editorial
മികവിലേക്കുയരട്ടെ നമ്മുടെ വിദ്യാലയങ്ങൾ
അക്കാദമിക് നിലവാരത്തിലെ മികവ് വിദ്യാർഥികൾക്ക് ജീവിതത്തിലുടനീളം ഗുണം ചെയ്യും. ഇക്കാര്യത്തിൽ സമഗ്രമായ അക്കാദമിക് പ്ലാൻ ആവിഷ്കരിച്ച് സമയബന്ധിതമായി അത് നടപ്പാക്കാനുള്ള ശ്രമം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടതുണ്ട്.

വിദ്യാഭ്യാസ നിലവാരത്തിൽ കേരളത്തിലെ സ്‌കൂളുകളുടെ പിന്നാക്കാവസ്ഥക്ക് പരിഹാരം കാണാനുള്ള നിരന്തര ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. പരിശീലന കളരികളിലൂടെ അധ്യാപകരുടെ കഴിവ് മെച്ചപ്പെടുത്തൽ, അധ്യയന ദിവസങ്ങളുടെ എണ്ണം ഉയർത്തൽ, സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ഹൈടെക് പദ്ധതി തുടങ്ങി ഈ രംഗത്ത് പല പരീക്ഷണങ്ങളും മാറ്റങ്ങളും നടപ്പാക്കി. എന്നിട്ടും സ്‌കൂളുകളുടെ അക്കാദമിക് നിലവാരം ഉയരുന്നില്ല. നാസ് (നാഷനൽ അച്ചീവ്‌മെന്റ്സർവേ), ആസർ (Annual Status of Education Report) തുടങ്ങിയ സ്ഥാപനങ്ങൾ നടത്തിയ സർവേയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ജില്ലാതല സ്‌കൂൾ വിദ്യാഭ്യാസ പ്രകടന നിലവാര സൂചികയും കേരളത്തിലെ സ്‌കൂളുകൾ പഠനനിലവാരത്തിൽ പിന്നിലാണെന്നാണ് കാണിക്കുന്നത്.
2017, 2021, 2024 വർഷങ്ങളിലാണ് നാസ് പഠനം നടത്തിയത്. ഗണിത, ശാസ്ത്ര വിഷയങ്ങളിൽ കേരളത്തിൽ വിദ്യാർഥികൾ പിന്നിലാണെന്നാണ് പഠന റിപോർട്ട്. 2022ൽ ആസർ നടത്തിയ പഠനവും നമ്മുടെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയില്ലായ്മ വ്യക്തമാക്കുന്നു. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികളിൽ 55.7 ശതമാനം പേർക്ക് ഹരിക്കാനും 28.5 ശതമാനം പേർക്ക് കുറക്കാനും അറിയില്ലെന്നാണ് ആസറിന്റെ റിപോർട്ടിൽ പറയുന്നത്. സർക്കാർ സ്‌കൂളുകളെ അപേക്ഷിച്ച് സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർഥികളുടെ പഠന നിലവാരം മെച്ചമാണെന്നും റിപോർട്ട് വിലയിരുത്തുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2020-21, 2021-22 വർഷങ്ങളിലെ ജില്ലാതല സ്‌കൂൾ വിദ്യാഭ്യാസ പ്രകടനനിലവാര സൂചിക നൽകുന്ന വിവരവും നിരാശാജനകമാണ്. 2020-21 അധ്യയന വർഷത്തിൽ കേരളത്തിലെ എല്ലാ ജില്ലകളും 71 ശതമാനത്തിനും 80 ശതമാനത്തിനുമിടയിൽ പോയിന്റ്നേടി അതിഉത്തം വിഭാഗത്തിൽ ഇടംപിടിച്ചപ്പോൾ 2021-22 വർഷത്തിൽ ആലപ്പുഴ, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ഒഴികെയുള്ള ജില്ലകൾക്കേ അതിഉത്തം വിഭാഗത്തിൽ കടന്നുകയറാൻ സാധിച്ചുള്ളൂ. 61 ശതമാനത്തിനും 70 ശതമാനത്തിനുമിടയിൽ പോയിന്റ് നേടി ഉത്തം വിഭാഗത്തിലാണ് ഈ ജില്ലകൾ ഇടംപിടിച്ചത്. വിദ്യാഭ്യാസ നിലവാരം, ഫലപ്രദമായ ക്ലാസ്സ് റൂം ഇടപഴകൽ, അടിസ്ഥാന സൗകര്യങ്ങൾ, സ്‌കൂളുകളിലെ സുരക്ഷിതത്വം, ഡിജിറ്റൽ ലേണിംഗ്, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണനിർവഹണം എന്നീ ആറ് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രകടനനിലവാര സൂചിക
തയ്യാറാക്കുന്നത്.
ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കി അധ്യയന ദിനങ്ങളുടെ എണ്ണം 220 ആയി ഉയർത്തി പഠനനിലവാരം ഉയർത്താനൊരു ശ്രമം കഴിഞ്ഞ വർഷം വിദ്യാഭ്യാസ വകുപ്പ് നടത്തി. അധ്യാപകരുടെ നിസ്സഹകരണത്തെ തുടർന്ന് അത് പരാജയപ്പെട്ടു. പാഠ്യ,പാഠ്യേതര വിഷയങ്ങളുടെ ആകെത്തുകയാണ് വിദ്യാഭ്യാസം. സമയക്രമത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അളക്കേണ്ടതല്ല പഠന നിലവാരം. അധ്യയന ദിനങ്ങൾ വർധിപ്പിക്കുന്നത് വിദ്യാർഥികളെ മാനസിക സമ്മർദത്തിലാക്കുകയും പ്രതികൂല ഫലം സൃഷ്ടിക്കുകയും ചെയ്യുമെന്നുള്ള ന്യായവാദങ്ങളുയർത്തിയാണ് അധ്യാപകർ ഈ പരിഷ്‌കരണത്തെ എതിർ
ത്തത്.
ഏറ്റവുമൊടുവിൽ പഠന നിലവാരം അളക്കുന്നതിന് നാഷനൽ അച്ചീവ്‌മെന്റ്സർവേയുടെ മാതൃകയിൽ സ്റ്റേറ്റ് അച്ചീവ്‌മെന്റ്സർവേ (സാസ്) നടത്തി, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനപിന്തുണ നൽകാനുള്ള പദ്ധതിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലുള്ളത്. ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഭാഷ എന്നീ വിഷയങ്ങളിൽ കുട്ടികളിൽ പരീക്ഷ നടത്തിയായിരിക്കും പഠനനിലവാരം വിലയിരുത്തുക. ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ എല്ലാ സ്‌കൂളുകളിലും മാതൃകാപരീക്ഷകളും പ്രത്യേക പരീക്ഷകളും നടത്തും. പാദവാർഷിക, അർധ വാർഷിക പരീക്ഷകളോടനുബന്ധിച്ച് “സാസി’ന്റെ ചോദ്യങ്ങളും ഉൾപ്പെടുത്താനാണ് തീരുമാനം. പരീക്ഷകളിൽ ഓരോ വിഷയത്തിലും 30 മാർക്കെങ്കിലും ലഭിക്കാത്ത കുട്ടികളെ പഠനത്തിൽ പിന്നാക്കക്കാരായി കണക്കാക്കി ഇവർക്ക് അവധിക്കാലത്ത് രണ്ടാഴ്ച നീളുന്ന പ്രത്യേക ക്ലാസ്സ് നടത്തും. തുടർന്ന് വീണ്ടും പരീക്ഷ നടത്തി ക്ലാസ്സ് കയറ്റത്തിന് വഴിയൊരുക്കും. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർധിപ്പിക്കുന്നതിന് എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് അവതരിപ്പിച്ച കർമപദ്ധതിയിലാണ് സ്റ്റേറ്റ് അച്ചീവ്‌മെന്റ്സർവേയെന്ന ആശയം
മുന്നോട്ടുവെച്ചത്.
എന്നാൽ സംസ്ഥാനത്ത് മധ്യവേനൽ അവധിക്കാല ക്ലാസ്സുകൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ബാലാവകാശ കമ്മീഷന്റെ ഉത്തരവ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ നീക്കത്തിന് വിലങ്ങുതടിയാകുമോ എന്ന സന്ദേഹം ഉയരുന്നുണ്ട്. ചെയർപേഴ്‌സൻ കെ വി മനോജ് കുമാർ, അംഗം ഡോ. വിൽസൺ എന്നിവരങ്ങിയ ബാലാവകാശ കമ്മീഷന്റെ ഡിവിഷൻ ബഞ്ചാണ് അവധിക്കാലത്ത് ക്ലാസ്സുകൾ നടത്തരുതെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത് നടപ്പാക്കുന്നുണ്ടോ എന്ന് വിദ്യാഭ്യാസ ഡയറക്ടർ കൃത്യമായി പരിശോധിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസ് മേധാവിക്കും നിർദേശമുണ്ട്. അവധിക്കാലത്ത് സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളിലും സി ബി എസ് ഇ, ഐ സി എസ് ഇ സ്‌കൂളുകളിലും ക്ലാസ്സുകൾ നടത്തുന്നതായി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ
ഉത്തരവ്.
മത്സര പരീക്ഷകളിൽ മികവ് പുലർത്താൻ മാത്രമല്ല, അക്കാദമിക് നിലവാരത്തിലെ മികവ് വിദ്യാർഥികൾക്ക് ജീവിതത്തിലുടനീളം ഗുണം ചെയ്യും. ഇക്കാര്യത്തിൽ സമഗ്രമായ അക്കാദമിക് പ്ലാൻ ആവിഷ്കരിച്ച് സമയബന്ധിതമായി അത് നടപ്പാക്കാനുള്ള ശ്രമം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടതുണ്ട്.