Connect with us

Kerala

മാധ്യമ സ്ഥാപനങ്ങള്‍ ജനാധിപത്യത്തിന്റെ പ്രതീക്ഷ: ജ്ഞാനപീഠ ജേതാവ് ദാമോദര്‍ മൗസോ

മുപ്പതാമത് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന് തിരുവനന്തപുരത്ത് തുടക്കം

Published

|

Last Updated

തിരുവനന്തപുരം | ജനാധിപത്യപ്രക്രിയയില്‍ മാധ്യമപ്രവര്‍ത്തകരുടെ ഉത്തരവാദിത്വവും പ്രാധാന്യവും വര്‍ധിച്ചു വരുന്നതായി ജ്ഞാനപീഠ ജേതാവ് ദാമോദര്‍ മൗസോ. തിരുവനന്തപുരത്ത് നടക്കുന്ന മുപ്പതാമത് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകര്‍ ദൗത്യം മറന്ന് പ്രവര്‍ത്തിക്കരുതെന്നും ഭരണകൂടത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ അവര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരിലെ സ്ത്രീ വിഷയത്തില്‍ മൗനികളായവര്‍ ഫ്‌ളയിങ് കിസ്സ് വിവാദത്തില്‍ അമിതാവേശം കാണിക്കുന്നത് ശുഭ സൂചനയല്ല. അതെ സമയം എഴുത്തുകാരെയും ചിന്തകന്മാരെയും നിശബ്ദമാക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നുണ്ട്. ഈ പ്രവണതയെ ശക്തമായി ചെറുക്കേണ്ടതും അനിവാര്യതയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യ പ്രഭാഷണം നടത്തി. മനുഷ്യത്വം അന്യമാകുന്ന കാലത്ത് സാഹിത്യോത്സവ് ഉയര്‍ത്തുന്ന ‘മനുഷ്യന്‍’ എന്ന പ്രമേയം ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ സാഹിത്യകാരന്‍ കെ പി രാമനുണ്ണി സാഹിത്യ ഭാഷണം നടത്തി. സാഹിത്യം മനുഷ്യ ഹൃദയങ്ങളെ സംയോജിപ്പിക്കുന്നതാണെന്നും ഈ കടമയാണ് എസ് എസ് എഫ് മുപ്പത് വര്‍ഷമായി ചെയ്ത് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാഹിത്യോത്സവിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സംഗമത്തില്‍ സനീഷ് ഇളയിടത്ത്, കെ വി സജയ് (ഭാഷകളിലെ മനുഷ്യര്‍; വാക്കുകള്‍ സഞ്ചരിച്ച വഴികള്‍), കെ പി രാമനുണ്ണി, ഡോ. ഡി അനില്‍കുമാര്‍ (പച്ച മനുഷ്യരുടെ ലോകം), കെ ഇ എന്‍ കുഞ്ഞഹമ്മദ്, ഡോ, പി പി അബ്ദുറസാഖ് (ഭക്ഷണം; അനുഭവം, അനുഭൂതി, അതിജീവനം), സി പി ഷഫീഖ് ബുഖാരി, ഷബീറലി നൂറാനി(സമ്പത്ത് ; കരുതലോളം കരുത്തില്ല മറ്റൊന്നിനും) സംസാരിച്ചു.

തിരുവനതപുരം കനകക്കുന്നിലാണ് മുപ്പതാമത് എഡിഷന്‍ സാഹിത്യോത്സവ് നടക്കുന്നത്. 170 മത്സര ഇനങ്ങളിലായി രണ്ടായിരത്തോളം മത്സരാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്. ഗ്രാമ തലത്തില്‍ തുടങ്ങി സംസ്ഥാന തലം വരെ എത്തുമ്പോള്‍ ഒരു ലക്ഷത്തിലധികം പ്രതിഭകളാണ് സാഹിത്യോത്സവിന്റെ ഭാഗമാകുന്നത്. നഗരത്തില്‍ സജ്ജമാക്കുന്ന പത്ത് വേദികളിലായി സാംസ്‌കാരിക ചര്‍ച്ചകള്‍, കലാസ്വാദനങ്ങള്‍, പുസ്തകമേള തുടങ്ങിയവയും നടക്കുന്നുണ്ട്. ഉദ്ഘാടന സംഗമത്തില്‍ ഇല്യാസ് സഖാഫി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സിദ്ധീഖ് സഖാഫി നേമം, കെ അബ്ദുറഷീദ്, എം അബ്ദുല്‍ മജീദ് സംസാരിച്ചു.