Kerala
മാസപ്പടി കേസില്‍ വിജിലന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് മാത്യു കുഴല്‍നാടന്‍
ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
കൊച്ചി | മാസപ്പടി കേസില്‍ വിജിലന്‍സ് കോടതി വിധിക്കെതിരേ ഹൈക്കോടതിയില്‍ ഹരജി നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മുഖ്യമന്ത്രിക്കും മകള്‍ വീണവിജയനുമെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഹരജി വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
ഹരജിയില്‍ ആരോപണങ്ങള്‍ മാത്രമാണെന്നും മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ തെളിവുകളൊന്നുമി്‌ല്ലെന്നും നിരീക്ഷിച്ചാണ് കുഴല്‍നാടന്റെ ഹരജി വിജിലന്‍സ് കോടതി തള്ളിയത്. ഹര്‍ജി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും രാഷ്ട്രീയ പ്രേരിതമായ ആരോപണമെന്ന വാദം ശക്തിപ്പെടുത്തുന്നതാണെന്നും കോടതി വിമര്‍ശമുന്നയിച്ചിരുന്നു. വിജിലന്‍സ് കോടതിയുടെ ഈ നിരീക്ഷണം പുനഃപരിശോധിക്കുന്നതിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കുഴല്‍നാടന്‍ ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.