Connect with us

Kerala

ചികില്‍സാ പിഴവ് ; ഹരജികക്ഷിക്ക് 5,87,707- രൂപാ കൊടുക്കാന്‍ പത്തനംതിട്ട ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്റെ വിധി

മസ്‌കറ്റില്‍ മെയില്‍ നേഴ്‌സായ അനീഷ് ബാബു 2018 ല്‍ നാട്ടില്‍ വന്നപ്പോഴാണ് വീടിനകത്ത് തെന്നി വീണ് ഇടത് കണങ്കാലിന് പരിക്കുപറ്റിയത്.

Published

|

Last Updated

പത്തനംതിട്ട | കോന്നി അരുവാപ്പുലം പഞ്ചായത്തില്‍ അനീഷ് ഭവനില്‍ അനീഷ് ബാബു ഫയല്‍ ചെയ്ത ഹരജിയില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധി പുറപ്പെടുവിച്ചു.ആശുപത്രിയില്‍ ഉണ്ടായ ചികിത്സാ ചിലവും, നഷ്ടപരിഹാരവും, കോടതി ചിലവും ചേര്‍ത്ത് 5,87,707 രൂപ ബിലീവേഴ്‌സ് ആശുപത്രി ഡയറക്ടറും ഡോ. ജെറിമാത്യുവും ചേര്‍ന്ന് ഒരു മാസത്തിനകം ഹരജി കക്ഷിക്ക് നല്‍കണം.

മസ്‌കറ്റില്‍ മെയില്‍ നേഴ്‌സായ അനീഷ് ബാബു 2018 ല്‍ നാട്ടില്‍ വന്നപ്പോ‍ള്‍ വീടിനകത്ത് തെന്നി വീണ് ഇടത് കണങ്കാലിന് പരിക്കുപറ്റിയിരുന്നു.തുടര്‍ന്ന് ഇയാളെ കോന്നി ബിലീവേഴ്‌സ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ഹരജിയിലെ 2-ാം പ്രതിയായ ഡോ. ജെറിമാത്യു രോഗിയെ പരിശോധിക്കുകയും കാലിന് അടിയന്തിര ഓപ്പറേഷന്‍ നടത്തുകയും ചെയ്തു.

എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും കാലിലെ വേദനയും നീരും മാറാതെ വന്നതോടെ ഹരജികക്ഷി വിദഗ്ദ്ധ ചികിത്സ തേടി തിരുവനന്തപുരം എസ്പി ഫോര്‍ട്ട്ല്‍ പോകുകയും അവിടെ വീണ്ടും ഒരു ഓപ്പറേഷനു വിധേയമാവുകയും ചെയ്തു. എസ്പി ഫോര്‍ട്ട്‌ഹോസ്പിറ്റലിലെ ഡോക്ടര്‍ നടത്തിയ വിദഗ്ദ്ധ പരിശോധനയില്‍ കണങ്കാലിന്റെ രണ്ട് എല്ലുകള്‍ തമ്മില്‍ കുറച്ച് അകന്നു നില്‍ക്കുന്നതായിട്ടാണ് കണ്ടത്. ഹോസ്പിറ്റലില്‍ എത്തുന്നസമയം ഹരജി കക്ഷിക്ക് നടക്കാന്‍ പറ്റുമായിരുന്നില്ല . അദ്ദേഹത്തിന്റെ കാലില്‍ ആദ്യത്തെ ഓപ്പറേഷനില്‍ ഇട്ടിരുന്ന പ്ലേറ്റ് നീക്കം ചെയ്യുകയും അല്പം മാറിയിരുന്ന 2 എല്ലുകള്‍ നേരെയാക്കി ഉറപ്പിച്ച് അതേ കാലിന്റെ മറുപുറത്തുളള ലിഗമെന്റ് റിപ്പയര്‍ ചെയ്യുകയും ജോയിന്റ് സ്റ്റേബിള്‍ ആക്കുന്നതിനുവേണ്ടി ഉപ്പൂറ്റിയില്‍ മറ്റൊരു കമ്പി കണങ്കാലിന്റെ എല്ലി ലേക്ക് ഇടുകയും ചെയ്തു.

രണ്ടാമത് നടത്തിയ ഓപ്പറേഷനോടുകൂടി ഹരജികക്ഷി സുഖം പ്രാപിക്കുകയുണ്ടായി.
അന്യായം ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍ ഇരുകക്ഷിക്കും നോട്ടീസ് അയക്കുകയും കമ്മീഷനില്‍ ഹാജരായ ഇരുകക്ഷികളില്‍ നിന്നും തെളിവെടുപ്പ് നടത്തുകയും ചെയ്തു. കിട്ടിയ തെളിവുകളുടേയും സാക്ഷി മൊഴിയിലൂടെയും അടിസ്ഥാനത്തില്‍ ഹരജികക്ഷിയെ ആദ്യം ചികിത്സിച്ച് കോന്നി ബിലീവേഴ്സ്സിലെ ഡോക്ടര്‍ വളരെ നിരുത്തരവാദപരമായിട്ടാണ് ചികിത്സിച്ചതെന്ന് കമ്മീഷന്‍ കണ്ടെത്തുകയാണ് ചെയ്തത്. ആയതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ആശുപത്രിയില്‍ ഉണ്ടായ ചികിത്സാ ചിലവും, നഷ്ടപരിഹാരവും, കോടതി ചിലവും ചേര്‍ത്ത് 5,87,707 രൂപ ബിലീവേഴ്‌സ് ആശുപത്രി ഡയറക്ടറും ഡോ. ജെറിമാത്യുവും ചേര്‍ന്ന് ഒരു മാസത്തിനകം ഹരജി കക്ഷിക്ക് നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിടുകയാണ് ചെയ്തത്. കമ്മീഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.

Latest