Connect with us

Kerala

ജനങ്ങൾക്ക് ഗുണപ്രദമാകുന്നതായിരിക്കണം മാധ്യമ ചർച്ചകൾ: വി ഡി സതീശൻ

പി അരവിന്ദാക്ഷൻ മാധ്യമ പുരസ്കാരം രെജി ആർ നായർക്കു സമ്മാനിച്ചു

Published

|

Last Updated

പി അരവിന്ദാക്ഷൻ മാധ്യമ പുരസ്കാരം മാതൃഭൂമി സീനിയർ സബ് എഡിറ്റർ രെജി ആർ നായർക്കു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സമർപ്പിക്കുന്നു. മനോരമ മുൻ റസിഡന്റ് എഡിറ്റർ കെ അബൂബക്കർ, പ്രസ് ക്ലബ് സെക്രട്ടറി പി കെ സജിത്ത്, മനോരമ ബ്യൂറോ ചീഫ് ജയൻ മേനോൻ, പ്രസ് ക്ലബ് പ്രസിഡന്റ് ഇ പി മുഹമ്മദ്, ടെലഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ രാജഗോപാൽ, പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി സയ്യിദ് അലി ശിഹാബ് തങ്ങൾ സമീപം.

കോഴിക്കോട് | പൊതുജനങ്ങൾക്കും സമൂഹത്തിനും പ്രയോജനപ്പെടുന്നതായിരിക്കണം മാധ്യമ ചർച്ചകളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പല രാഷ്ട്രീയ സംഭവങ്ങളും ഒരുപാട് ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ആത്യന്തികമായി ഇതിന്റെ ഫലമെന്താണെന്ന് ആലോചിക്കേണ്ട അവസ്ഥയുണ്ട്. ഗ്രാമീണമേഖലയിലെ പ്രശ്നങ്ങൾക്കു നമ്മുടെ മാധ്യമങ്ങളിൽ വളരെ കുറഞ്ഞ പ്രാധാന്യമാണു ലഭിക്കുന്നത്. വലിയ രാഷ്ട്രീയ വിവാദങ്ങൾ മൂലം സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ഒരുപാട് വാർത്തകൾ മാറ്റി നിർത്തപ്പെടുന്നുണ്ട്.സാമൂഹ്യ നീതിയും കാലാവസ്ഥാ മാറ്റവും അടക്കം പുതിയ കാലത്തെ പ്രശ്നങ്ങളെ കൂടുതലായി ചർച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോഴിക്കോട് പ്രസ്ക്ലബ് സ്ഥാപക പ്രസിഡന്റും മലയാള മനോരമ മുൻ റസിഡന്റ് എഡിറ്ററുമായ പി അരവിന്ദാക്ഷന്റെ പേരിലുള്ള പ്രഥമ മാധ്യമ പുരസ്കാരം മാതൃഭൂമി പത്രത്തിലെ സീനിയർ സബ് എഡിറ്റർ രെജി ആർ നായർക്കു സമർപ്പിക്കുകയായിരുന്നു വി.ഡി.സതീശൻ. അവയവദാനം കാത്തിരിക്കുന്നവരുടെ അവസ്ഥയെ കുറിച്ചുള്ള പരമ്പരയ്ക്കാണ് രെജി ആർ നായർക്ക് അവാർഡ് ലഭിച്ചത്.

ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റർ ഇൻ–ലാർജ് ആർ രാജഗോപാൽ അരവിന്ദാക്ഷൻ അനുസ്മരണം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.അരവിന്ദാക്ഷന്റെ മകനും മലയാള മനോരമ കോഴിക്കോട് ചീഫ് ഓഫ് ബ്യൂറോയുമായ ജയൻ മേനോൻ, മലയാള മനോരമ മുൻ റസിഡന്റ് എഡിറ്റർ കെ.അബൂബക്കർ, പ്രസ് ക്ലബ് സെക്രട്ടറി പി.കെ.സജിത്ത്, ജോയിന്റ് സെക്രട്ടറി സയ്യിദ് അലി ശിഹാബ് തങ്ങൾ എന്നിവർ പ്രസംഗിച്ചു.
∙∙∙∙

Latest