Connect with us

medical hostel

മെഡിക്കൽ ഹോസ്റ്റൽ ഉത്തരവ്: സ്വാഗതം ചെയ്ത് വിദ്യാർഥിനികൾ, ഒപ്പം രാഷ്ട്രീയ വിവാദവും

വിഷയത്തിൽ സജീവമായി പ്രതികരിക്കാത്ത സംഘടനകളെ ഉയർത്തിക്കാട്ടി സർക്കാർ ഉത്തരവ് രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗപ്പെടുത്തിയെന്നാണ് കോഴിക്കോട് മെഡി. കോളജ് യൂനിയന്റെ ആരോപണം.

Published

|

Last Updated

കോഴിക്കോട് | മെഡിക്കൽ -ദന്തൽ ഹോസ്റ്റലുകളിലെ രാത്രികാല നിയന്ത്രണം സംബന്ധിച്ച് സർക്കാർ ഇറക്കിയ ഉത്തരവിൽ പരാമർശിച്ച സംഘടനകളെച്ചൊല്ലി വിവാദം. ഹോസ്റ്റലുകളിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ വിദ്യാർഥികളും രാത്രി 9.30ന് ഹാജരാകണമെന്നും വൈകിയാൽ മൂവ്‌മെന്റ് രജിസ്റ്ററിൽ രേഖപ്പെടുത്തി അകത്ത് പ്രവേശിക്കാമെന്നുമുള്ള ആരോഗ്യകുടുംബ ക്ഷേമ വകുപ്പിന്റെ ഉത്തരവിനെച്ചൊല്ലിയാണ് രാഷ്ട്രീയ വിവാദം. കോഴിക്കോട് മെഡിക്കൽ കോളജ് യൂനിയൻ ഭരിക്കുന്ന ഇൻഡിപെൻഡൻസ് ആണ് വിഷയം ഉയർത്തിക്കൊണ്ടുവന്നതെങ്കിലും ഇന്നലെ ഇറക്കിയ ഉത്തരവിൽ ഇടത് വിദ്യാർഥി സംഘടനയായ എസ് എഫ് ഐയെയാണ് പരാമർശിച്ചത്.

എറണാകുളം ഗവ. മെഡിക്കൽ കോളജ് എസ് എഫ് ഐ യൂനിറ്റും മെഡിക്കോസും സമർപ്പിച്ച നിവേദനമാണ് ഉത്തരവിലേക്ക് നയിച്ചതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിഷയത്തിൽ സജീവമായി പ്രതികരിക്കാത്ത സംഘടനകളെ ഉയർത്തിക്കാട്ടി സർക്കാർ ഉത്തരവ് രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗപ്പെടുത്തിയെന്നാണ് കോഴിക്കോട് മെഡി. കോളജ് യൂനിയന്റെ ആരോപണം. വിദ്യാർഥിനികളുടെ രാത്രികാല ഹോസ്റ്റൽ നിരോധനത്തിനെതിരെ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം സമർപ്പിച്ചിരുന്നുവെന്നും ആസാദി മൂവ്‌മെന്റിന്റെ ഭാഗമായി പല പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നുവെന്നും മെഡി.കോളജ് വിദ്യാർഥി യൂനിയൻ വ്യക്തമാക്കി.

ഈ വിഷയത്തിൽ കോഴിക്കോട് മെഡി. കോളജിലെ വിദ്യാർഥിനികൾ നൽകിയ ഹരജിയെത്തുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. കോടതി നിർദേശ പ്രകാരം ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പുതിയ ഉത്തരവും ഇറക്കി. അതേസമയം, മൂവ്‌മെന്റ് രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം വിദ്യാർഥി-വിദ്യാർഥിനികൾക്ക് രാത്രി 9.30ന് ശേഷം ഹോസ്റ്റലിൽ പ്രവേശിക്കാമെന്ന സർക്കാർ ഉത്തരവിനെ രാത്രികാല ഹോസ്റ്റൽ നിയന്ത്രണത്തിനെതിരെ രംഗത്തു വന്ന കോഴിക്കോട് മെഡി. കോളജ് വിദ്യാർഥി യൂനിയൻ സ്വാഗതം ചെയ്തു.

Latest