Kerala
മൗലിദുല്‍ അക്ബറും തബറുകുല്‍ ആസാറും സെപ്തം: ഒമ്പതിന് ജാമിഉല്‍ ഫുതൂഹില്‍
ഇന്ത്യയിലെ ഏറ്റവും വലിയ തിരുനബി പ്രകീര്‍ത്തന സദസ്സിന് ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദ് സാക്ഷ്യം വഹിക്കും.
കോഴിക്കോട് | മര്‍കസ് മീലാദ് കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അല്‍ മൗലിദുല്‍ അക്ബറും തബറുകുല്‍ ആസാറും സെപ്തം: ഒമ്പത് തിങ്കളാഴ്ച നടക്കും. ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദുകളില്‍ ഒന്നും ആസാറുകളുടെ സൂക്ഷിപ്പ് കേന്ദ്രവുമായ ജാമിഉല്‍ ഫുതൂഹാണ് മൗലിദുല്‍ അക്ബറിനും തബറുകുല്‍ ആസാറിനും വേദിയാകുന്നത്. സുബ്ഹി നിസ്‌കാരാനന്തരം ആരംഭിക്കുന്ന പ്രകീര്‍ത്തന സദസ്സുകള്‍ ളുഹ്ര് നിസ്‌കാരത്തോടെയാണ് സമാപിക്കുക.
2011 മുതല്‍ എല്ലാ റബീഉല്‍ അവ്വല്‍ ആദ്യ തിങ്കളാഴ്ചയും നടന്നു വരുന്ന ഗ്രാന്‍ഡ് മൗലിദില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് സ്നേഹജനങ്ങളാണ് സംഗമിക്കാറുള്ളത്. കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി ഇരുപതോളം സംഘങ്ങള്‍ മൗലിദ് പാരായണങ്ങള്‍ക്ക് നേതൃത്വം നല്‍കും. സുബ്ഹി നിസ്‌കാരാനന്തരം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മീലാദ് സന്ദേശം നല്‍കും. മൗലിദ് സദസ്സ് 313 സദാത്തീങ്ങളുടെ സാന്നിധ്യം കൊണ്ട് പ്രൗഢമാകും. സമസ്തയുടെ സമുന്നത നേതൃത്വവും സംഘടനാ സാരഥികളും സംബന്ധിക്കും.
സുബ്ഹി നിസ്‌കാരാനന്തരം ഖസാനതുല്‍ ആസാറില്‍ നിന്നും പ്രമുഖരായ സാദാത്തീങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേകം സജ്ജീകരിച്ച റൗളത്തുല്‍ മുസ്തഫയില്‍ തബറുകുല്‍ ആസാറിന് വിശ്വാസികള്‍ക്ക് സൗകര്യമൊരുക്കും. പരിപാടിയുടെ വിജയത്തിനായി സുല്‍ത്വാനുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സി മുഹമ്മദ് ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി പി ഉബൈദുല്ല സഖാഫി, കൂറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, എ പി കരീം ഹാജി ചാലിയം, ഡോ. അബ്ദുസ്സലാം മുഹമ്മദ് എന്നിവര്‍ ഉപദേശക സമിതിയായും സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് ചെയര്‍മാനായും അക്ബര്‍ സ്വാദിഖ് കണ്‍വീനറായുമുള്ള 5,001 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു.
റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ 12 വരെ മഗ്‌രിബ് നിസ്‌കാരാനന്തരം ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്ന മൗലിദ് സദസ്സ് ‘മൗലിദുസ്സുറൂറി’ല്‍ ആയിരങ്ങള്‍ പങ്കെടുക്കും. സെപ്തം: ഏഴ്, എട്ട് തീയതികളില്‍ ഡോ. എ പി മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ രിസാലത്തുറസൂല്‍ പ്രഭാഷണവും നടക്കും.