Articles
മായാവതിയുടെ ലക്ഷ്യം സ്വരക്ഷയാണ്
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മായാവതിക്കെതിരെ അക്കാലത്തുയര്‍ന്ന ആരോപണത്തിന്റെ ഫയലുകള്‍ അന്വേഷണ സംഘങ്ങളുടെ മേശപ്പുറത്ത് കിടപ്പുണ്ട്. ഇ ഡിയുടെയും സി ബി ഐയുടെയും വാള്‍ അവര്‍ക്കു മുകളിലുണ്ട്. ബി എസ് പി, ബി ജെ പിയുടെ ബി ടീമെന്ന ആരോപണം ഓരോ തിരഞ്ഞെടുപ്പിലും ഉയര്‍ന്നു വരുമ്പോള്‍ മായാവതി കണ്ണടക്കുകയാണ്. നഷ്ടപ്പെട്ട പിന്തുണ വീണ്ടെടുക്കുന്നതിന്റെ സൂചനകളൊന്നും മായാവതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.

സ്വര്‍ണരഥം സ്വപ്‌നം കണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ നേതാവായിരുന്നു മായാവതി. ബഹുജന്‍ സമാജ് വാദി പാര്‍ട്ടി (ബി എസ് പി) സ്ഥാപക നേതാവ് കന്‍ഷിറാമിന്റെ പിന്നില്‍ അണിനിരന്ന രാജ്യത്തെ ദളിത് വിഭാഗം കന്‍ഷിറാമിന്റെ മരണ ശേഷം മായാവതിയെ ചേര്‍ത്തുപിടിച്ചു. ഉത്തരേന്ത്യയിലെ രാഷ്ട്രീയ നേതൃത്വം അവരുടെ വളര്‍ച്ചയില്‍ അപകടം മണത്തു. അധികാരം സ്വപ്‌നം കണ്ടിരുന്ന വ്യക്തികളും പാര്‍ട്ടികളും ബി എസ് പിയുമായി ചങ്ങാത്തം കൊതിച്ചു. എന്നാല്‍ രാഷ്ട്രീയ മലക്കംമറിയലുകള്‍ നടത്തിയ മായാവതിയും മായാവതിയുടെ പാര്‍ട്ടിയും ഇന്ന് ഭൂതകാലത്തിന്റെ വെറും നിഴലായി മാറിയിരിക്കുകയാണ്. രാഷ്ട്രീയത്തില്‍ അവര്‍ ഇന്ന് ഏതാണ്ട് പൂജ്യത്തിന്റെ സ്ഥാനത്താണ്. നിലപാടുകളിലെ അനിശ്ചിതത്വത്തിനൊപ്പം കുടുംബത്തോടുള്ള പ്രിയവും മായാവതിയുടെ പാര്‍ട്ടിയെ പിന്നോട്ട് നയിക്കുകയാണ്.
കാന്‍ഷിറാമിന്റെ മുദ്രാവാക്യമായ “ജിസ്‌കി ജിത്നി സാംഖ്യഭാരി, ഉസ്‌കി ഉത്‌നി ഭാഗിദാരി’ (ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം) എന്നിടത്ത് നിന്ന് തിരഞ്ഞെടുപ്പില്‍ കുടുംബക്കാര്‍ക്കും പണക്കാര്‍ക്കും സീറ്റ് വീതിച്ചു നല്‍കുന്നതിലേക്ക് മായാവതി മാറി. സ്ഥാനാര്‍ഥിത്വം ആഗ്രഹിക്കുന്നവര്‍ നിശ്ചിത തുക നല്‍കണമെന്ന വ്യവസ്ഥ കൊണ്ടുവന്നു. മായാവതി പണം സ്വീകരിച്ചത് സ്വന്തം അക്കൗണ്ടിലൂടെയായിരുന്നു എന്നാരോപിക്കപ്പെട്ടിരുന്നു. നിലവില്‍ മായാവതി ആഗ്രഹിക്കുന്നതും സ്വന്തം രക്ഷയാണ്.
തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചിരുന്ന അനന്തരവന്‍ ആകാശ് ആനന്ദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെ ബി എസ് പിയും മായാവതിയും ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യപ്പെടുകയാണ്. ദേശീയ കോ ഓര്‍ഡിനേറ്റര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്തതിന് തൊട്ടുപിറകെ ആകാശ് ആനന്ദിന്റെ പാര്‍ട്ടി അംഗത്വവും കൂടി മായാവതി റദ്ദാക്കി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ആകാശ് ആനന്ദിനെ സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം പദവിയില്‍ തിരിച്ചെടുത്ത ആകാശ് ആനന്ദിനെ മായാവതി തന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കുകയുമുണ്ടായി. തന്റെ ജീവിത കാലത്ത് രാഷ്ട്രീയ പിന്‍ഗാമിയെ പ്രഖ്യാപിക്കുകയില്ലെന്നാണ് എഴുപതുകാരിയായ മായാവതിയുടെ പുതിയ പ്രഖ്യാപനം.
ലണ്ടനില്‍ നിന്ന് എം ബി എ പഠനം പൂര്‍ത്തിയാക്കി 2016ല്‍ തിരിച്ചെത്തി ബിസിനസ്സുമായി മുന്നോട്ട് പോകുന്നതിനിടയില്‍ 2017ല്‍, സഹാറന്‍പൂരില്‍ നടന്ന ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ റാലിയില്‍ മായാവതി ആകാശ് ആനന്ദിനെ വേദിയില്‍ കൊണ്ടിരുത്തി, ഇന്ന് മുതല്‍ ആകാശ് പാര്‍ട്ടിയില്‍ പ്രധാന പങ്കുവഹിക്കുമെന്ന് പ്രഖ്യാപനം നടത്തി. ആകാശിനെ പാര്‍ട്ടിയുടെ ദേശീയ കോ ഓര്‍ഡിനേറ്ററായി നിയമിച്ചു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകാശിനെ സ്റ്റാര്‍ ക്യാമ്പയിനറാക്കി. യുവാക്കളെ പാര്‍ട്ടിയുമായി ബന്ധിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വവും നല്‍കി. പാര്‍ട്ടിയുടെ സാമൂഹിക മാധ്യമങ്ങളുടെ ചുമതലയും 25കാരനായ ആകാശിന് നല്‍കി. മായാവതിയുടെ ഇളയ സഹോദരനും ആകാശിന്റെ പിതാവുമായ ആനന്ദ് കുമാറിനെ ബി എസ് പിയുടെ ദേശീയ വൈസ് പ്രസിഡന്റായും നിയമിച്ചു. ഇത് പാര്‍ട്ടിയില്‍ മുറുമുറുപ്പിന് വഴിവെച്ചു. മായാവതി പാര്‍ട്ടിയെ കുടുംബ സ്വത്താക്കി മാറ്റുകയാണെന്ന ആരോപണമുയര്‍ന്നു. മുതിര്‍ന്ന നേതാക്കളില്‍ പലരും പാര്‍ട്ടിയില്‍ നിന്ന് അകന്നു നില്‍ക്കുകയോ മറ്റു പാര്‍ട്ടികളില്‍ ഇടം കണ്ടെത്തുകയോ ചെയ്തു. പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ കന്‍ഷിറാമിനോടൊപ്പം പ്രവര്‍ത്തിച്ച നസീമുദ്ദീന്‍ സിദ്ദീഖ്, സ്വാമി പ്രസാദ് മൗര്യ, ഇന്ദ്രജിത്ത് സരോജ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടു.
കഴിഞ്ഞ ഒന്നര ദശകമായി പാര്‍ട്ടിയുടെ വളര്‍ച്ച താഴോട്ടാണ്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ബി എസ് പി സാന്നിധ്യം അറിയിച്ചിരുന്നുവെങ്കിലും ബി എസ് പിയുടെ മത്സരം ജയിക്കാനായിരുന്നില്ല. ബി ജെ പിക്കെതിരെ രൂപവത്കരിച്ച പ്രതിപക്ഷ കൂട്ടായ്മയായ “ഇന്ത്യ’ സഖ്യത്തില്‍ ബി എസ് പി ചേരണമെന്ന ആവശ്യം മായാവതി നിരസിച്ചു. ബി ജെ പിയെ തളര്‍ത്തുന്ന കൂട്ടുകെട്ടില്‍ നിന്ന് അകലം പാലിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. ഏറ്റവും ഒടുവില്‍ നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി എസ് പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും ഗുണം ലഭിച്ചത് ബി ജെ പിക്കായിരുന്നു.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മായാവതിക്കെതിരെ അക്കാലത്തുയര്‍ന്ന ആരോപണത്തിന്റെ ഫയലുകള്‍ അന്വേഷണ സംഘങ്ങളുടെ മേശപ്പുറത്ത് കിടപ്പുണ്ട്. ഇ ഡിയുടെയും സി ബി ഐയുടെയും വാള്‍ അവര്‍ക്കു മുകളിലുണ്ട്. ബി എസ് പി, ബി ജെ പിയുടെ ബി ടീമെന്ന ആരോപണം ഓരോ തിരഞ്ഞെടുപ്പിലും ഉയര്‍ന്നു വരുമ്പോള്‍ മായാവതി ആരോപണത്തിനെതിരെ കണ്ണടക്കുകയാണ്.
നഷ്ടപ്പെട്ട പിന്തുണ വീണ്ടെടുക്കുന്നതിന്റെ സൂചനകളൊന്നും മായാവതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി ആകെ 543ല്‍ 488 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല. ഉത്തര്‍ പ്രദേശ് ബി എസ് പിയുടെ ശക്തികേന്ദ്രമാണ്. യു പി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 79 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും നേടിയത് ഒരു സീറ്റാണ്. ദേശീയ തലത്തില്‍ ബി എസ് പിയുടെ വോട്ട് വിഹിതം 2.04 ശതമാനമായി കുറഞ്ഞു. മൂന്ന് തവണ മായാവതി മുഖ്യമന്ത്രിയായിരുന്ന ഉത്തര്‍ പ്രദേശില്‍ പോലും ബി എസ് പിയുടെ വോട്ട് വിഹിതം 9.39 ശതമാനമാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി എസ് പി ഉത്തര്‍ പ്രദേശില്‍ 10 സീറ്റുകള്‍ നേടിയിരുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബി എസ് പിയുടെ വോട്ട് വിഹിതം 22.23 ശതമാനത്തില്‍ നിന്ന് 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം 12.88 ശതമാനമായി കുറഞ്ഞു. 2017ലെ യു പി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി എസ് പി 19 സീറ്റുകള്‍ നേടിയിരുന്നു.
ഉത്തര്‍ പ്രദേശില്‍ മുഖ്യധാരാ പാര്‍ട്ടികള്‍ ദളിത് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ബന്ധുക്കളുടെ കാര്യത്തില്‍ ശ്രദ്ധചെലുത്തുകയും രാഷ്ട്രീയ വിഷയങ്ങളില്‍ മൗനം തുടരുകയുമാണ് മായാവതി. പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് ആസാദ് സമാജ് പാര്‍ട്ടി എന്ന പുതിയ പാര്‍ട്ടി രൂപവത്കരിച്ച ചന്ദ്രശേഖര്‍ ആസാദ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിച്ച് വിജയിക്കുകയുണ്ടായി. അതേസമയം ബി എസ് പി നേരിട്ടത് സമ്പൂര്‍ണ പരാജയമാണ്. ദളിത് വോട്ടുകള്‍ യു പിയില്‍ നിര്‍ണായകമാണെന്ന് തെളിയിക്കുന്നതാണ് ചന്ദ്രശേഖറിന്റെ വിജയം. അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത് ഉത്തര്‍ പ്രദേശിലെ നാഗിന ലോക്സഭാ സീറ്റില്‍ നിന്നാണ്. മായാവതിയുടെ സമ്പൂര്‍ണ പരാജയത്തെ കുറിച്ച് ചന്ദ്രശേഖര്‍ ആസാദ് അന്ന് ഉദ്ധരിച്ചത് “ഇനി ഒരു രാജ്ഞിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ഒരു രാജാവ് ജനിക്കില്ല’ എന്ന ബാബാ സാഹബ് അംബേദ്കറുടെ വാക്കുകളാണ്.
ദേശീയ കോ ഓര്‍ഡിനേഷന്‍ പദവിയില്‍ നിന്ന് ആകാശ് ആനന്ദിനെ നീക്കം ചെയ്ത മായാവതി പകരം നിയമിച്ചിരിക്കുന്നത് ആകാശ് ആനന്ദിന്റെ പിതാവ് ആനന്ദ് കുമാറിനെയാണ്. ആകാശ് ആനന്ദിന്റെ ഭാര്യാ പിതാവ് അശോക് സിദ്ധാര്‍ഥിനെയും പാര്‍ട്ടിയില്‍ നിന്ന് നീക്കം ചെയ്തു. പാര്‍ട്ടിയിലെ രണ്ടാം നിര നേതാവായിരുന്നു അശോക് സിദ്ധാര്‍ഥ്. കന്‍ഷിറാമിന്റെ കാലം മുതല്‍ അശോക് സിദ്ധാര്‍ഥ് പാര്‍ട്ടി നേതൃസ്ഥാനത്തുണ്ടായിരുന്നു. പാര്‍ട്ടിയുടെ ദക്ഷിണേന്ത്യന്‍ ചുമതല, രാജ്യസഭാ അംഗവുമായിരുന്ന ഇദ്ദേഹത്തിനായിരുന്നു. ആകാശ് ആനന്ദിന്റെ ഭാര്യ അശോക് സിദ്ധാര്‍ഥിന്റെ മകള്‍ പ്രജ്ഞയാണ്. ഭാര്യാപിതാവുമായി ചേര്‍ന്ന് പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നു വെന്ന കുറ്റമാണ് മായാവതി ആകാശിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ വസ്തുത മറ്റൊന്നാണ്. ആകാശ് സാമൂഹിക മാധ്യമങ്ങളിലടക്കം ബി ജെ പിയെയും യോഗി സര്‍ക്കാറിനെയും വിമര്‍ശിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ആകാശിനെ പുറത്താക്കിയതും പൊതു സമ്മേളനങ്ങളില്‍ ബി ജെ പിക്കെതിരെ പ്രസംഗിച്ചതിനായിരുന്നു. മായാവതിയുടെ പുതിയ നീക്കം പാര്‍ട്ടിയെ ഒന്നുകൂടി ദുര്‍ബലപ്പെടുത്തുകയേയുള്ളൂ.