്‍ എംഎല്‍എ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ ശരിവച്ച് റവന്യു വകുപ്പ്. ചിന്നക്കനാലില്‍ 50 സെന്റ് അധിക ഭൂമിയുണ്ടെന്ന വിജിലന്‍സ് കണ്ടെത്തലാണ് റവന്യൂ വിഭാഗം ശരിവച്ചത്. വില്ലേജ് സര്‍വേയര്‍ സ്ഥലം അളന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ ഭൂമി കണ്ടെത്തിയത്.  ഇത് സംബന്ധിച്ച് ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

മൂന്ന് ആധാരങ്ങളിലായി ഒരേക്കര്‍ 23 സെന്റ് ഭൂമിയാണ് മാത്യു കുഴല്‍നാടന്റെ പേരിലുള്ളത്. അധികമായി കൈവശമുള്ള ഭൂമിയുടെ കാര്യത്തില്‍ എന്ത് നടപടി സ്വീകരക്കണമെന്ന് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പട്ടയത്തില്‍ ഉള്ളതിനേക്കാള്‍ 50 സെന്റ് അധിക ഭൂമി മാത്യു കുഴല്‍നാടന്റെ കൈവശമുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. സ്ഥിരീകരിക്കുന്നതിനുവേണ്ടി വിജിലന്‍സ് സര്‍വേ വിഭാഗത്തിന്റെ സഹായത്തോടെ സ്ഥലം അളന്നിരുന്നു. ഈ സര്‍വേയിലാണ് അധിക ഭൂമിയുണ്ടെന്ന് കണ്ടെത്തിയത്.

50 സെന്റ് പുറമ്പോക്കു കയ്യേറി മാത്യു കുഴല്‍നാടന്‍ മതില്‍ നിര്‍മിച്ചു, ഭൂമി റജിസ്ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തി, സ്ഥലം വാങ്ങുമ്പോള്‍ ഉണ്ടായിരുന്ന 1000 ചതുരശ്രയടി കെട്ടിടത്തിന്റെ കാര്യം മറച്ചുവച്ച് നികുതി വെട്ടിപ്പ് നടത്തി എന്നെല്ലാമാണ് വിജിലന്‍സ് കണ്ടെത്തല്‍. ഈ സ്ഥലത്തില്‍ മിച്ചഭൂമിയുള്ള വിവരം മറച്ചുവച്ചാണ് സ്ഥലം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2008 ലെ മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ട സ്ഥലത്താണ് മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്.

 

 

 

 

Latest