Kerala
വെല്ലുവിളികള്‍ അതിജീവിക്കാനാവട്ടെ; ശ്രുതിക്കൊപ്പം നാട് ഒന്നാകെയുണ്ട്: മുഖ്യമന്ത്രി
'ശ്രുതിക്ക് മറ്റൊരു ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വന്നുവെന്നത് ഹൃദയഭേദകമായ കാര്യമാണ്. ദുരന്ത മുഖങ്ങളിലുണ്ടാവുന്ന നഷ്ടങ്ങള്‍ക്ക് എന്ത് പകരം നല്‍കിയാലും മതിയാകില്ല.'
തിരുവനന്തപുരം | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ചൂരല്‍മല സ്വദേശി ശ്രുതിക്ക് വാഹനാപകടത്തില്‍ പ്രതിശ്രുത വരന്‍ ജെന്‍സനേയും നഷ്ടമായെന്നത് ഏറെ വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ശ്രുതിയോടൊപ്പം നാട് ഒന്നാകെയുണ്ടെന്നും വെല്ലുവിളികള്‍ അതിജീവിക്കാന്‍ ശ്രുതിയ്ക്കാവട്ടെയെന്നും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു.
എഫ് ബി കുറിപ്പിന്റെ പൂര്‍ണ രൂപം:
വയനാടുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കമുള്ള ഉറ്റവര്‍ ഇല്ലാതായ ചൂരല്‍മല സ്വദേശി ശ്രുതിക്ക് ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ പ്രതിശ്രുത വരന്‍ ജെന്‍സനേയും നഷ്ടമായിരിക്കുന്നുവെന്ന വാര്‍ത്ത ഏറെ വേദനാജനകമാണ്. ഇന്നലെ കല്‍പറ്റയിലെ വെള്ളാരംകുന്നില്‍ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വാനിലുണ്ടായിരുന്ന ശ്രുതിയും ബന്ധുക്കളും പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുള്‍പൊട്ടലില്‍ തന്റെ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്ടമായ ശ്രുതിക്ക് ഇപ്പോള്‍ മറ്റൊരു ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വന്നുവെന്നത് ഹൃദയഭേദകമായ കാര്യമാണ്. ദുരന്ത മുഖങ്ങളിലുണ്ടാവുന്ന നഷ്ടങ്ങള്‍ക്ക് എന്ത് പകരം നല്‍കിയാലും മതിയാകില്ല. ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് നമുക്കിപ്പോള്‍ നല്‍കാന്‍ സാധിക്കുക. ശ്രുതിയുടെയും ജെന്‍സന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാന്‍ ശ്രുതിക്കാവട്ടെ.