Articles
ബാബരിയുടെ സ്മരണയിൽ കരുത്തേറട്ടെ മതേതര ഐക്യം
കര്‍ഷകസമരം സൃഷ്ടിച്ച ഹിന്ദു-മുസ്ലിം ഐക്യത്തെ ഏതുവിധേനയും തകര്‍ത്താല്‍ മാത്രമേ ബിജെപിക്ക് യുപി അടക്കം വരാനിരിക്കുന്ന നിയമ സഭാ തിരഞ്ഞെടുപ്പുകളില്‍ രക്ഷയുള്ളൂ.
29 ആണ്ടുകള്‍ പിന്നിടുമ്പോള്‍ ആ അഭിശപ്തമായ ദിനം ഇന്നലെ എന്ന വണ്ണം ഓരോ ഇന്ത്യന്‍ പൗരന്‍ന്റേയും ഉള്ളില്‍ തെളിഞ്ഞു നില്‍ക്കുന്നു. ഇന്ത്യാമഹാരാജ്യം കാത്തു സൂക്ഷിച്ച മതേതരത്വത്തിന്റെ താഴികക്കുടങ്ങള്‍ തല്ലിത്തകര്‍ത്ത് ആ ദുര്‍ദിനം. ബാബരി മസ്ജിദിന്റെ മിനാരങ്ങള്‍ സംഘ്പരിവാര്‍ സംഘം തകര്‍ത്തെറിഞ്ഞ 1992 ഡിസംബര്‍ ആറിന് ഇന്നേക്ക് 29 ആണ്ട് തികയുന്നു.
ഭരണഘടനയെയും ഭരണകൂടത്തേയും നീതിപീഠത്തേയും വെല്ലുവിളിച്ച് വര്‍ഗീയത താണ്ഡവമാടിയതിന്റെ ഭീതിതമായ ഓര്‍മകള്‍ രാജ്യത്ത് തിടംവയ്ക്കുകയാണ്. 29 ആണ്ട് മുമ്പ് ഉയര്‍ന്നുകേട്ട അപരന്‍ നരകമാണെന്ന പ്രഖ്യാപനം രാജ്യത്ത് അത്യന്തം ഭീതിജനകമായി ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആദ്യ മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ സേനാ നായകനായിരുന്ന മീര്‍ ബാഖി 1528 ലാണ് ബാബരി മസ്ജിദ് നിര്‍മിച്ചത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ട ശേഷം 1949 ല്‍ ഹിന്ദുത്വര്‍ ബാബരി മസ്ജിദിനുള്ളില്‍ രാമവിഗ്രഹങ്ങള്‍ ഒളിപ്പിച്ചു കടത്തി. മസ്ജിദ് സ്ഥലം തര്‍ക്കഭൂമിയായി പ്രഖ്യാപിച്ചു സര്‍ക്കാര്‍ താഴിട്ട് പൂട്ടി. 1984 ല്‍ സംഘപരിവാര്‍ മസ്ജിദ് ഭൂമിയില്‍ ക്ഷേത്ര നിര്‍മാണം പ്രഖ്യാപിച്ചു. ബിജെപി നേതാവായ എല്‍ കെ അദ്വാനി പ്രക്ഷോഭത്തിന്റെ നേതാവായി. 1989 ല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുമതി നല്‍കിയതിനെത്തുടര്‍ന്ന് മസ്ജിദ് പരിസരത്ത് വി എച് പി ക്ഷേത്രത്തിന് തറക്കല്ലിട്ടു. 1990 ല്‍ വി എച് പി പ്രവര്‍ത്തകര്‍ പള്ളിയിലേക്ക് അതിക്രമിച്ചു കയറി മിനാരത്തിനുമുകളില്‍ കൊടിനാട്ടി. അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ് യാദവ് പള്ളി സംരക്ഷിച്ചു. ഇതിനിടെ രാജ്യത്ത് ചോരച്ചാലുകള്‍ ഒഴുക്കി രഥയാത്രകള്‍ നടന്നു.
1992 ഡിസംബര്‍ ആറിന് ബിജെപി നേതൃത്വത്തില്‍ കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തു. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് പ്രധാനമന്ത്രി നരസിംഹ റാവു വിന്റെ പരോക്ഷ പിന്തുണയും യു പി ഭരിച്ചിരുന്ന കല്യാണ്‍ സിങ് സിങ് സര്‍ക്കാറിന്റെ നേരിട്ടുള്ള സഹകരണവും ബാബരിയെ ഓര്‍മയാക്കി.
ബാബരി പള്ളി പൊളിച്ച ശേഷം സംഘപരിവാരം അഴിച്ചു വിട്ട വര്‍ഗീയ കലാപങ്ങളില്‍ രാജ്യമൊട്ടുക്ക് ആയിരക്കണക്കിന് നിരപരാധികള്‍ക്ക് ജീവനും സ്വത്തും നഷ്ടപ്പെട്ടു.
എന്നാല്‍ ഈ ഭീകര കൃത്യം ആസൂത്രണം ചെയ്തവരോ നടപ്പാക്കിയവരോ ശിക്ഷിക്കപ്പെട്ടില്ല. വര്‍ഷങ്ങള്‍ നീണ്ട നിയമവ്യവഹാരങ്ങള്‍ക്കൊടുവില്‍ സുപ്രിംകോടതിയില്‍നിന്നുണ്ടായ അന്തിമവിധി ജനത ജുഡീഷ്യറിയില്‍ അര്‍പിച്ച വിശ്വാസങ്ങളെ കടപുഴക്കിക്കളയുന്നതായിരുന്നു.
2019 നവംബര്‍ 9ന് സുപ്രിംകോടതി പ്രഖ്യാപിച്ച വിധി ബാബരി മസ്ജിദ് തകര്‍ത്തെറിഞ്ഞ വര്‍ഗീയ ശക്തികള്‍ക്കു കൂടുതല്‍ കരുത്തു നല്‍കുന്നതായിരുന്നു. ഭൂരിപക്ഷ ഹിന്ദുവോട്ടുകള്‍ നേടി അധികാരത്തില്‍ എത്തുന്നതിന് ആര്‍എസ്എസും സംഘപരിവാറും മെനഞ്ഞെടുത്ത രാഷ്ട്രീയ തന്ത്രത്തിന്റെ ഇരയായിരുന്നു ബാബ്റി മസ്ജിദ്. രാജ്യത്ത് ഗുജറാത്ത് പോലെ അനേകം വര്‍ഗീയകലാപങ്ങള്‍ സൃഷ്ടിക്കപ്പെട്ടതും ഇതേ ലക്ഷ്യംവച്ചായിരുന്നു.
1992 ഡിസംബര്‍ ആറിന് അയോധ്യയില്‍ മുഴങ്ങിയ മുദ്രാവാക്യം തന്നെയാണ് രാജ്യത്ത് ഇന്നും ഉയരുന്നത്. കാശിയിലും മഥുരയിലുമുള്ള പള്ളികളും ബാബ്റി മസ്ജിദ് തകര്‍ത്തതുപോലെ തകര്‍ക്കണമെന്നാണ് അവരിപ്പോള്‍ ആക്രോശിക്കുന്നത്. മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രവളപ്പിലെ ഷാഹി ഈദ്ഗാഹും കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിനടുത്തെ ഗ്യാന്‍വ്യാപി പള്ളിയും തകര്‍ത്ത് ആ പ്രദേശം ക്ഷേത്രങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നാണ് വാദം.
അടുത്തവര്‍ഷം ആദ്യം യു പി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നതിനാല്‍ മഥുര വിഷയം സജീവമായി ഉയര്‍ത്താനാണ് സംഘപരിവാര്‍ ശ്രമം. മഥുരയിലും അയോധ്യ ആവര്‍ത്തിക്കാനാണ് നീക്കം. കേന്ദ്രത്തില്‍ ഏഴരവര്‍ഷവും യുപിയില്‍ നാലരവര്‍ഷവും ഭരിച്ചിട്ടും ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതില്‍ പരാജയപ്പെടുകയും കോര്‍പറേറ്റ് ഭീമന്‍മാരുടെ താല്‍പര്യങ്ങള്‍ക്കു പിന്നാലെ സഞ്ചരിക്കുകയും ചെയ്യുന്ന ബിജെപി അധികാരത്തിനായി വീണ്ടും വര്‍ഗീയവികാരം ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്.
കര്‍ഷകസമരം സൃഷ്ടിച്ച ഹിന്ദു-മുസ്ലിം ഐക്യത്തെ ഏതുവിധേനയും തകര്‍ത്താല്‍ മാത്രമേ ബിജെപിക്ക് യുപി അടക്കം വരാനിരിക്കുന്ന നിയമ സഭാ തിരഞ്ഞെടുപ്പുകളില്‍ രക്ഷയുള്ളൂ. ഇന്ത്യയെ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി നിലനിര്‍ത്താന്‍, ആര്‍ എസ് എസും ബിജെപിയും ഉയര്‍ത്തുന്ന വര്‍ഗീയ മുദ്രാവാക്യങ്ങളെ ചെറുത്തു തോല്‍പ്പിച്ചേ മതിയാവൂ. അതിനു മതേതര ഐക്യമാണ് രാജ്യത്ത് ഉയര്‍ന്നു വരേണ്ടത്.