National
യുപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മായാവതി
ബിജെപി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാഷ്ട്രീയം കൊണ്ട് നിരപരാധികളായ പാവപ്പെട്ടവരുടെ ജീവനാണ് അപഹരിക്കുന്നതെന്നും സര്‍ക്കാര്‍ ഈ ജനവിരുദ്ധ സമീപനങ്ങള്‍ മാറ്റണമെന്നും അവര്‍ ട്വീറ്റിലൂടെ പറഞ്ഞു
ലക്നോ | ബി ജെ പി നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പരിഹസിച്ച് ബി എസ് പി അധ്യക്ഷ മായാവതി. കഴിഞ്ഞ ദിവസം കാണ്‍പൂരില്‍ കയ്യേറ്റ വിരുദ്ധ സമരത്തിനിടെ ഒരു അമ്മയും മകളും മരിച്ചിരുന്നു. ആ മരണം അടുത്തിടെ നടന്ന യുപി ആഗോള നിക്ഷേപക ഉച്ചകോടിയേക്കാള്‍ കൂടുതല്‍ ശ്രദ്ധ നേടിയിരുന്നെന്നാണ് മായാവതി ആരോപിച്ചത്.
ബി ജെ പി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാഷ്ട്രീയം കൊണ്ട് നിരപരാധികളായ പാവപ്പെട്ടവരുടെ ജീവനാണ് അപഹരിക്കുന്നതെന്നും സര്‍ക്കാര്‍ ഈ ജനവിരുദ്ധ സമീപനങ്ങള്‍ മാറ്റണമെന്നും അവര്‍ ട്വിറ്റിലൂടെ പറഞ്ഞു. അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉപയോഗിച്ച ബുള്‍ഡോസറുകള്‍ സംസ്ഥാനത്ത് ചൂടേറിയ ചര്‍ച്ചയായിരിക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ‘ബുള്‍ഡോസര്‍ ബാബ’ എന്ന പേരും ഇതിനോടകം ലഭിച്ചുവെന്നും ട്വിറ്റലില്‍ മായാവതി കൂട്ടിചേര്‍ത്തു.
കാണ്‍പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ തിങ്കളാഴ്ച 45 കാരിയായ സ്ത്രീയും മകളും ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട തീപിടുത്തത്തില്‍ മരിച്ചിരുന്നു. ഈയിടെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപക ഉച്ചകോടിയെക്കാളും ദാരുണമായ സംഭവമായാണ് അത് വാര്‍ത്തകളില്‍ ഇടംനേടിയെന്നതെന്നാണ് മായാവതി പറഞ്ഞത്.