Ongoing News
മിഡില്‍ ഈസ്റ്റിലെ മികച്ച പ്രാദേശിക വിമാനത്താവളം മദീനയിലേത്
യാത്രക്കാര്‍ക്ക് സേവനം നല്‍കുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തില്‍ ആഗോളതലത്തില്‍ അഞ്ചാം സ്ഥാനം

മദീന | പ്രവാചക നഗരിയായ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളം മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച പ്രാദേശിക വിമാനത്താവളമായി തിരഞ്ഞെടുത്തു. സ്‌പെയിനിലെ മാഡ്രിഡില്‍ ബുധനാഴ്ച നടന്ന സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ് പ്രഖ്യാപന വേളയില്‍ 2025ലെ ലോകത്തിലെ മികച്ച 100 വിമാനത്താവളങ്ങളില്‍ 50ാം സ്ഥാനത്തും പത്ത് മുതല്‍ ഇരുപത് ദശലക്ഷം വരെയുള്ള യാത്രക്കാര്‍ക്ക് സേവനം നല്‍കുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തില്‍ ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്തും പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളം നേടി.
2020, 2021, 2024 വര്‍ഷങ്ങളില്‍ സ്‌കൈട്രാക്‌സ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച പ്രാദേശിക വിമാനത്താവളമായി തിരഞ്ഞെടുത്ത വിമാനത്താവളം ഇത് നാലാം തവണയാണ് പ്രവാചക നഗരിയിലെ മദീന വിമാനത്താവളം ബഹുമതി നേടുന്നത്.
2024ല്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളം ഏകദേശം 12 ദശലക്ഷം യാത്രക്കാരെയാണ് സ്വാഗതം ചെയ്തത്. മദീനയിലെത്തുന്നവര്‍ക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കുന്നതോടപ്പം നൂതന പ്രവര്‍ത്തന സേവനങ്ങളും നല്‍കുന്നതിലെ മികവിന് പ്രാദേശിക അവാര്‍ഡുകള്‍ നേടിയതോടെ സ്‌കൈട്രാക്‌സ് റാങ്കിംഗനുസരിച്ച് ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളില്‍ ഒന്നായി മാറാന്‍ പ്രവാചക നഗരിയിലെ മദീന വിമാനത്താവളത്തിന് കഴിഞ്ഞിട്ടുണ്ട്.
വിമാനത്താവളത്തിന്റെ വിപുലീകരണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നിലവിലുള്ള ടെര്‍മിനലിന്റെ വികസനത്തിന് പുറമെ 53,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ളതും പ്രതിവര്‍ഷം 5.5 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതുമായ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മിക്കും. 2027 അവസാനത്തോടെ വിമാനത്താവളത്തിന്റെ ശേഷി പ്രതിവര്‍ഷം 18 ദശലക്ഷം യാത്രക്കാരില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.