Prathivaram
ഞാൻ, സി ജെ വാഹിദ്... പ്രധാന വാർത്തകൾ...
ചിരിയും ചിന്തകളും നിറഞ്ഞ ഒട്ടേറെ വിഭവങ്ങളുമായി ദിവസം മുഴുവനും വിവിധ ചാനലുകൾ മലയാളിയുടെ സ്വീകരണ മുറിയിൽ മധുരം നിറച്ചു മത്സരം നടത്തുമ്പോൾ അവക്കിടയിൽ നിന്നു പ്രധാന വാർത്തകളിലെ ഓരോ അക്ഷരങ്ങളും പെറുക്കിപ്പെറുക്കിയെടുത്ത് ശ്രോതാക്കളുടെ ഹൃദയത്തിൽ വേറിട്ട ശ്രദ്ധപതിപ്പിക്കുന്ന സ്ഫുടംചെയ്ത ശബ്ദത്തിന്റെ ഉടമ. ഗ്രാമീണവീഥികളിലെ സാധാരണ മനുഷ്യരുടെ മനസ്സിൽ നിന്നും പുറത്തേക്കൊഴുകുന്ന അതേ ശബ്ദം. അതിൽ എടുത്തുപറയത്തക്ക കാര്യങ്ങൾ ഒരുപക്ഷേ ഒന്നുമുണ്ടാകില്ല. എന്നാൽ ആ ശബ്ദത്തിന്റെ ഉടമയുടെ പിന്നാമ്പുറങ്ങളിലേക്കിറങ്ങിച്ചെന്നാൽ ഒട്ടേറെ വിശേഷണങ്ങളുണ്ട്.
അന്നൊരു വ്യാഴാഴ്ചയായിരുന്നു. ഉച്ചകഴിഞ്ഞു മൂന്നുമണിയായിക്കാണും. കൊല്ലം വടക്കൻ മൈനാഗപ്പള്ളി തൊടുവേൽ തെക്കേതിൽ രമണന്റെ വീട്ടുമുറ്റത്തെ ഷീറ്റുപാകിയ ചെറുഷെഡ്ഡിൽ നാട്ടിൻപുറത്തെ “അടയാളം ആർട്‌സ് ‘ എന്ന കലാകൂട്ടായ്മയിലെ കലാകാരന്മാർ ഒത്തു കൂടിയിരിക്കുന്നു. വർഷങ്ങളായി ഓരോ വർഷവും ഒരു ദിവസം മാത്രം അവതരിപ്പിക്കാനുള്ള വേറിട്ട നാടകത്തിന്റെ റിഹേഴ്സലിനു എത്തിയതായിരുന്നു അവർ. കുടുംബശ്രീ അംഗങ്ങൾ മുതൽ പ്രൊഫസർമാരും അഭിഭാഷകരും കച്ചവടക്കാരും അധ്യാപകരും വിദ്യാർഥികളും ഒക്കെ അക്കൂട്ടത്തിലുണ്ട്. ആ കലാസമർപ്പണത്തെക്കുറിച്ചു ദൂരദർശനുവേണ്ടി റിപ്പോർട്ടു ചെയ്യാൻ ക്യാമറമാൻ സത്യരാജിനൊപ്പം റിപ്പോർട്ടർ സി ജെ വാഹിദും അവിടെയുണ്ട്. റിഹേഴ്‌സൽ ഭാഗങ്ങളൊക്കെ വാർത്തയായി അതീവ ഭംഗിയായി അവതരിപ്പിച്ചു റിക്കാർഡ് ചെയ്തു അവസാനഭാഗമായ സൈൻ ഓഫ് നടക്കേണ്ട നിമിഷം…അവതാരകനായ വാഹിദ് ഒന്നു നിർത്തി.. തുടർന്നു കണ്ഠമിടറി ഇതുകൂടി പറഞ്ഞു അവസാനിപ്പിച്ചു. “ദൂരദർശനിൽ വാർത്താവതാരകനായി എത്തി 33 വർഷത്തിനു ശേഷം ഇന്നു ഞാൻ പടിയിറങ്ങുകയാണ്. എന്റെ ഒടുവിലത്തെ റിപ്പോർട്ടിംഗ് കൂടിയാണ് ഇത്. ഇനി എന്റെ ശബ്ദം ദൂരദർശനിലൂടെ നിങ്ങൾ കേൾക്കില്ല…എല്ലാവർക്കും നന്ദി’
മൂന്ന് പതിറ്റാണ്ടുകളായി ദൂരദർശൻ ചാനലിലൂടെ മലയാളികൾ കണ്ടും കേട്ടുമിരിക്കുന്ന ഹൃദ്യമായ ശബ്ദം. “സ്വാഗതം..
ഞാൻ സി ജെ വാഹിദ്..പ്രധാന വാർത്തകൾ…’
ചിരിയും ചിന്തകളും നിറഞ്ഞ ഒട്ടേറെ വിഭവങ്ങളുമായി ദിവസം മുഴുവനും വിവിധ ചാനലുകൾ മലയാളിയുടെ സ്വീകരണമുറിയിൽ മധുരം നിറച്ചു മത്സരം നടത്തുമ്പോൾ അവക്കിടയിൽനിന്നു പ്രധാന വാർത്തകളിലെ ഓരോ അക്ഷരങ്ങളും പെറുക്കിപ്പെറുക്കിയെടുത്ത് ശ്രോതാക്കളുടെ ഹൃദയത്തിൽ വേറിട്ട ശ്രദ്ധപതിപ്പിക്കുന്ന സ്ഫുടംചെയ്ത ശബ്ദത്തിന്റെ ഉടമ. ഗ്രാമീണവീഥികളിലെ സാധാരണ മനുഷ്യരുടെ മനസ്സിൽനിന്നും പുറത്തേക്കൊഴുകുന്ന അതേ ശബ്ദം. അതിൽ എടുത്തുപറയത്തക്ക കാര്യങ്ങൾ ഒരുപക്ഷേ ഒന്നുമുണ്ടാകില്ല. എന്നാൽ ആ ശബ്ദത്തിന്റെ ഉടമയുടെ പിന്നാമ്പുറങ്ങളിലേക്കിറങ്ങിച്ചെന്നാൽ ഒട്ടേറെ വിശേഷണങ്ങളുമുണ്ട്.
ആലപ്പുഴ ജില്ലയിലെ കറ്റാനം ഇലിപ്പക്കുളം ഗ്രാമത്തിലെ അറിയപ്പെടുന്ന കുടുംബമായ ചെങ്ങാപ്പള്ളിൽ ജലാലുദ്ദീൻ-ഫാത്വിമാ കുഞ്ഞു ദമ്പതികളുടെ ആറ് മക്കളിൽ ഇളയമകനായ സി ജെ വാഹിദ് എന്ന വേറിട്ട കലാകാരൻ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കാലം. അന്ന് റിപ്പബ്ലിക് ദിനത്തെക്കുറിച്ചു വിദ്യാർഥികളുടെ പ്രസംഗം റിക്കാർഡ് ചെയ്യാൻ സ്‌കൂളിലെത്തിയ ആകാശവാണി പ്രതിനിധികൾക്കുമുമ്പിൽ കറ്റാനം പോപ്പ്പയസ് സ്‌കൂളിലെ അധ്യാപകർക്കൊപ്പം മുന്നിൽനിന്നത് നിരവധി വിദ്യാർഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിൽ ഒരാളായ വാഹിദും. അങ്ങനെ റിക്കാർഡിംഗും കഴിഞ്ഞ് അവർ മടങ്ങി. ദിവസങ്ങൾക്കു ശേഷം റിപ്പബ്ലിക് ദിനത്തിൽ റേഡിയോയിലൂടെ ആ പ്രസംഗം അന്തരീക്ഷത്തിലാകെ അലയടിച്ചപ്പോൾ അതുകേട്ട അധ്യാപകരും സഹപാഠികളും നാട്ടുകാരും ഒന്നാകെ പറഞ്ഞു.. ” മിടുക്കൻ…മിടുമിടുക്കൻ, നന്നായിരിക്കുന്നു.’ അങ്ങനെ സ്‌കൂളിലെ ഹീറോ ആയെന്നു മാത്രമല്ലാ, അതൊരാവേശവുമായി മാറി. അക്കാലത്തെ അറിയപ്പെടുന്ന വാർത്താവതാരകരായ രാമചന്ദ്രൻ, പ്രതാപൻ, സത്യേന്ദ്രൻ, ശങ്കരനാരാണൻ തുടങ്ങിയവരുടെ ശബ്ദങ്ങൾ അനുകരിക്കാൻ ഏറെ ശ്രദ്ധ ചെലുത്തിയതോടെ റേഡിയോയിൽ വാർത്ത വായിക്കണമെന്നുള്ള അടങ്ങാത്ത ആവേശത്തിന്റെ മുന്നോട്ടുള്ള പ്രയാണവും. ആ തുടക്കം പല കടമ്പകളും പ്രതിബന്ധങ്ങളും കടന്നു മൂന്ന് പതിറ്റാണ്ടിലേറെയായി മികച്ച മലയാളം വാർത്താവതാരകനായി എത്തിനിൽക്കുമ്പോൾ മുന്നിൽ കൂട്ടിനു ഒട്ടേറെ പുരസ്‌കാരങ്ങളും സാക്ഷിയായിട്ടുണ്ട്.
മാവേലിക്കര കറ്റാനം ബഥനി ബോർഡിംഗിലെ അംഗമായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ അധ്യാപകരും മാതാപിതാക്കളും ഏറെ പിന്തുണയും കൂടി നൽകിയതോടെ പിന്നീടങ്ങോട്ട് ഒരു ജൈത്രയാത്ര തന്നെയായിരുന്നു. നാടകം, കഥാപ്രസംഗം, കവിതാപാരായണം, മിമിക്രി, സ്‌ക്രിപ്റ്റ് തയ്യാറാക്കൽ തുടങ്ങി എല്ലാ മേഖലകളിലും കൈയൊപ്പ് ചാർത്തിയുള്ള ഒരു ജൈത്രയാത്ര. ചുരുക്കത്തിൽ ഒരു സർവകലാവല്ലഭൻ… ഈ കലാവാസനകളുമായി പഠനം തുടരുമ്പോഴും നാലാൾ കാണെ ടെലിവിഷനിൽ വാർത്തകൾ വായിക്കണം എന്ന മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ അടക്കിവെച്ചിരുന്ന ഒരു മോഹം എങ്ങനെ സാധ്യമാക്കാം എന്ന അടങ്ങാത്ത ചിന്തയിലുമായിരുന്നു വാഹിദ്. അതിനായുള്ള അശ്രാന്തപരിശ്രമത്തിന്റെ തുടക്കം എവിടെയെന്നു വാഹിദിനു അറിയില്ല. എന്നാൽ ഒന്നറിയാം. ആനുകാലിക വിഷയങ്ങളെ സംബന്ധിച്ച മനസ്സിൽ തോന്നുന്നതെല്ലാം കത്തുകൾ രൂപത്തിൽ വിവിധ മാധ്യമങ്ങൾക്കു എഴുതി അയക്കുക ചെറുപ്പത്തിലെ ഒരു പതിവായിരുന്നു. അവയെല്ലാം അച്ചടിച്ച പത്രങ്ങൾ കാണുമ്പോൾ മനസ്സിൽ അറിയാതെ ഒരു സന്തോഷം നുരഞ്ഞുപൊങ്ങും. ആ സംതൃപ്തിയിൽ നാലുപതിറ്റാണ്ടു മുമ്പ് ഒരു പ്രമുഖ ദിനപത്രത്തിൽ എഴുതിയ ഫീച്ചറിനു ആദ്യമായി 300 രൂപ പ്രതിഫലവും ലഭിച്ചതും മനസ്സിൽ ഇപ്പോഴും കൊണ്ടുനടക്കുന്നു.
കേരളശബ്ദം തോപ്പിൽ രാമചന്ദ്രൻ പിള്ള എഡിറ്ററായിരുന്ന കായംകുളത്തുനിന്നും പ്രസിദ്ധീകരിച്ച “ലേഖ’ വാരികയുടെ ജനറൽ മാനേജരായും അസോസിയേറ്റ് എഡിറ്ററായും പ്രവർത്തിക്കാൻ അവസരം ലഭിച്ച വാഹിദ്, ബേബിജോൺ താമരവേലിയുടെ പത്രാധിപത്യത്തിലുണ്ടായിരുന്ന ബ്രഹ്മശ്രീ മാസിക, മലയാളം ന്യൂസ് ഗൾഫ് എഡിഷൻ, രാജേഷിന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ന്യൂസ് ഇൻ ന്യൂസ്, തറയിൽ ബഷീറിന്റെ ജനജിഹ്വ, കായംകുളം മജീദ് സാഹിബിന്റെ ബഹുജനം, ഗുരുശബ്ദം തുടങ്ങിയ ഒട്ടേറെ മാധ്യമങ്ങളിൽ നിരന്തരം ലേഖനങ്ങൾ എഴുതിയിരുന്നു. ഇതിനിടയിലാണ് 1989ൽ ജലസേചനവകുപ്പിൽ ജോലി ലഭിക്കുന്നത്. ഈ ജോലി ചെയ്യുമ്പോൾ തന്നെ ദൂരദർശനിൽ ന്യൂസ് റീഡർ സെലക്്ഷനുള്ള ടെസ്റ്റും പാസാകാനായി. പ്രഗത്ഭരായ ഒട്ടേറെ പേരെ പിന്തള്ളിയാണ് വാഹിദിനു അന്ന് സെലക്്ഷൻ ലഭിച്ചത്. 1990ൽ തൊഴിൽ വാർത്തകൾ വായിച്ചായിരുന്നു ദൂരദർശനിൽ തുടക്കം. എന്നാൽ ആ വളയത്തിനുള്ളിൽ പത്ത് വർഷത്തോളം നിൽക്കേണ്ടിവന്നെങ്കിലും നിരന്തരമുള്ള അക്ഷീണപരിശ്രമത്തിനൊടുവിലാണ് പ്രധാന വാർത്തകൾ വായിക്കാൻ അവസരം ലഭിച്ചതെന്നു വാഹിദ് പറയുന്നു. തന്റെ കഴിവുകൾ തെളിയിക്കാൻ പിന്നീടങ്ങോട്ടുള്ള ഓരോ ചലനങ്ങളും വാഹിദ് വേണ്ടുവോളം ഉപയോഗിച്ചു. തുടർന്നു നിയമസഭാ വാർത്തകൾ, അഭിമുഖം, കമന്ററി തുടങ്ങി എല്ലാ മേഖലകളിലും കൈയൊപ്പു ചാർത്താൻ വാഹിദിനായി. മെഡിക്കൽ കോളജ് ആശുപത്രികൾ, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളെക്കുറിച്ചും റിപ്പോർട്ടുകൾ തയ്യാറാക്കി അവതരിപ്പിക്കാനായി. ഒപ്പം അഭിനന്ദനങ്ങളുടെ പ്രവാഹവും.
പ്രശസ്ത കവി എൻ എൻ കക്കാടിന്റെ മകൻ കെ ശ്രീകുമാർ ദൂരദർശൻ പരിപാടിയായ കൃഷിദർശൻ അവതരിപ്പിക്കാൻ വിളിച്ചത് വാഹിദിന്റെ മറ്റൊരു വഴിത്തിരിവായിരുന്നു. തുടർന്നു അതിന്റെ അഭിമുഖവും സ്‌ക്രിപ്റ്റും അനുബന്ധപരിപാടികളും അവതരിപ്പിക്കാൻ അവസരം ലഭിച്ചു. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു കായംകുളം സി പി സി ആർ ഐ (സെൻട്രൽ പ്ലാന്റേഷൻ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ) നെക്കുറിച്ച് കെ ശ്രീകുമാർ തയ്യാറാക്കിയ ചരിത്രമണ്ണിലൊരു ഗവേഷണ സ്ഥാപനം എന്ന പരിപാടി. ദൂരദർശൻ പ്രൊഡ്യൂസറായിരുന്ന കെ എസ് രാജശേഖരൻ കൂടി വാഹിദിനൊപ്പം ചേർന്നതോടെ അഭിമാനകരമായ ഒട്ടേറെ പരിപാടികൾ ദൂരദർശനിൽ അവതരിപ്പിക്കാനുമായി. ബ്രാന്റ് കേരള, പ്രവാസം പ്രവാസി തുടങ്ങിയ പരിപാടികളിലും ഒട്ടേറെ അഭിമുഖങ്ങൾ നടത്താനായി. വീട്ടുവിശേഷം എന്ന പരിപാടിയിൽ പ്രഗത്ഭരായ ഒട്ടേറെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെയും ഇന്റർവ്യൂ നടത്തിയതും വേറിട്ട അനുഭവമായിരുന്നു. മികച്ച സ്‌ക്രിപ്‌റ്റോടെയുള്ള നല്ല ശബ്ദത്തിലും “ക്രിസ്റ്റർ ക്ലിയറാ’യും വാർത്താ റിപ്പോർട്ടുകൾ സംപ്രേഷണം ചെയ്തതോടെ വാഹിദ് ഏറെ ശ്രദ്ധിക്കപ്പെട്ടു. പല റിപ്പോർട്ടുകളും സോഷ്യൽ മീഡിയകളിൽ 9 മുതൽ 18 മില്യൻ വരെയും വ്യൂസ് നേടിയത് ദൂരദർശനെ സംബന്ധിച്ചിടത്തോളം റിക്കാർഡ് നേട്ടം തന്നെയാണ് ഉണ്ടാക്കിയത്. തുടർന്ന് ഡയറക്ടർമാരായ രശ്മിരോജാതുഷാരാ നായർ, ലെമി ജി നായർ, അജയ് ജോയി തുടങ്ങിയവരുടെ പിന്തുണ ഏറെ വിലപ്പെട്ടതും സഹായകവുമായിരുന്നു. ഡോ. കെ അമ്പാടി വാർത്താ വിഭാഗത്തിന്റെ ചുമതല ഏറ്റെടുത്തതോടെ വലിയ മാറ്റങ്ങളാണ് അക്കാലത്ത് ദൂരദർശനിൽ ഉണ്ടായത് എന്നും വാഹിദ് സ്മരിക്കുന്നു. മികച്ച വാർത്താ അവതാരകനുള്ള അടൂർ ഭാസി പുരസ്‌കാരം, മികച്ച അവതാരകനും റിപ്പോർട്ടർക്കുമുള്ള പ്രേംനസീർ പുരസ്‌കാരം, മികച്ച മാധ്യമ പ്രവർത്തകനുള്ള വൈസ്‌മെൻ ഇന്റർനാഷനൽ പുരസ്‌കാരം, പി എ ഹാരീസ് ഫൗണ്ടേഷൻ മാധ്യമശ്രേഷ്ഠാ പുരസ്‌കാരം, കെ കൃഷ്ണകുമാരൻ തമ്പി ബെസ്റ്റു കമന്റേറ്റർ പുരസ്‌കാരം, ആലപ്പുഴ ഫേജ് പ്രതിഭാ പുരസ്‌കാരം, എം ഇ എസ് മിന്നുംതാരം പുരസ്‌കാരം, ഇന്ദിര പ്രിയദർശിനി പുരസ്‌കാരം, തിരുവിതാംകൂർ എൻ ആർ ഐ സൊസൈറ്റി പ്രതിഭാ പുരസ്‌കാരം, ദുബൈ കരുണയുടെ ആൾ റൗണ്ടർ പുരസ്‌കാരം, ജൂനിയർ ചേംബർ പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങളും ഇതിനോടകം വാഹിദിനെ തേടിയെത്തി. കൂടാതെ വാഹിദിന്റെ കഥകളെ ആസ്പദമാക്കി സഹീർ മുഹമ്മദ് സംവിധാനം ചെയ്ത സഞ്ജുപിള്ള നിർമാണം നിർവഹിച്ച “എലോൺ’എന്ന ഹസ്വചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഓണാട്ട് രാജാക്കന്മാരുടെ ഓർമകൾ അയവിറക്കുന്ന കായംകുളം കൃഷ്ണപുരം കൊട്ടാരത്തെക്കുറിച്ചും പുനലൂർ-ചെങ്കോട്ട മീറ്റർ ഗേജ് പാതയിലൂടെയുള്ള അവസാന തീവണ്ടിയുടെ ഓട്ടത്തെക്കുറിച്ചും “ചരിത്രവണ്ടിയിലൊരു ചരിത്രയാത്ര’ തുടങ്ങിയ ഡോക്യുമെന്ററികൾ ദൂരദർശനു ഏറെ കാണികളെ സൃഷ്ടിച്ചവയാണ്.
തൊഴിലവസര വാർത്തകളിൽ തുടക്കം കുറിച്ച വാഹിദ് നിയമസഭാ വാർത്തകൾ, പ്രധാനവാർത്തകൾ, വീട്ടുവിശേഷം, സർഗസംഗമം, ദൃശ്യ കേരളം, ബ്രാന്റ് കേരള, പ്രവാസം പ്രവാസി, സാംസ്‌ക്കാരിക രംഗം, കൃഷിദർശൻ (ആൾ റൗണ്ടർ.) തദ്ദേശസ്വയംഭരണ- നിയമസഭ-ലോക്സഭാ തെരഞ്ഞെടുപ്പുകൾ, സംസ്ഥാന സ്‌കൂൾ കലോത്സവങ്ങൾ, ദേശീയഗെയിംസ്, നെഹ്്റു ട്രോഫി- ആറന്മുള ജലോത്സവങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട തത്സമയ റിപ്പോർട്ടുകൾ, മെയ്ദിനം, വനിതാദിനം, മ്യൂസിയംദിനം, ഭിന്നശേഷി ദിനം, പരിസ്ഥിതിദിനം തുടങ്ങിയ വിശേഷാൽ ദിന റിപ്പോർട്ടുകളും മൂന്നു പതിറ്റാണ്ടിനിടെ അദ്ദേഹത്തിനു ചെയ്യാനായി. ആകാശവാണി വാർത്താ അവതാരകരായ രാമചന്ദ്രൻ, പ്രതാപൻ, സത്യേന്ദ്രൻ, ശങ്കരനാരായണൻ, ഗോപൻ, ഡൽഹി ഇംഗ്ലീഷ് ന്യൂസ് റീഡറായ മനോഹർ ഖോൾ തുടങ്ങിയവരുടെ ശൈലി വേദികളിൽ അവതരിപ്പിച്ചതും പിൽക്കാലത്തു ആകാശവാണിയെക്കുറിച്ചു മികച്ച റിപ്പോർട്ട് തയ്യാറാക്കിയതും ഏറെ പ്രശംസ പിടിച്ചുപറ്റി. തികഞ്ഞ പ്രകൃതി സ്‌നേഹി കൂടിയായ വാഹിദ് അതുമായി ബന്ധപ്പെട്ടു എഴുതിയ ഒട്ടേറെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വേറിട്ട ഒരു ഫോട്ടോഗ്രാഫർ കൂടിയായ അദ്ദേഹത്തിന്റെ ഒട്ടേറെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ഏറെ അംഗീകാരം ലഭിച്ചപ്പോൾ അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് എന്റെ കേരളം, എന്റെ ഗ്രാമം എന്റെ കാഴ്ച തുടങ്ങിയ ആൽബങ്ങളിലേത്. 2020ൽ അദ്ദേഹം ആരംഭിച്ച ദൃശ്യജാലകം യുടൂബ് ചാനലിൽ നാട്ടുസഞ്ചാരം, നാട്ടുകാഴ്ചകൾ, പ്രതിഭകൾ എല്ലാം കാണാം. ജീവകാരുണ്യ പ്രവർത്തനരംഗത്തു വാഹിദ് തന്റേതായ ശ്രദ്ധപതിപ്പിക്കുന്നുമുണ്ട്. 2020 ഡിസംബർ മൂന്ന് ഭിന്നശേഷി ദിനത്തിൽ ദൂരദർശൻ സംപ്രേഷണം ചെയ്ത ഓച്ചിറ അബ്ബാ മോഹനനെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടിനു പ്രസാർഭാരതിയുടെ ദേശീയ പുരസ്‌കാരവും വാഹിദിനെ തേടിയെത്തുകയുണ്ടായി.