Travelogue
മദീന വിളിക്കുന്നു
വസന്തത്തിന്റെ ആരവങ്ങളെല്ലാം ഒഴിഞ്ഞു. തരീമിൽ തണുപ്പ് കുറഞ്ഞുവന്നിട്ടുണ്ട്. ചൂടിലേക്ക് കാലെടുത്തു വെക്കുന്നതിന് മുമ്പുള്ള നല്ല കാലാവസ്ഥയാണിപ്പോൾ. ക്യാമ്പസിലെ സാധാരണ ദിനരാത്രങ്ങൾ ഓരോന്നായി കടന്ന് പോകുന്നു. ഒരു വർഷത്തെ കോഴ്‌സ് പൂർത്തിയായാൽ നാട്ടിലേക്ക് പോകേണ്ടി വരുമല്ലോ എന്ന ആധി മാത്രമേ മനസ്സിലുള്ളൂ. മടക്കയാത്രയെക്കുറിച്ച് ഓർക്കാനേ കഴിയുന്നില്ല. അത്രമേൽ തരീമും ദാറുൽ മുസ്ത്വഫയും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുന്നു.
പ്രവാചക പ്രകീർത്തനങ്ങളുടെ ഈരടികൾ കൊണ്ട് മുഖരിതമായിരുന്ന ഒന്നാം വസന്തം (റബീഉൽ അവ്വൽ) വളരെ ആവേശത്തോടെയാണ് കടന്നുപോയത്. എവിടെയും അനുരാഗികളുടെ ആനന്ദവും ആവേശവും കാണാമായിരുന്നു. എന്നാൽ, ഹളർമൗത്തിലെ രണ്ട് മഹത്തുക്കളുടെ ദീപ്ത സ്മരണകൾ അയവിറക്കുന്ന മാസമാണ് റബീഉൽ ആഖിർ. വിപുലമായി നടക്കുന്ന രണ്ട് ഉറൂസുകൾ. ഒന്ന്, ഹിജ്‌റ 1272ൽ വഫാത്തായ ഹളർമൗത്തിലെ സൂഫി കവിയും പ്രഗത്ഭ പണ്ഡിതനുമായ ഹബീബ് അബ്ദുല്ല ബിൻ ഹുസൈൻ ബിൻ ത്വാഹിർ തങ്ങളുടെതാണ്. തരീമിൽ നിന്നും പതിമൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ മുസീല പ്രവിശ്യയിലെ ഈ മഖാമിലെത്താം. മക്കയിലെ മുഫ്തിയായിരുന്ന മുഹമ്മദ് ബിൻ ഹുസൈൻ അൽ ഹബ്ശിയടക്കം അനേകം ശിഷ്യസമ്പത്തുള്ള അദ്ദേഹം ഹളർമൗത്തിലെ ജനസ്വാധീനമുള്ള പ്രബോധകനായിരുന്നു. നിമിഷക്കവിയായിരുന്ന അദ്ദേഹത്തിന്റെതായി “മജ്മൂഅ’ എന്ന കവിതാ സമാഹാരമുണ്ട്. മിഫ്താഹുൽ ഇഅറാബ്, സലമുത്തൗഫീഖ് എന്നീ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഹളർമൗത്തിലെ ജ്ഞാനികളിൽ അക്കാലത്ത് ഏറെ പ്രസിദ്ധനായിരുന്ന അദ്ദേഹത്തിന്റെ ആത്മീയ ജീവിതം വളരെ അത്ഭുതകരമായിരുന്നുവെന്ന് ശിഷ്യന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. രാത്രി നിസ്‌കാരങ്ങളിൽ (ഖിയാമുല്ലൈൽ) മാത്രം ഖുർആനിലെ പത്ത് ജുസ്ഉം ളുഹാ നിസ്‌കാരത്തിൽ എട്ട് ജുസ്ഉം അദ്ദേഹം ഓതി പൂർത്തിയാക്കാറുണ്ട്. അദ്ദേഹം വിടവാങ്ങിയ റബീഉൽ ആഖിർ പതിനേഴിനാണ് അവിടെ ഉറൂസ് നടക്കാറുള്ളത്. ദാറുൽ മുസ്ത്വഫയിലെ വിദ്യാർഥികൾക്കും ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരമുണ്ടാകാറുണ്ട്.
ഹിജ്‌റ 1333ൽ വഫാത്തായ സൈഊനിലെ ഹബീബ് അലി ബിൻ മുഹമ്മദ് അൽ ഹബ്ശിയുടെ ഉറൂസ് റബീഉൽ ആഖിർ ഇരുപതിനാണ്. സൈഊൻ നഗരത്തിന് നടുവിലാണ് അദ്ദേഹത്തിന്റെ മഖ്ബറ. ബാ അലവി സയ്യിദ് വംശത്തിൽ ആദ്യമായി തിരുനബി(സ)യുടെ മൗലിദ് രചിച്ചയാൾ എന്ന ഖ്യാതി നേടിയ മഹാനാണ് ഹബീബ് ഹബ്ശി. “സംത്വുദ്ദുറർ’ എന്നാണതിന്റെ പേര്. കൂടാതെ, വ്യത്യസ്ത വിഷയങ്ങളിൽ പത്തിലധികം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയാണ് ഇവിടുത്തെ ഉറൂസ്. സമാപന ദിവസത്തിൽ രാത്രി നടന്ന മഹാസംഗമത്തിൽ ഞങ്ങൾക്കും പങ്കെടുക്കാൻ അവസരം ലഭിച്ചു.
വസന്തത്തിന്റെ ആരവങ്ങളെല്ലാം ഒഴിഞ്ഞു. തരീമിൽ തണുപ്പ് കുറഞ്ഞുവന്നിട്ടുണ്ട്. ചൂടിലേക്ക് കാലെടുത്തു വെക്കുന്നതിന് മുമ്പുള്ള നല്ല കാലാവസ്ഥയാണിപ്പോൾ. ക്യാമ്പസിലെ സാധാരണ ദിനരാത്രങ്ങൾ ഓരോന്നായി കടന്നുപോകുന്നു. ഒരു വർഷത്തെ കോഴ്‌സ് പൂർത്തിയായാൽ നാട്ടിലേക്ക് പോകേണ്ടി വരുമല്ലോ എന്ന ആധി മാത്രമേ മനസ്സിലുള്ളൂ. മടക്കയാത്രയെക്കുറിച്ച് ഓർക്കാനേ കഴിയുന്നില്ല. അത്രമേൽ തരീമും ദാറുൽ മുസ്ത്വഫയും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുന്നു. അതിനിടയിലാണ് ക്യാമ്പസിൽ നിന്നും പഠനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കുന്നവരടക്കം തരീമിലെ ഒരു സംഘം ആളുകൾ ഉംറ ചെയ്യാൻ മക്കയിലേക്ക് പുറപ്പെടുന്നുണ്ട് എന്ന വിവരം ഞങ്ങളെ തേടിയെത്തിയത്. പോകാനാഗ്രഹമുണ്ട്. പക്ഷേ, ഓഫീസിൽ നിന്നും അനുമതി ലഭിക്കുമോ എന്ന ആശങ്കയാണുള്ളത്.
ഞങ്ങൾ ആദ്യം ഹബീബ് ഉമർ തങ്ങളെ കണ്ടു വിഷയമവതരിപ്പിച്ചു. എല്ലാം എളുപ്പത്തിൽ സാധിച്ചു. ഹബീബിന്റെ അനുമതി ഓഫീസിൽ അറിയിച്ചു. സമ്മതമായി. മനസ്സിൽ ഇത്രമേൽ ആനന്ദം അലതല്ലിയ ഒരു നിമിഷം ജീവിതത്തിലുണ്ടായിട്ടില്ല. നല്ലൊരവസരമാണ് വീണ് കിട്ടിയിരിക്കുന്നത്. ബസ് മാർഗം യമൻ സഊദി അതിർത്തി കടന്ന് യാത്ര ചെയ്യുന്നത് കൊണ്ട് നാട്ടിൽ നിന്നും ഉംറക്ക് പോകുന്നതിനെ അപേക്ഷിച്ച് വളരെ ചെറിയ ചെലവ് മാത്രമേ ഈ യാത്രക്ക് വരികയുള്ളൂ. വാദി ഐദീദിലെ “വകാലതു തൈസീറാത്’ എന്ന ട്രാവൽ ഏജൻസിയാണ് യാത്രക്കുള്ള രേഖകൾ ശരിയാക്കുന്നത്. ക്യാമ്പസിൽ വിദേശികളുടെ പാസ്‌പോർട്ടുകൾ സൂക്ഷിക്കുന്ന ഓഫീസിലെത്തി പാസ്‌പോർട്ടുകൾ വാങ്ങി. അവ ട്രാവൽ ഏജൻസി ഓഫീസിൽ നൽകി വിസയടിച്ച് വരാനായി ഞങ്ങൾ കാത്തിരുന്നു.
മനസ്സ് നിറയെ മക്കയും മദീനയുമാണിപ്പോൾ. ചിത്രങ്ങളിൽ മാത്രം കണ്ട് പരിചയമുള്ള രണ്ട് ഗേഹങ്ങൾ ആദ്യമായി നേരിൽ കാണാൻ അവസരമൊരുക്കിയ അല്ലാഹുവിന് സ്തുതി.! കാത്തിരിപ്പിന്റെ ദിവസങ്ങളൊക്കെയും ഓരോ ചിന്തകൾ മനസ്സിൽ മിന്നിമറയുന്നു. ഉംറക്ക് ഇഹ്‌റാം ചെയ്യുന്നത്. മക്കയിൽ പ്രവേശിക്കുന്നത്. വർഷങ്ങളായി തിരിഞ്ഞ് നിന്ന് നിസ്‌കരിച്ച, കഅബാലയം നേരിൽ കാണുന്നത്. അതിന് ചുറ്റും ത്വവാഫ് ചെയ്യുന്നത്. ഇബ്‌റാഹീം മഖാമിന്റെ പിന്നിൽ നിന്നും നിസ്‌കരിക്കുന്നത്. കഅബയുടെ ഒരു മൂലയിലിരിക്കുന്ന ഹജറുൽ അസ്്വദ് മുത്തുന്നത്. ഹാജറ ബീവിയുടെ സ്മരണകളുറങ്ങുന്ന മസ്അയിലൂടെ നടക്കുന്നത്. കുഞ്ഞു ഇസ്മാഈലിന്റെ കാൽപാദത്തിനിടയിൽ നിന്നും ഉറവ പൊട്ടിയ സംസം വെള്ളം കുടിക്കുന്നത്… അങ്ങനെ പല പല ചിന്തകൾ. ഒഴിവ് സമയങ്ങൾ ഞങ്ങൾ ലൈബ്രറിയിൽ പോയിരിക്കും. ഇമാം ഗസ്സാലി (റ)ന്റെ ഇഹ്്യാ ഉലൂമുദ്ദീനിലെ ഹജ്ജ് ഉംറ, തിരുനബി(സ)യുടെ റൗള ശരീഫ് സിയാറത്ത് തുടങ്ങിയവ പരാമർശിക്കുന്ന ഭാഗങ്ങൾ വായിക്കാൻ തുടങ്ങി. കൂടാതെ കർമശാസ്ത്ര ഗ്രന്ഥങ്ങളിലും ആ ഭാഗങ്ങളെല്ലാം വിശദമായി നോക്കി.
ഒരാഴ്ചക്കകം, ഗ്രൂപ്പിലുള്ള യമനികളുടെ വിസകൾ മാത്രം അടിച്ചുവന്നു. എട്ട് മലയാളികളടക്കം പതിനെട്ട് വിദേശികളുടെത് എംബസിയിൽ എന്തോ പ്രശ്‌നം പറഞ്ഞ് തടഞ്ഞുവെച്ചിരിക്കുന്നു. വിവരമറിഞ്ഞതോടെ എല്ലാവരുടെയും മനസ്സിൽ മ്ലാനത പടർന്നു. ആവേശത്തിരയടങ്ങി. രണ്ട് ദിവസം കൂടി കാത്തിരിക്കുമെന്നും അപ്പോഴേക്ക് വിസയടിച്ചാൽ കൂടെപ്പോകാമെന്നും, അല്ലെങ്കിൽ സ്വദേശികൾ മാത്രം യാത്ര പോകുമെന്നും ട്രാവൽ ഏജൻസി ഞങ്ങളെ അറിയിച്ചു. അതോടെ സ്വപ്നങ്ങൾക്ക് തിരശ്ശീല വീഴുമെന്ന ആധിയായി. രണ്ട് ദിവസങ്ങൾക്ക് ശേഷവും ഞങ്ങളുടെ യാത്രക്കുള്ള തടസ്സം നീങ്ങിയില്ല. കൂടെയുള്ള സ്വദേശികൾ മക്കയിലേക്ക് യാത്ര തിരിച്ചു. ഒരാഴ്ച പൂർത്തിയാകും മുമ്പ് തന്നെ ട്രാവൽ ഏജൻസിയുടെ അറിയിപ്പ് വീണ്ടും വന്നു. മക്കയിലെത്തിയ സംഘം രണ്ട് ദിവസത്തിന് ശേഷം മദീനയിലേക്ക് പോകും; ആ സമയത്തേക്ക് നിങ്ങളുടെ വിസയടിച്ചാൽ നിങ്ങൾക്ക് ആദ്യം മദീനയിലേക്ക് പോകാം. പിന്നെ മക്കയിൽ ചെന്ന് ഉംറ ചെയ്ത് മടങ്ങാം. യമനിൽ പ്രവർത്തിക്കുന്ന എംബസികളാണ്. അഭ്യന്തര പ്രശ്‌നങ്ങളും മറ്റുമായി ദിവസങ്ങളോളം അടഞ്ഞുകിടക്കും. എന്തും സംഭവിക്കാം. പ്രാർഥന മാത്രമേ പരിഹാരമുള്ളൂ. ഞങ്ങൾ ടാക്‌സി വിളിച്ച്, ഈനാത് പ്രവിശ്യയിലെ ശൈഖ് അബൂബക്കർ ബിൻ സാലിമി (റ)ന്റെ മഖാമിലെത്തി. താജുസ്വലാത്ത് ലോകത്തിന് സമ്മാനിച്ച ആ മഹാന്റെ സവിധത്തിൽ ഞങ്ങളുടെ സങ്കടം പറഞ്ഞ്, തവസ്സുൽ ചെയ്ത് പ്രാർഥിച്ചു. അന്ന് രാത്രി തന്നെ ഞങ്ങളുടെ വിസയും യാത്രാരേഖകളും ശരിയായിട്ടുണ്ടെന്ന് അറിയിപ്പ് വന്നു. അൽഹംദുലില്ലാഹ്… അതിരില്ലാത്ത സന്തോഷം ഞങ്ങളിൽ അണപൊട്ടിയൊഴുകി.
ആദ്യം മദീനയിലേക്കാണ് പോകുന്നത്. ചെറുപ്പകാലം മുതലേ പോകാൻ പൂതി വെച്ചയിടം. ഇശ്ഖിന്റെ കേന്ദ്ര ബിന്ദുവായ ആ പച്ച ഖുബ്ബ മനസ്സിൽ നിറഞ്ഞുവന്നു. മദീനയെ പ്രണയിച്ചവരുടെ അനേകം ചരിത്രങ്ങൾ ചിന്തകളിൽ മിന്നിമറഞ്ഞു. സയ്യിദുനാ അബൂബക്കർ (റ), ബിലാൽ (റ), ഖുബൈബ് (റ), ഇമാം ബൂസ്വൂരി, ഇമാം രിഫാഈ, ഉമർ ഖാളി, കുണ്ടൂർ ഉസ്താദ്.. അങ്ങനെ എത്ര പേരാണ് മദീനയുടെ മണ്ണിൽ നിന്നും ഇശ്ഖിൽ ലയിച്ച് വിസ്മയം തീർത്തത്..! ലോകപ്രശസ്ത പണ്ഡിതനും ഗ്രന്ഥകാരനുമായ യമനിലെ ഇമാം യാഫിഈ (റ) മദീനയുടെ അതിർത്തിയിൽ ചെന്ന് പതിനാല് ദിവസം തിരുനബി(സ)യുടെ സമ്മതത്തിനായി കാത്തിരുന്നതും. യമനിലെ ജീവിച്ചിരിക്കുന്നതും വഫാത്തായവരുമായ പത്ത് പേരെ സന്ദർശനം നടത്തി തിരിച്ചുവരാൻ തിരുനബി(സ) സ്വപ്നത്തിലൂടെ അദ്ദേഹത്തോട് നിർദേശിച്ചതും ശേഷം യമനിലേക്ക് തന്നെ മടങ്ങി സിയാറത്ത് കഴിഞ്ഞ് തിരിച്ചുപോയതും മദീനയിൽ പ്രവേശിക്കാൻ സമ്മതം നൽകിയതുമായ ചരിത്ര സംഭവം ഓർത്തുപോയി. ഇപ്പോൾ അതേ നാട്ടിൽ നിന്നും ഞങ്ങൾക്കും ആ പുണ്യഭൂമിയിലണയാൻ ഉതവി ലഭിച്ചിരിക്കുന്നു.!
യാത്രക്ക് ഒരുങ്ങാൻ ഇനി ഒറ്റ ദിവസം മാത്രമേ ബാക്കിയുള്ളൂ. തരീമിലെ സമ്പൽ മഖാമിൽ ചെന്ന് മുഴുവൻ മഹാന്മാരെയും സിയാറത്ത് ചെയ്തു. പോകുന്ന ദിവസം യാത്ര പറയാനായി ഞങ്ങൾ ഹബീബ് ഉമർ തങ്ങളെ ചെന്നു കണ്ടു. മദീനയിലേക്കാണ് ആദ്യം പോകുന്നതെന്ന് പറഞ്ഞപ്പോൾ സന്തോഷത്താൽ മുഖം തുടിച്ചു, പുഞ്ചിരി വിടർന്നു ഞങ്ങളോട് പറഞ്ഞു: “അൻതും മിൻ ദാരിൽ മുസ്ത്വഫ ഇലാ ദാരിൽ മുസ്ത്വഫ സ്വല്ലല്ലാഹു അലൈഹി വസല്ലം, അൻതും അഖ്‌റബു ഇലൽ മുസ്ത്വഫ സ്വല്ലല്ലാഹു അലൈഹി വസല്ലം’ അഥവാ, നിങ്ങൾ ദാറുൽ മുസ്ത്വഫയിൽ നിന്നും (മുസ്ത്വഫ (സ) യുടെ വീട് എന്നർഥം. ദാറുൽ മുസ്ത്വഫ എന്ന് ക്യാമ്പസിന് പേര് വെച്ചിരിക്കുന്നത് ഈ അർഥത്തിലാണ് ) മദീനയാകുന്ന തിരുനബി(സ)യുടെ വീട്ടിലേക്കാണ് പോകുന്നത്. പോകുന്ന വഴിയിലും മദീനയിൽ താമസിക്കുന്ന ദിനങ്ങളിലും ചൊല്ലാൻ വേണ്ടി സ്വലാതുന്നൂറിന്റെ ഇജാസത്തും തന്ന് സന്തോഷത്തോടെ ഞങ്ങളെ യാത്രയാക്കി.
മദീനയും മക്കയും അടക്കം മൂന്നാഴ്ചകൾ നീണ്ടു നിൽക്കുന്ന ഉംറ യാത്രക്ക് വേണ്ടി തരീമിൽ നിന്നും ജിദ്ദയിലേക്കുള്ള ബസ്സിൽ ഞങ്ങൾ യാത്ര തിരിച്ചു.