Connect with us

തെളിയോളം

വെള്ളത്തുള്ളിയാകാം, ഉള്ളു പൊള്ളിക്കരുത്

ജലത്തിന് അതിന്റെ പരിസ്ഥിതിയെ ആശ്രയിച്ച് വ്യത്യസ്ത രൂപങ്ങൾ സ്വീകരിക്കാൻ കഴിയുന്നതുപോലെ, മാറുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും അതിനനുയോജ്യമായ വൈകാരിക പ്രതികരണം നടത്താനുമുള്ള വഴക്കമുള്ളവരായിരിക്കുക എന്നത് മികച്ച വൈദഗ്ധ്യം തന്നെയാണ്. വെള്ളത്തിന്റെ ഒഴുക്കു പോലെ ഒരു മഴക്കാലം വരുന്നത് വരെ കാത്തിരിക്കാനും മുന്നോട്ടു പോകേണ്ടിടത്ത് തടസ്സങ്ങൾ ഉയർന്നു നിൽക്കുമ്പോൾ ചെറു വിള്ളലിനിടയിലൂടെയെങ്കിലും വഴി കണ്ടെത്താനും കഴിയുന്നതാണ് ആ വൈദഗ്ധ്യം.

Published

|

Last Updated

“വെള്ളം പോലെ ആവണം’ എന്നത് വൈകാരിക നിയന്ത്രണത്തിനുള്ള ഒരു ഒറ്റവാക്യമായി ഓർത്തു വെച്ചോളൂ. ജലത്തിന് അതിന്റെ പരിസ്ഥിതിയെ ആശ്രയിച്ച് വ്യത്യസ്ത രൂപങ്ങൾ സ്വീകരിക്കാൻ കഴിയുന്നതുപോലെ, മാറുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും അതിനനുയോജ്യമായ വൈകാരിക പ്രതികരണം നടത്താനുമുള്ള വഴക്കമുള്ളവരായിരിക്കുക എന്നത് മികച്ച വൈദഗ്ധ്യം തന്നെയാണ്.

വെള്ളത്തിന്റെ ഒഴുക്കു പോലെ ഒരു മഴക്കാലം വരുന്നത് വരെ കാത്തിരിക്കാനും മുന്നോട്ടു പോകേണ്ടിടത്ത് തടസ്സങ്ങൾ ഉയർന്നു നിൽക്കുമ്പോൾ ചെറു വിള്ളലിനിടയിലൂടെയെങ്കിലും വഴി കണ്ടെത്താനും കഴിയുന്നതാണ് ആ വൈദഗ്ധ്യം.

പല തുള്ളിയാണ് പെരുവെള്ളം എന്നത് ശക്തിയുടെയും സമ്പാദ്യത്തിന്റെയും മാത്രം സൂത്രവാക്യമല്ല. നമുക്കുള്ളിൽ നാം സംഭരിക്കുന്ന വിവിധ വികാരങ്ങളുടെ കാര്യത്തിലും ഈ തത്വത്തിന് ഇടമുണ്ട്. അണകെട്ടി നിർത്താനും അവശ്യ ഘട്ടങ്ങളിൽ നിയന്ത്രിതമായി തന്നെ തുറന്നു വിടാനും കഴിയുന്നതാവണം നമ്മുടെ വൈകാരിക ഭാവങ്ങൾ. അത് പ്രളയമോ ഉരുൾപൊട്ടലോ ഉണ്ടാക്കുന്നതാവുകയുമരുത്. നമുക്കുള്ളിൽ കുമിഞ്ഞു കൂടുന്ന നിഷേധാത്മക വിചാരങ്ങളെ ശുദ്ധീകരിക്കാനും നമ്മുടെ പ്രവൃത്തികളും പെരുമാറ്റങ്ങളും പച്ചവെള്ളം പോലെ സ്വഭാവികമാക്കാനും കഴിയുന്നവിധം വൈകാരിക നിയന്ത്രണം സാധ്യമാക്കുന്നതെങ്ങനെ?

മിനുട്ടുകൾക്ക് മുമ്പ് അനൗപചാരിക സംഭാഷണത്തിൽ മനം തുറന്ന് ചിരിച്ച, ഒരു നടന് സംവിധായകൻ ആക്ഷൻ പറഞ്ഞാൽ ആവശ്യാനുസരണം കരയാനും അൽപ്പം കഴിഞ്ഞ് മറ്റൊരു സീനിൽ നിഷ്പ്രയാസം ഗൗരവപൂർവം ദേഷ്യപ്പെടാനുമൊക്കെ സാധിക്കുന്നത് എങ്ങനെയാണെന്നന്വേഷിച്ചു നോക്കൂ. അവർ ജീവിതത്തിൽ യഥാർഥത്തിൽ കരഞ്ഞതും കോപിച്ചതുമായ സന്ദർഭങ്ങൾ ഓർക്കുകയും ആ മാനസികാവസ്ഥ ഉള്ളിൽ നിന്നെടുത്ത് തത്ക്ഷണം ഉപയോഗിക്കുകയുമാണെന്നായിരിക്കും അവരുടെ മറുപടി. ശരിക്കും പറഞ്ഞാൽ ഫ്രീസറിൽ വെച്ച ഭക്ഷണം എടുത്തുപയോഗിക്കുന്നതുപോലെയാണ് വൈകാരിക പ്രതികരണങ്ങളുടെ പ്രയോഗ സാധ്യതകളെന്നർഥം.

സമയവും സന്ദർഭവും നോക്കാതെ പെരുമാറുകയും പിന്നീട് അതിന്റെ പരിണിതിയായി ഒരു ചങ്ങലയായി തൊട്ടതിനും പിടിച്ചതിനുമൊക്കെ എല്ലാവരോടും തട്ടിക്കയറുകയും ചെയ്യുന്നവർ പലപ്പോഴും ആ സ്വഭാവത്തിന് മറ്റുള്ളവരെ പ്രതിസ്ഥാനത്ത് നിർത്തുകയാണ് പതിവ്. ശരീരത്തിലെ എവിടെ തൊട്ടാലും വേദനിക്കുന്നുവെന്ന് പറഞ്ഞ് ഡോക്ടറെ സമീപിച്ച സർദാർജിയുടെ തല മുതൽ കാലുവരെ പല പരിശോധനകൾ നടത്തിയിട്ടും പ്രശ്നമെന്താണെന്ന് മനസ്സിലാവാതെ ഒടുവിൽ അയാൾ ശരീരഭാഗങ്ങളിൽ തൊടുന്ന ചൂണ്ടുവിരലിൽ ചതവുപറ്റിയതാണെന്ന് കണ്ടെത്തിയ ഒരു തമാശക്കഥയുണ്ട്. ഇതുപോലെ കോപമോ അനാവശ്യ സങ്കടമോ അടക്കമുള്ള നെഗറ്റീവ് വികാരപ്രകടനങ്ങൾക്കുള്ള കാരണങ്ങൾ നാം നമുക്കു പുറത്ത് അന്വേഷിക്കുന്നത് പമ്പര വിഡ്ഢിത്തമാണ്.

കഴിവും പരിശീലനവും സിദ്ധിച്ച ഒരു നടനെപ്പോലെ ഇഷ്ടാനുസരണം വികാരങ്ങൾ സംഭരിക്കാനും സന്ദർഭാനുസരണം അവ പുനരാവിഷ്കരിക്കാനും വൈദഗ്ധ്യമില്ലെങ്കിൽ അവിചാരിതമായി വികാരങ്ങൾ നിർലോഭം സംഭരിക്കപ്പെടുകയും പിന്നീട് ആകസ്മികമായി അവ പുനരുജ്ജീവിപ്പിക്കപ്പെടുകയും ചെയ്യും.

വെള്ളക്കെട്ടിൽ കിടന്നുകൊണ്ട് നിങ്ങൾക്ക് ഉണങ്ങാനാവില്ല. മഴ പെയ്യുമ്പോൾ വീടിനകത്ത് തന്നെ ഇരിക്കാനോ പുറത്താണെങ്കിൽ കുട ചൂടാനോ കഴിഞ്ഞാലല്ലേ നനയാതിരിക്കുകയുള്ളു. മാനസിക അച്ചടക്കത്തിനും ഇതുപോലെ നല്ല പരിശീലനം ആവശ്യമാണ്. വികാരങ്ങളുടെ കെട്ടുപൊട്ടുന്ന സന്ദർഭങ്ങളെ ശരിയാംവിധം നിരീക്ഷിച്ച് വൈദഗ്ധ്യത്തോടെ അവയെ കൈകാര്യം ചെയ്യുന്ന മെക്കാനിസം മെല്ലെ മെല്ലെ നിങ്ങളെ സന്തുലിതമായ തണുപ്പിലേക്കും ആർക്കും മുഖം നോക്കാവുന്ന തെളിമയിലേക്കും പരിവർത്തിപ്പിക്കും.

---- facebook comment plugin here -----

Latest