Articles
മദീന: ആവിഷ്‌കാരത്തിന്റെ നഗരം
ഈ നഗരത്തിന്റെ ചരിത്രത്തിലെവിടെയും അഹങ്കാരിയായ ഒരു നാട്ടുമുഖ്യന്റെ പേരില്ല

മദീന എന്നാല്‍ നഗരമെന്നാണ്. വിശ്വാസികള്‍ക്ക് ഒരു നഗരമേ ഉള്ളൂ, അത് പ്രവാചകരുടെ നഗരമാണ്. പ്രവാചകരോടുള്ള പ്രണയവും അവിടുന്ന് പഠിപ്പിച്ച സംസ്‌കാരവുമാണ് ഈ നഗരം ആവിഷ്‌കരിക്കുന്നത്. മദീന എന്ന പദം പോലും ലളിതമാണ്. ഉച്ചരിക്കുമ്പോള്‍ എവിടെയും ഇരട്ടിപ്പില്ലാതെ പറയാനാകുന്ന പദം. ഈ നഗരത്തിന്റെ ചരിത്രത്തിലെവിടെയും അഹങ്കാരിയായ ഒരു നാട്ടുമുഖ്യന്റെ പേരില്ല. പ്രതിയോഗിയുടെ പ്രതിഛായയുമായി തിരുനബി(സ)യുടെ മുമ്പില്‍ ആരും പ്രത്യക്ഷപ്പെട്ടിട്ടില്ല.
മദീന നഗരമാണ്, എപ്പോഴും സഞ്ചാരികള്‍ എത്തിച്ചേരുന്നയിടം. എന്നാല്‍ നാട്യപ്രധാനം എന്ന എല്ലാ നഗരങ്ങള്‍ക്കുമുള്ള വിശേഷണം ഈ നഗരത്തിനന്യമാണ്. ബഹളങ്ങളും തിരക്കുമില്ലാത്ത, ഗ്രാമത്തേക്കാള്‍ നിശബ്ദമായയിടം.
ഈ പട്ടണത്തിലൊരിടത്തും പ്രവാചകര്‍(സ)യുടെ ചിത്രമോ പ്രതിമയോ ഇല്ല. എന്നാല്‍ ഓരോ അണുവിലും പ്രവാചകര്‍ പഠിപ്പിച്ച പാഠങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. എല്ലായിടത്തും അവിടുത്തെ ജീവിതത്തിലേക്കും പ്രണയത്തിലേക്കുമുള്ള കിളിവാതിലുകള്‍ തുറന്നുവെച്ചിരിക്കുന്നു. ആ ജാലകപ്പഴുതിനപ്പുറത്തുള്ള കാഴ്ചകള്‍ അനുരാഗിയുടെ അന്തരങ്ങളെ ആര്‍ദ്രമാക്കുന്നു. മസ്ജിദുന്നബവിയുടെ ആകാരം അനുചരര്‍ക്കൊപ്പം കല്‍ച്ചുമടേറ്റിയ തിരുനബിയുടെ സ്മാരകമാണ്. എല്ലാ സായാഹ്നങ്ങളിലും ഈത്തപ്പഴവും ഖഹ്്വയുമായി സന്ദര്‍ശകരെ നോമ്പുതുറപ്പിക്കാനെത്തുന്ന അന്‍സ്വാറുകളുടെ പേരമക്കള്‍ ആതിഥ്യത്തിന്റെയും പങ്കുവെപ്പിന്റെയും തുല്യതയില്ലാത്ത ചരിത്രത്തിന്റെ തുടര്‍ച്ചയാണ്.
മസ്ജിദുന്നബവിയുടെ ഓരോ തൂണുകള്‍ക്കരികിലും പണ്ഡിതന്‍മാരുടെ ക്ലാസ്സുകള്‍ നടക്കുന്നത് കാണാം. അവിടെ നിന്ന് അഹ്‌ലുസ്വുഫ്ഫയുടെ അറിവനുഭവങ്ങള്‍ ഉള്‍വഹിക്കുന്ന തിണ്ണയിലേക്ക് തിരിഞ്ഞുനോക്കിയാല്‍ വയറില്‍ കല്ലുവെച്ചു കെട്ടി തിരുനബിയിലേക്ക് കാതോര്‍ത്തിരിക്കുന്ന അബൂഹുറൈറ(റ)വിനെ കാണാം. തിരുനബി(സ)യുടെ മിമ്പറിനും ഖബ്ര്‍ ശരീഫിനുമിടക്ക് സുജൂദില്‍ കിടന്ന് തേങ്ങുന്നവരുടെ ഗദ്ഗദങ്ങളില്‍ സ്വര്‍ഗം സ്വന്തമാക്കിയ സന്തോഷം കേള്‍ക്കാം. ഹുജറതുശ്ശരീഫ, അനുരാഗത്തിന്റെ അവസാനം. ആ സന്നിധിയില്‍ മനുഷ്യന്‍ അലിഞ്ഞില്ലാതാകുന്നു. കണ്ണീര്‍തുള്ളികളില്‍ നിര്‍വൃതി തിളങ്ങുന്നു.
മുത്തുനബി(സ)യുടെ ചാരത്ത് അവര്‍ രണ്ട് പേരെ കാണാം. സ്വിദ്ദീഖും ഉമറും. പ്രിയപ്പെട്ട രണ്ട് കൂട്ടുകാര്‍. ഉമര്‍(റ)വിന് ആറടി മണ്ണു നല്‍കി പ്രിയതമനെയും ഉപ്പയെയും വിട്ട് ബഖീഇല്‍ ചെന്നുകിടന്ന ആഇശ(റ), നിങ്ങള്‍ക്കിഷ്ടപ്പെട്ടത് അപരന് സമ്മാനിക്കാതെ പുണ്യം പൂര്‍ണമാകില്ലെന്ന ഖുര്‍ആന്‍ സാക്ഷ്യത്തിന്റെ വിശദീകരണമാകുന്നു. ജന്നത്തുല്‍ ബഖീഇലെ ഓരോ മീസാന്‍ കല്ലും ഒരായിരം സന്ദേശങ്ങളുടെ സ്മാരകമാണ്. ഫാത്വിമ എന്ന മകളുടെ, സൈനബ് എന്ന വിശ്വാസദാര്‍ഢ്യത്തിന്റെ, മാരിയ എന്ന സൗഭാഗ്യത്തിന്റെ സ്മാരകങ്ങള്‍. ഭരണാധികാരിയുടെ ദൗത്യം അരുതായ്മകളോട് അടിയറവു പറയലല്ല എന്ന നിലപാടിന്റെ പേരില്‍ അകലെ പോയി കിടക്കേണ്ടി വന്ന ഉസ്മാന്‍(റ)വും പഠിപ്പിക്കുന്നുണ്ട് പാഠങ്ങള്‍.
മദീനയിലെ പ്രാവുകളെ കാണുമ്പോള്‍ മനസില്‍ സൗറിന്റെ ഗുഹാമുഖമാണ് അനാവൃതമാകുന്നത്. അവിടെ ഒരു മുട്ട കൊണ്ട് ശത്രുക്കളെ പ്രതിരോധിച്ച കാവല്‍ക്കാരിയെ കാണാം. തിരുനബി(സ)യുടെ സ്പര്‍ശനങ്ങള്‍ക്ക് സ്മാരകങ്ങളൊരുക്കി അവിടുത്തെ ശേഷിപ്പുകളുടെ മഹത്വം വിളംബരം ചെയ്യുന്ന കിണറുകളും തോട്ടങ്ങളും വിശ്വാസിയോട് കഥ പറയുന്നത് കേള്‍ക്കാം. നബിയുടേത് എന്ന് പറയപ്പെടുന്ന ഒന്നിനെയും കളയരുത് എന്ന അവയുടെ പാഠം പഠിക്കാം.
മുത്ത് നബി(സ)ക്ക് മേഘം തണലൊരുക്കിയ കഥ പറയുന്ന മസ്ജിദുല്‍ ഗമാമ, ഹിജ്‌റയിലെ ഇടത്താവളമായ ഖുബ, ആദ്യ ജുമുഅയുടെ ഓര്‍മ വഹിക്കുന്ന മസ്ജിദുല്‍ ജുമുഅ, ഹബീബിനൊത്ത് ഖിബ്‌ല മാറ്റിയ സ്രഷ്ടാവിന്റെ നിലപാട് പറയുന്ന മസ്ജിദുല്‍ ഖിബ്‌ലതൈനി… ഓരോന്നും ഒരായിരം പാഠങ്ങള്‍.
തിരുവചനങ്ങളുടെ സംരക്ഷകനായതിന്റെ പേരില്‍ വാഴ്ത്തപ്പെട്ട നാമമാണ് ഇമാം ബുഖാരി(റ)വിന്റേത്. ആ നാമധേയത്തില്‍ ഒരു പള്ളിയുണ്ട് മദീനയില്‍. ആദരവിന്റെ സ്മാരകം. തിരുനബിയുടെ അടുത്തേക്ക് പോകാന്‍ കാലുകള്‍ക്ക് ബഹുമാനം തടസ്സം നിന്നപ്പോള്‍ ഏറെയകലെ ഒരിടത്തിരുന്ന് സലാം പറഞ്ഞ് മടങ്ങി. അവിടെ പണി തീര്‍ത്ത പള്ളിയാണത്. തീര്‍ഥാടകര്‍ക്ക് അവിടെയുമുണ്ട് വലിയ പാഠങ്ങള്‍. മുത്ത് നബിയുടെ പാദം പതിഞ്ഞ മണ്ണില്‍ വാഹനത്തിന്റെ കുളമ്പടി പതിയാതിരിക്കാന്‍ പഥികനായ ഇമാമു ദാറുല്‍ ഹിജ്‌റയുടെ പാഠവും അത് തന്നെയാണ്.
ഉഹ്ദ്, സ്വര്‍ഗാവകാശിയായ പര്‍വതം. പ്രണയത്തിന്റെ പ്രഭാവം പ്രതിഫലിക്കാന്‍ ആത്മാവ് പോലും ആവശ്യമില്ലെന്ന് അടയാളപ്പെടുത്തി മദീനയുടെ അതിരു കാക്കുന്ന സ്മൃതി സ്തൂപം. ഉമ്മു അമ്മാറ(റ)യുടെ പ്രണയവും അനസ് ബ്‌നു നള്‌റിന്റെ അര്‍പ്പണവും ഹംസത്തോരുടെ രക്തസാക്ഷിത്വവും മാത്രമല്ല ഹിന്ദും വഹ്ശിയും സ്വന്തമാക്കിയ കാരുണ്യവും ആ പര്‍വതത്തോളം ഉയര്‍ന്നു നില്‍ക്കുന്നു.
മദീനയില്‍ നിന്ന് മടങ്ങുമ്പോള്‍ പ്രണയമല്ലാതെ ആരും ഒന്നും കൂടെ കൊണ്ടുപോകാറില്ല. അജ്‌വയുടെ കുരുവിനപ്പുറം ഒന്നുമവര്‍ക്ക് സൂക്ഷിക്കാനുമാകില്ല. എന്നാല്‍ അനുരാഗത്തിന്റെ ഈ നഗരത്തെ ആവിഷ്‌കരിക്കാന്‍ അനുരാഗികള്‍ക്ക് ഒന്നുമേ ആവശ്യമില്ല എന്നതാണ് ഈ നഗരത്തിന്റെ സൗന്ദര്യം.