Connect with us

Kerala

കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തെ കാണും; നിമിഷപ്രിയയുടെ മാതാവ് യെമനിലേക്ക്

യെമനില്‍ ബിസിനസ് ചെയ്യുന്ന സാമുവല്‍ ജെറോമും ഒപ്പമുണ്ടാകും.

Published

|

Last Updated

കൊച്ചി | വധശിക്ഷ വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ കാണാന്‍ മാതാവ് പ്രേമകുമാരി ശനിയാഴ്ച യാത്ര തിരിക്കും. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായുള്ള ചര്‍ച്ചക്കായാണ് യാത്ര. യെമനില്‍ ബിസിനസ് ചെയ്യുന്ന സാമുവല്‍ ജെറോമും ഒപ്പമുണ്ടാകും. യെമനില്‍ 30 വര്‍ഷത്തിലേറെയായി ചെയ്തുവരുന്നയാളാണ് തമിഴ്‌നാട് സ്വദേശിയായ ജെറോം.

യെമനിലേക്ക് പോകാന്‍ അനുമതി തേടി പ്രേമകുമാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്വന്തം ഉത്തരവാദിത്വത്തില്‍ അവിടേക്ക് പോകാനുള്ള അനുവാദം തേടിയാണ് ഹരജി നല്‍കിയത്.

ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കോടതി വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദേശം കൊടുത്തിരുന്നു. എന്നാല്‍ പോകുന്നതിന് സഹായം ചെയ്യാന്‍ കഴിയില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഇതേ തുടര്‍ന്നാണ് സ്വന്തമായി പോകാമെന്ന് പ്രേമകുമാരി അറിയിച്ചത്. കോടതി ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു.

കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച ചര്‍ച്ച നടത്താനായാണ് പ്രേമകുമാരി പോകുന്നതെന്ന് പ്രേമകുമാരിയുടെ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ വെളിപ്പെടുത്തി.

പ്രതീക്ഷയോടെ പ്രേമകുമാരി
മകളെ സുരക്ഷിതമായി നാട്ടില്‍ തിരിച്ചെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ നിമിഷപ്രിയയുടെ മാതാവ് പ്രേമകുമാരി. 11 വര്‍ഷമായി മകളെ കാണാന്‍ കാത്തിരിക്കുന്നതായി അവര്‍ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെയും പൊതുപ്രവര്‍ത്തകരെയും നന്ദി അറിയിക്കുന്നതായും പ്രേമകുമാരി കൂട്ടിച്ചേര്‍ത്തു.