Kerala
ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ദുരൂഹം; എ ഡി ജി പിക്കെതിരായ റിപോര്‍ട്ട് സഭയില്‍ വച്ച് മുഖ്യമന്ത്രി
മാമി തിരോധാന കേസിലെ അന്വേഷണ മേല്‍നോട്ടത്തില്‍ അജിത് കുമാറിന് വീഴ്ചയുണ്ടായെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കി
തിരുവനന്തപുരം | എ ഡി ജി പി. എം ആര്‍ അജിത് കുമാര്‍ ആര്‍ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതു സംബന്ധിച്ച ഡി ജി പിയുടെ അന്വേഷണ റിപോര്‍ട്ട് മുഖ്യമന്ത്രി നിയമസഭയില്‍ വച്ചു. കൂടിക്കാഴ്ച ദുരൂഹമാണെന്ന് വ്യക്തമാക്കുന്ന റിപോര്‍ട്ടില്‍ സ്വകാര്യ സന്ദര്‍ശനമെന്ന എ ഡി ജി പിയുടെ വാദം തള്ളിയിട്ടുണ്ട്. കൂടിക്കാഴ്ച സര്‍വ്വീസ് നേട്ടങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ ചട്ടലംഘനമാണെന്നും റിപോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. മാമി തിരോധാന കേസിലെ അന്വേഷണ മേല്‍നോട്ടത്തില്‍ അജിത് കുമാറിന് വീഴ്ചയുണ്ടായെന്ന് പറയുന്ന റിപോര്‍ട്ടില്‍ പക്ഷെ, പി വി അന്‍വറിന്റെ മറ്റ് ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.
ഇടത് മുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണന്റെ സബ് മിഷനു മറുപടി പറയവേയാണ് മുഖ്യമന്ത്രി റിപോര്‍ട്ട് പരസ്യപ്പെടുത്തിയത്. ആര്‍ എസ് എസ് നേതാക്കളായ ദത്താത്രേയ ഹൊസബാളെയും രാം മാധവിനെയും കണ്ടത് സ്വകാര്യ സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമായാണെന്നാണ് എ ഡി ജി പിയുടെ വിശദീകരണം. എല്ലാ രാഷ്ട്രീയ നേതാക്കളെയും കാണുന്നതു പോലെ തന്നെയാണിതെന്നുമുള്ള അജിത്ത് കുമാറിന്റെ ന്യായീകരണവും റിപോര്‍ട്ട് തള്ളുന്നു. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യവാഹനത്തില്‍ പോയത് എന്തിനാണെന്ന സംശയവും റിപോര്‍ട്ടില്‍ ഉയര്‍ത്തിയിട്ടുണ്ട്.
കോഴിക്കോട് നടന്ന മാമി തിരോധാന കേസില്‍ മലപ്പുറം എസ് പിക്ക് കൈമാറിയത് അനുചിതമായെന്നു പറയുന്ന റിപോര്‍ട്ടില്‍ പക്ഷെ, പി ശശിക്കെതിരായ ആരോപണത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. അന്‍വറിന്റെ മറ്റ് ആരോപണങ്ങള്‍ കേട്ടുകേള്‍വിയുടെ മാത്രം അടിസ്ഥാനത്തിലുള്ളതും തെളിവില്ലാത്തതുമാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.