Kerala
പിണറായി സര്‍ക്കാറിനെതിരെ മഴവില്‍ സഖ്യം, യു ഡി എഫ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു: എം വി ഗോവിന്ദന്‍
എ ഡി ജി പി. എം ആര്‍ അജിത്ത് കുമാറിനെതിരായ നടപടിയില്‍ ധൃതി വേണ്ട. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി. സര്‍ക്കാരിന് പി ആര്‍ ഏജന്‍സി ഇല്ല.
തിരുവനന്തപുരം | രണ്ടാം പിണറായി സര്‍ക്കാരിനെ നേരിടാന്‍ സംസ്ഥാനത്ത് മഴവില്‍ സഖ്യമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യു ഡി എഫ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. എ ഡി ജി പി. എം ആര്‍ അജിത്ത് കുമാറിനെതിരായ നടപടിയില്‍ ധൃതി വേണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഗോവിന്ദന്‍ പറഞ്ഞു. അന്വേഷണം അവസാന ഘട്ടത്തിലാണ്. ഉദ്യോഗസ്ഥന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും.
‘ദി ഹിന്ദു’ പത്രത്തിന് അഭിമുഖം നല്‍കിയതില്‍ മുഖ്യമന്ത്രിയുടെ ഭാഗമാണ് ശരി. പി ആര്‍ ഏജന്‍സിയെ കുറിച്ച് ദി ഹിന്ദു പത്രം പറഞ്ഞത് തെറ്റാണ്. സര്‍ക്കാരിന് പി ആര്‍ ഏജന്‍സി ഇല്ല. തൃശൂര്‍ പൂരം കലക്കിയത് ആര്‍ എസ് എസ് അജണ്ടയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. മലപ്പുറം എല്ലാവരുടെയും മലപ്പുറമാണ്. മലപ്പുറം ജില്ലയുടെ അട്ടിപ്പേറവകാശം പറഞ്ഞ് ആരും വരേണ്ട.
അന്‍വറിന്റെ പരാതിയില്‍ പരിശോധിക്കാന്‍ ഒന്നുമില്ല. വസ്തുത ഇല്ലാത്ത കാര്യങ്ങളാണ് അന്‍വറിന്റെ പരാതിയില്‍ ഉള്ളത്. അന്‍വറിന് ആരുടെയും പിന്തുണയില്ല. പി ശശിയെ അപമാനിക്കാനുള്ള ബോധപൂര്‍വമായ പ്രയോഗങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന്റേതെന്നും സി പി എം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.