Connect with us

From the print

അന്‍വറുമായി കൂടിക്കാഴ്ച; കാരാട്ട് റസാഖിനെ മദ്്റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍സ്ഥാനത്ത് നിന്ന് ഒഴിവാക്കിയേക്കും

പി വി അന്‍വറിനെ റസാഖ് ഉപതിരഞ്ഞടുപ്പ് നടക്കുന്ന ചേലക്കരയില്‍ പോയി സന്ദര്‍ശിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തതാണ് എൽ ഡി എഫ് നേതൃത്വത്തെ ചൊടിപ്പിച്ചത്.

Published

|

Last Updated

കൊടുവള്ളി | മുന്‍ കൊടുവള്ളി എം എല്‍ എയും എൽ ഡി എഫ് സഹയാത്രികനുമായ കാരാട്ട്‌ റസാഖിനെ മദ്്റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്ന കാര്യം എല്‍ ഡി എഫിന്റെ സജീവ പരിഗണനയില്‍. റസാഖ് തുടരെ നടത്തുന്ന നീക്കങ്ങളും പ്രസ്താവനകളുമാണ് ഇടത് നേതാക്കളെ കടുത്ത നടപടി സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്. അവസാനമായി കഴിഞ്ഞ ദിവസം എല്‍ ഡി എഫുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപവത്കരിച്ച് പ്രവര്‍ത്തിച്ചു വരുന്ന നിലമ്പൂര്‍ എം എല്‍ എ. പി വി അന്‍വറിനെ റസാഖ് ഉപതിരഞ്ഞടുപ്പ് നടക്കുന്ന ചേലക്കരയില്‍ പോയി സന്ദര്‍ശിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തതാണ് എൽ ഡി എഫ് നേതൃത്വത്തെ ചൊടിപ്പിച്ചത്.

കൊടുവള്ളിയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വികസന സമിതി സംഘടിപ്പിച്ച മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരായ ധർണയുടെ ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം സി പി എം പ്രാദേശിക നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശം ഉന്നയിച്ചിരുന്നു.
ഇത് എല്‍ ഡി എഫ് അണികളിലും സി പി എം നേതൃത്വത്തിലും അദ്ദേഹത്തിനെതിരെ ശക്തമായ അമര്‍ഷത്തിന് ഇടയാക്കി. കൊടുവള്ളി സിറാജ് ഫ്ലൈ ഓവര്‍ കം അണ്ടര്‍ പാസ്സേജ് പദ്ധതി ഇല്ലാതാക്കാന്‍ സി പി എം പ്രാദേശിക നേതൃത്വം മുസ്്ലിം ലീഗ് നേതൃത്വവുമായി ഗൂഢാലോചന നടത്തിയെന്നും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി എം പ്രാദേശിക നേതൃത്വം തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.
പിന്നീട് രണ്ട് ദിവസത്തിന് ശേഷം ഒരു സ്വകാര്യ ടി വി ചാനലിന് നല്‍കിയ അഭിമുഖത്തിലും സി പി എം പ്രാദേശിക നേതൃത്വത്തിനെതിരെയും മന്ത്രി റിയാസിനെതിരെയും ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. അതേസമയം, തനിക്ക് മുഖ്യമന്ത്രിയോടും സി പി എം സംസ്ഥാന, ജില്ലാ നേതൃത്വത്തോടും ബഹുമാനമെന്ന് റസാഖ് വിശദീകരിക്കുന്നു. മദ്്റസാധ്യാപക ക്ഷേമനിധി ബോര്‍ഡ്‌ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാന്‍ നിർദേശം നല്‍കിയതായി വാര്‍ത്തയുണ്ടെങ്കിലും തന്നോട് രാജിവെക്കാന്‍ ആരും പറഞ്ഞിട്ടില്ലെന്നും ആവശ്യമെങ്കില്‍ അവര്‍ക്ക് തന്നെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാമെന്നുമാണ്‌ റസാഖ് സിറാജിനോട് പ്രതികരിച്ചത്.

എല്‍ ഡി എഫ് എന്ത് നടപടി സ്വീകരിച്ചാലും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് മരണം വരെയും എല്‍ ഡി എഫ് സഹയാത്രികനായി തുടരാനാണ് ആഗ്രഹം. കൊടുവള്ളി അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി രണ്ടാം പിണറായി സര്‍ക്കാര്‍ 54 കോടി രൂപ ചെലവില്‍ കൊണ്ടുവന്ന സിറാജ് ഫ്ലൈ ഓവര്‍ പദ്ധതി നഷ്ടപ്പെട്ടതിൽ മനോവിഷമമുണ്ട്. അങ്ങാടിയുടെ മുഖഛായ മാറ്റുന്ന പ്രസ്തുത പദ്ധതി തിരി കെ കൊണ്ടുവരാന്‍ എല്‍ ഡി എഫ് സര്‍ക്കാർ മുന്‍കൈയെടുക്കണം. താന്‍ ജനങ്ങളുടെ പക്ഷത്ത് നിന്നാണ് സംസാരിക്കുന്നത്. തെറ്റുകള്‍ മനുഷ്യ സഹജമാണ്. അത് തിരുത്താന്‍ എല്‍ ഡി എഫ് തയ്യാറാകുമെന്നാണ് കരുതുന്നതെന്നും അങ്ങനെ വന്നാല്‍ എല്‍ ഡി എഫ് സഹയാത്രികനായി തുടരുമെന്നും റസാഖ് വ്യക്തമാക്കി.

സി പി എമ്മിന് ഒരാഴ്ച കൂടി സമയം നല്‍കും. അതിന് ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കും. അൻവറുമായി സൗഹൃദ കൂടിക്കാഴ്ച മാത്രമാണുണ്ടായതെന്നും അന്‍വര്‍ പറയുന്ന രാഷ്ട്രീയത്തെ പഠിക്കാനാണ് താന്‍ ചേലക്കരയിലെത്തിയതെന്നുമാണ് റസാഖ് പറയുന്നത്. പഠിച്ചതിന് ശേഷം അന്‍വറിന് പിന്തുണ നല്‍കുന്നതില്‍ തീരുമാനം എടുക്കുമെന്നും റസാഖ്‌ ചേലക്കരയില്‍ പറഞ്ഞിരുന്നു. അന്‍വറിന്റെ ഡി എം കെയിലേക്ക് പോകുന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

Latest