Connect with us

Ongoing News

മക്ക ബസ് പദ്ധതി; സൗജന്യ ട്രയല്‍ ഘട്ടം വിജയകരം, ആദ്യ ഘട്ടത്തില്‍ യാത്ര ചെയ്തത് ഒരുലക്ഷം പേര്‍

Published

|

Last Updated

മക്ക | മക്ക പൊതുഗതാഗത പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ മക്ക ബസ് പദ്ധതി വിജയത്തിലേക്ക്. ബസ് പ്രോജക്ടിന്റെ സൗജന്യ ട്രയല്‍ ഘട്ടത്തില്‍ ഇതുവരെ ഒരു ലക്ഷം പേര്‍ യാത്ര ചെയ്തതായി റോയല്‍ കമ്മീഷന്‍ ഫോര്‍ മക്ക സിറ്റി ആന്‍ഡ് ഹോളി സൈറ്റ് കമ്മീഷന്‍ അറിയിച്ചു. സഊദി വിഷന്‍ 2030 ന്റെ എക്സിക്യൂട്ടീവ് പ്രോഗ്രാമുകളിലൊന്നിന്റെ ഭാഗമായാണ് ‘അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കുന്ന’ പദ്ധതി നടപ്പിലാക്കിയത്. മക്കാ നിവാസികള്‍ക്കും ഹജ്ജിനും ഉംറക്കുമായി മക്കയിലെത്തുന്ന തീര്‍ഥാടകര്‍ക്കും പുതിയ സര്‍വീസുകളുടെ പ്രയോജനം ലഭിക്കുമെന്നതാണ് പ്രധാന സവിശേഷത.

2022 ഫെബ്രുവരി 15 നാണ് ആദ്യ യാത്ര ആരംഭിച്ചത്. 6, 7, 12 നമ്പര്‍ റൂട്ടുകളിലാണ് 40ല്‍ അധികം ബസുകള്‍ പരീക്ഷണ സര്‍വീസുകള്‍ നടത്തിയത്. അല്‍റസീഫ ഡിസ്ട്രിക്ടിലെ ഹറമൈന്‍ റെയില്‍വേ, ഹറമിന് സമീപത്തെ ജബല്‍ ഉമര്‍ ബസ് സ്റ്റേഷന്‍ മക്കയിലെ വിശുദ്ധ ഹറം, അല്‍ ഹറമൈന്‍ റെയില്‍വേ സ്റ്റേഷന്‍, ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റി, അല്‍ബുഹൈറാത്ത് ഏരിയകളെ ബന്ധിപ്പിച്ചാണ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്. മക്ക ബസ് റൂട്ടിന് ആകെ 12 റൂട്ടുകളിലായി 425 സ്റ്റോപ്പുകളും നാല് പ്രധാന ബസ് സ്റ്റേഷനുകളുമാണുള്ളത്. എല്ലാ ദിവസവും പുലര്‍ച്ചെ നാലിന് ആരംഭിക്കുന്ന പ്രതിദിന സര്‍വീസ് പുലര്‍ച്ചെ രണ്ടിനാണ് അവസാനിക്കുക.

ഡ്രൈവര്‍മാര്‍, ഓപ്പറേഷന്‍ സ്റ്റാഫ്, മെക്കാനിക്കുകള്‍, ഒരു സപ്പോര്‍ട്ട് ടീം എന്നിവരുള്‍പ്പെടെ 500 ജീവനക്കാര്‍ അടങ്ങുന്ന ഓപ്പറേറ്റിംഗ് ടീമാണ് പ്രവര്‍ത്തന രംഗത്തുള്ളത്. ഒന്നര മാസത്തിലധികം നീണ്ടുനിന്ന പരീക്ഷണ ഘട്ടത്തില്‍ യാത്രക്കാര്‍ക്ക് ബസുകളില്‍ സൗജന്യ യാത്രയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്.

 

 

Latest