Connect with us

Kerala

മീം അവാർഡ് സച്ചിദാനന്ദന് സമ്മാനിച്ചു

"പ്രവാചകനും ഉറുമ്പും"എന്ന കവിതയ്ക്കാണ് അവാർഡ്

Published

|

Last Updated

നോളജ് സിറ്റി | മർക്കസ് നോളജ് സിറ്റിയിലെ വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ അഡ്വാൻസഡ് സയൻസസ് (വിറാസ് ) ഏർപ്പെടുത്തിയ രണ്ടാമത് അലിഫ്-മീം കവിത പുരസ്കാരം പ്രശസ്ത കവി സച്ചിദാനന്ദന് സമ്മാനിച്ചു. മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരിയും കെ. പി രാമനുണ്ണിയും ചേർന്നാണ് അവാർഡ് സമ്മാനിച്ചത്. ഡോ. ഉമറുൽ ഫാറൂഖ് സഖാഫി, അലി അബ്ദുറഹിമാൻകവി വീരാൻ കുട്ടി, റഹീം പൊന്നാട്, അഡ്വ. തൻവീർ ഉമർ എന്നിവർ അനുമോദന പ്രഭാഷണം നടത്തി.

“പ്രവാചകനും ഉറുമ്പും”എന്ന കവിതയ്ക്കാണ് അവാർഡ്. മുഹമ്മദ് നബി(സ്വ)യുടെ ബാല്യം, യൗവനം, സ്വഭാവ വൈശിഷ്ട്യങ്ങൾ, പലായനം, അധ്യാപനങ്ങൾ, വ്യക്തി ജീവിതം തുടങ്ങി വ്യത്യസ്ത മേഖലകളെ പ്രമേയമാക്കി എഴുതിയ കവിതകളിൽ നിന്ന് തെരഞ്ഞെടുത്ത മികച്ച കവിതക്കാണ് അവാർഡ് നൽകുന്നത്. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സഹജീവിതത്തിന്റെ പ്രാധാന്യം വളരെ വളരേ വർഷങ്ങൾക്ക് മുമ്പ് തിരിച്ചറിഞ്ഞവരാണ് പ്രവാചകർ. ആ മഹാ സാഹോദര്യത്തെയാണ് നാം ആഘോഷിക്കേണ്ടതെന്നും പ്രവാചക സന്ദേശങ്ങളുടെ സത്തയെ ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക് സംവേദനം ചെയ്യുകയാണ് മീമെന്നും അവാർഡ് ദാന ചടങ്ങിൽ കവി സച്ചിദാനന്ദൻ പറഞ്ഞു.

ഒക്ടോബർ 22,23 എന്നീ ദിവസങ്ങളിലായി നടത്തപ്പെടുന്ന കവിയരങ്ങിൽ നൂറ് യുവ കവികൾ കവിതകൾ അവതരിപ്പിക്കും.

Latest