Malappuram
മനുഷ്യനുപകരിക്കുന്ന വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ ജാഗ്രത കാണിക്കണം: കേരള മുസ്ലിം ജമാഅത്ത്
ശ്രീറാം വെങ്കിട്ടരാമന് സ്ഥാനക്കയറ്റം നല്‍കിയതില്‍ പ്രതിഷേധിച്ചു

മലപ്പുറം | മുഴുവന്‍ മനുഷ്യര്‍ക്കുമുപകരിക്കുന്ന വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും ഇതിനായി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപപ്പെടുത്തണമെന്നും കേരള മുസ്ലിം ജമാഅത്ത് ജില്ലാ മാധ്യമ സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു.
സാഹോദര്യത്തിന്റെ മഹിതമായ മലപ്പുറം മാതൃക നന്നായി പ്രചരിപ്പിക്കപ്പെടണം. ജില്ലയെ ലഹരിമുക്തമാക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും സംഗമം ഉണര്‍ത്തി. സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബശീര്‍ കൊലപാതക കേസില്‍ ഗുരുതരമായ നരഹത്യക്കുറ്റം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് നിയമവിരുദ്ധമായി പ്രമോഷനും ഉയര്‍ന്ന തസ്തികകളും നല്‍കുന്നതില്‍ സംഗമം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
വാദീ സലാമില്‍ നടന്ന സംഗമത്തില്‍ സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍ അധ്യക്ഷത വഹിച്ചു.പ്രസ് ക്ലബ് പ്രസിഡന്റ് എസ് മഹേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി പി നിസാര്‍, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഗിരീഷ് കുമാര്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറിമാരായ പി കെ മുഹമ്മദ് ബശീര്‍, കെ പി ജമാല്‍ കരുളായി, എ പി ബശീര്‍ ചെല്ലക്കൊടി, എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ ദുല്‍ഫുക്കാറലി സഖാഫി, സിദ്ദീഖ് കൊളത്തൂര്‍ പ്രസംഗിച്ചു. മുന്‍ പ്രസ് ക്ലബ് ഭാരവാഹികളായ വിമല്‍ കോട്ടക്കല്‍, അബ്ദുല്‍ ലത്വീഫ് നഹ, മുജീബ് പുള്ളിച്ചോല സംബന്ധിച്ചു.