cover story
മൗലിദും ചക്കര ചോറിന്റെ മധുരവും
റബീഉൽ അവ്വൽ പിറന്ന് കഴിഞ്ഞാൽ പല വീടുകളിലും രാത്രി മൗലിദ് പാരായണമുണ്ടാകും. കല്യാണത്തിന് ( ഞങ്ങൾ നാട്ടിൽ മംഗലം എന്ന് പറയും) ക്ഷണിക്കുന്നത് പോലെ ഓരോ ദിവസവും മഗ്‌രിബ് കഴിഞ്ഞാൽ മൗലിദിന് ക്ഷണമുണ്ടാകും.മൊബൈലും വാട്സ്ആപ്പും ഇല്ലാത്ത കാലത്ത് നേരിട്ട് വീട്ടിലെത്തിയാണ് ഓരോരുത്തരെയും ക്ഷണിക്കുക. ഞങ്ങൾ കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ വേള ഞങ്ങൾക്ക് ഒന്നിച്ചു കൂട്ടുകൂടാനുള്ള അവസരം കൂടിയാണ്.
നബിദിനത്തെപ്പറ്റിയുള്ള ഓർമകളത്രയും കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. പാറക്കടവ് അന്ന് ചെറിയൊരു അങ്ങാടിയാണ്. തഅലീ മുസ്സിബിയാൻ മദ്റസയിലെ പഠനകാലമാണ് എനിക്ക് പ്രസംഗകലയിൽ താത്്പര്യമുണ്ടാക്കിത്തന്നത്. അന്ന് ഉസ്താദുമാരും മുതിർന്ന കോളജ് വിദ്യാർഥികളുമൊക്കെ എഴുതിത്തരുന്ന പ്രസംഗങ്ങൾ കാണാപ്പാഠം പഠിച്ചു ഞങ്ങൾ നബിദിനത്തിന് പ്രസംഗിക്കുമായിരുന്നു. സഭാ കമ്പമില്ലാതെ പ്രസംഗിക്കാൻ പിന്നീട് കഴിഞ്ഞത് മദ്റസാ കാലത്തെ ഈ പരിശീലനമായിരുന്നു. അന്നത്തെ ചക്കര ചോറിന്റെ മധുരം ഇന്നും നാവിലുണ്ട്.
റബീഉൽ അവ്വൽ പിറന്ന് കഴിഞ്ഞാൽ പല വീടുകളിലും രാത്രി മൗലിദ് പാരായണമുണ്ടാകും. കല്യാണത്തിന് ( ഞങ്ങൾ നാട്ടിൽ മംഗലം എന്ന് പറയും) ക്ഷണിക്കുന്നത് പോലെ ഓരോ ദിവസവും മഗ്‌രിബ് കഴിഞ്ഞാൽ മൗലിദിന് ക്ഷണമുണ്ടാകും. മൊബൈലും വാട്സ്ആപ്പും ഇല്ലാത്ത കാലത്ത് നേരിട്ട് വീട്ടിലെത്തിയാണ് ഓരോരുത്തരെയും ക്ഷണിക്കുക. ഞങ്ങൾ കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ വേള ഞങ്ങൾക്ക് ഒന്നിച്ചു കൂട്ട് കൂടാനുള്ള അവസരം കൂടിയാണ്.
അടുത്ത വീടുകളിൽ നിന്നും ബന്ധു വീടുകളിൽ നിന്നും ക്ഷണിക്കാൻ ആള് വരും. “നാളെ മൗലിദാണ് വരണം’.
ഞങ്ങളുടെ പൊന്നങ്കോട്ട് തറവാട്ടിലും ഒരു പാട് ആളുകളെ ക്ഷണിച്ചു മൗലിദ് നടത്താറുണ്ട്.
അന്നൊക്കെ ബഡാപ്പുറത്തു നിറയെ മെഴുകുതിരികൾ കത്തിച്ചു വട്ടത്തിൽ ഇരുന്നാണ് മൗലിദ് ഓതുക. അത് കഴിഞ്ഞാൽ നെയ്ച്ചോറും ഇറച്ചിക്കറിയും. അത് കൊണ്ട് തന്നെ റബീഉൽ അവ്വലിന്റെ ഓർമ കത്തിച്ചു വെച്ച മെഴുകുതിരികളുടെ വെളിച്ചമാണ്. (ലോകത്തിനു തന്നെ വെളിച്ചം ലഭിച്ച ഒരു ജന്മദിനത്തെ വെളിച്ചം കൊണ്ട് തന്നെ അടയാളപ്പെടുത്തുന്നതാവാം.)
നെയ്‌ച്ചോറിന്റെയും ഇറച്ചിക്കറിയുടെയും രുചിയാണ്. മുസ്്ല്യാക്കന്മാർ നീട്ടി ചൊല്ലുന്ന മൗലിദിന്റെ ഈണമാണ്.
മൗലിദ് പാരായണത്തിന് കൂട്ടത്തിൽ ഞങ്ങൾ കുട്ടികളും ഇരിക്കും. ഇന്നും അതിലെ വരികൾ മനസ്സിൽ മായാതെയുണ്ട്. അക്കാലത്ത് പാറക്കടവിലും പരിസരങ്ങളിലൊന്നും നബിദിനഘോഷയാത്രകൾ ഉണ്ടായിരുന്നില്ല. മുതിർന്നപ്പോഴാണ് പിൽക്കാലത്ത് ശ്രീനാരായണ ഗുരു സ്വാമികൾ വിശേഷിപ്പിച്ച “കരുണാവാൻ നബി മുത്തു രത്ന’ത്തെക്കുറിച്ചുള്ള കവിതകളും പുസ്തകങ്ങളുമൊക്കെ വായിക്കുന്നത്.