Kerala
കൊല്ലത്തെ എംഡിഎംഎ വേട്ട; ഒരാള്‍ കൂടി അറസ്റ്റില്‍
നവംബറില്‍ കോണ്‍ഗ്രസ് നേതാവ് ഷിജുവും സുഹൃത്തും ലഹരി മരുന്നുമായി പിടിയിലായ കേസിലെ കൂട്ടുപ്രതിയാണ് പ്രദീപ് ചന്ദ്രന്‍.
കൊല്ലം|കൊല്ലം അഞ്ചല്‍ ബൈപ്പാസില്‍ കഴിഞ്ഞ നവംബറില്‍ നടത്തിയ എംഡിഎംഎ വേട്ടയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. ഏരൂര്‍ അയിലറ സ്വദേശി പ്രദീപ് ചന്ദ്രനെയാണ് അഞ്ചല്‍ പോലീസ് പിടികൂടിയത്. ബെംഗളുരു, തമിഴ്‌നാട് എന്നിവിടങ്ങളിലായി ഒളിവിലായിരുന്നു പ്രദീപ് ചന്ദ്രന്‍. പ്രതിയെ ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പോലീസിനിന് അറസ്റ്റ് ചെയ്യാനായത്.
ബെംഗളുരുവില്‍ നിന്ന് കിഴക്കന്‍ മലയോര മേഖലയിലേക്ക് എംഡിഎംഐ എത്തിക്കുന്നതില്‍ പ്രധാനിയാണ് പ്രതി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. നവംബറില്‍ കോണ്‍ഗ്രസ് നേതാവ് ഷിജുവും സുഹൃത്തും ലഹരി മരുന്നുമായി പിടിയിലായ കേസിലെ കൂട്ടുപ്രതിയാണ് പ്രദീപ് ചന്ദ്രന്‍.
മറ്റൊരു കേസില്‍ കൊല്ലത്ത് രാസ ലഹരിയായ മെത്താഫെറ്റാമൈന്‍ കടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കരുനാഗപ്പള്ളി സ്വദേശി അഫ്‌സലാണ് പിടിയിലായത്. 165.11 ഗ്രാം മെത്താഫെറ്റാമൈന്‍ ആണ് ഇയാളില്‍ നിന്ന് പിടിച്ചത്. സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും വില്‍പന നടത്താന്‍ ബെംഗളുരുവില്‍ നിന്നാണ് രാസലഹരി എത്തിച്ചതെന്ന് അഫ്‌സല്‍ എക്‌സൈസിനോട് പറഞ്ഞു. പാമ്പാംപള്ളം ടോള്‍ പ്ലാസയ്ക്ക് സമീപത്തുവച്ചാണ് എക്‌സൈസ് സിഐ അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.