Kerala
മാധ്യമ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് മൂലധന ശക്തികൾ: മുഖ്യമന്ത്രി
നാടിനാകെ തീ പടര്‍ത്തുന്ന വര്‍ഗീയ പ്രചാരണങ്ങളില്‍ നിന്ന് മാധ്യമങ്ങൾ വിട്ടുനില്‍ക്കണം
ന്യൂഡല്‍ഹി | മൂലധന ശക്തികളാണ് മാധ്യമ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതെന്നും ഇടതുപക്ഷ വിരുദ്ധതയാണ് ഇവരുടെ മുഖമുദ്രയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ യു ഡബ്ല്യു ജെ) ഡല്‍ഹി ഘടകം ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മാധ്യമ പ്രവര്‍ത്തനം എങ്ങനെയാകണമെന്ന് ഉപദേശിക്കുന്നതില്‍ അര്‍ഥമില്ല. ആരുടെയെങ്കിലും ഉപദേശപ്രകാരം നടത്തേണ്ടതല്ല മാധ്യമ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമ പ്രവര്‍ത്തനം വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. 2014 മുതല്‍ മാധ്യമ സ്വാതന്ത്ര്യ പട്ടികയില്‍ ഇന്ത്യ താഴേക്കാണ് പോകുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷയിലും റാങ്കിലും ഇന്ത്യ ഏറെ പിന്നിലാണ്. അധികാര കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അല്ലാതെ അന്വേഷണത്തിലുടെ കണ്ടെത്തുന്ന വിവരങ്ങള്‍ വാര്‍ത്താക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല.
ഉപദേശിച്ച് നന്നാക്കാന്‍ സാധിക്കില്ലായെന്ന് പറയുമ്പോഴും ചില കാര്യങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജാഗ്രത കാണിക്കാന്‍ കഴിയും. നാടിനാകെ തീ പടര്‍ത്തുന്ന വര്‍ഗീയ പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാകും. ഊഹാപോഹങ്ങളും കിംവദന്തികളും പടര്‍ത്താതിരിക്കാന്‍ ഒഴിഞ്ഞ് നില്‍ക്കണം. അങ്ങനെ പടര്‍ന്നാല്‍ നാടിന്റെ നിലനില്‍പ്പ് തന്നെ അത് അവതാളത്തിലാക്കും. നാടില്ലാതായാല്‍ മാധ്യമങ്ങളും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.